നീളൻ പുലിയും ഉണ്ടൻ കരടിയും ചങ്ങാതിമാരായിരുന്നു. രണ്ടുപേരുംകൂടി മുയലിനെയോ മാനിനെയോ പിടിച്ചാൽ യാതൊരു തർക്കവും ബഹളവുമില്ലാതെ അവർ പങ്കുവെച്ചു തിന്നുമായിരുന്നു. എന്നാൽ അതുനോക്കി ഉമിനീരിറക്കിയിരിക്കാറുളള കുണ്ടാമണ്ടിക്കുറുക്കന് അല്പം മാംസംപോലും അവർ കൊടുത്തിരുന്നില്ല. തീറ്റക്കുശേഷം ദൂരെയെറിയുന്ന എല്ലിലാണെങ്കിലോ ഒരു നുളളുമാംസം പോലുമുണ്ടാകില്ല. എല്ലു കടിച്ചുപൊട്ടിച്ച് പൊട്ടിച്ച് അവന്റെ പല്ലുകൾ പലതും അടർന്നുപോയിരുന്നു.
നീളനും ഉണ്ടനും വലിയൊരു മാനിനെ പിടികൂടി. അതിനെ കൊന്നുതിന്നുകൊണ്ടിരിക്കുമ്പോഴാണ് അതുവഴിവന്ന ചതിയൻ ചെന്നായ കൊതിപിടിച്ചിരിക്കുന്ന കുണ്ടാമണ്ടിയെ കണ്ടത്.
സൂത്രശാലിയായ കുറുക്കന്റെ നിസ്സഹായത കണ്ടപ്പോൾ ചെന്നായയ്‌ക്ക് ചിരിയാണു വന്നത്.
“ഇങ്ങനെ നോക്കിയിരുന്നാൽ മതിയോടാ കുണ്ടാമണ്ടി. നിന്റെ തലയിലെ കൗശലമൊക്കെ തീർന്നുപോയോ?”
ചതിയന്റെ ചോദ്യം കേട്ടാണ് കുണ്ടാമണ്ടി തിരിഞ്ഞുനോക്കിയത്.
“നിനക്ക് മാംസം തിന്നാൻ മോഹമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നതുപോലെ ചെയ്‌താൽ മതി.”
കാര്യം മനസ്സിലാകാതെ കണ്ടാമണ്ടി വായും പൊളിച്ചിരുന്നു.
ചെന്നായ് രണ്ടുമൂന്നു പ്രാവശ്യം ചാടുകയും ‘സിംഹം വരുന്നേ- പിന്നാലെ ആനച്ചാരുമുണ്ടേ..“ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടി.
ഇതുകണ്ടു നിന്ന കുറുക്കൻ കാര്യമറിയാതെ ’ഓടിക്കോ, ഓടിക്കോ‘ എന്നലറിക്കൊണ്ട് ചെന്നായയുടെ പിന്നാലെ ഓടി.
ചെന്നായും കുറുക്കനും ഓടുന്നതുകണ്ട് പരിഭ്രമിച്ച പുലിയും കരടിയും ലക്ഷ്യമില്ലാതെ ഓടിയോടി അടുത്തുകണ്ട പാറയിടുക്കിലിരുന്നു കിതച്ചു. ക്ഷീണം കൊണ്ട് അവർ അവിടെക്കിടന്ന് ഉറക്കവുമായി.
കുറെദൂരം ഓടിയപ്പോൾ ചെന്നായ് നിന്നു. പിന്നെ കുറെനേരം കഴിഞ്ഞാണ് കുറുക്കനെത്തിയത്. ചെന്നായ് കുറുക്കനേയും കൊണ്ട് തിരിച്ചോടി. അവിടെ പുലിയും കരടിയും തിന്നു പകുതിയാക്കിയ മാൻ കിടന്നിരുന്നു. ചെന്നപാടെ കുറുക്കൻ തീറ്റ ആരംഭിക്കാൻ തുനിഞ്ഞപ്പോൾ ചെന്നായ് ഒരടി കൊടുത്തിട്ടു പറഞ്ഞു.
”പഴയ സ്ഥാനത്തുപോയിരുന്നോ. ഞാൻ തിന്നുകഴിയട്ടെ. ബാക്കിയുണ്ടെങ്കിൽ അതു നിനക്കുതരാം. പോരെ?“
പേടിയോടെ കുറുക്കന് മനസ്സില്ലാമനസ്സോടെ പറയേണ്ടിവന്നു.
”അതുമതിയേ.“
ചതിയൻ ചെന്നായ മാനിറച്ചി തിന്നുന്നത് കൊതിയോടെ നോക്കിയിരുന്നപ്പോൾ കുണ്ടാമണ്ടിക്കുറുക്കനു തോന്നി, ഇവൻ എനിക്ക് എല്ലുപോലും തരുമെന്നു തോന്നുന്നില്ല. അവൻ മൂരിനിവർന്നെഴുന്നേറ്റു.
”പുലി വരുന്നേ… കരടി വരുന്നേ….“ എന്ന് ഉറക്കെ വിളിച്ചുകൂവികൊണ്ട് കുറുക്കൻ ഓടിപ്പോയി.
ചെന്നായ് തിന്നുന്നതിനിടയിൽ അതുകേട്ട് മനസ്സിൽ പറഞ്ഞു. ”നിന്റെ വേല കൈയിലിരിക്കട്ടെ. അത് എന്നോട് വേണ്ട.“
ചെന്നായ വീണ്ടും തിന്നുകൊണ്ടിരുന്നു. പെട്ടെന്നാണ് താൻ പറന്നുപോകുന്നതുപോലെ ചെന്നായയ്‌ക്ക് തോന്നിയത്. ആകാശത്തുനിന്ന് നോക്കുമ്പോൾ പുലിയും കരടിയും കുറുക്കനും താഴെ നില്‌ക്കുന്നതു കണ്ടു. പാറപ്പുറത്തു കാൽകുത്തി വീണ ചെന്നായുടെ കാലൊടിഞ്ഞു. അവൻ ഞൊണ്ടിഞ്ഞൊണ്ടി തിരിഞ്ഞു നോക്കാതെ നടന്നു.
ബാക്കി കിടന്ന മാൻമാംസം തിന്നാൻ പുലിയും കരടിയും തയ്യാറെടുത്തപ്പോൾ കുറുക്കൻ ഓർമ്മിപ്പിച്ചു.
”ഇത് ചെന്നായ തിന്ന എച്ചിലാണ്. അതു തിന്നുന്നത് വീരന്മാർക്ക് ചേർന്നതല്ല.“
കുറുക്കൻ പറഞ്ഞത് ശരിയാണെന്ന് നീളനും ഉണ്ടനും തോന്നി. അവർ സ്ഥലം വിട്ടപ്പോൾ കുറുക്കൻ സന്തോഷത്തോടെ തീറ്റ ആരംഭിച്ചു.
Generated from archived content: kattukatha_oct27.html Author: rajan_moothakunnamorg