പണ്ട് നീണ്ടൂർ ഗ്രാമത്തിൽ രണ്ട് മീൻപിടിത്തക്കാരുണ്ടായിരുന്നു. നീലാണ്ടനും കുഞ്ഞാണ്ടനും.
കടലിൽ പോയി മീൻ പിടിച്ച് മാലിപ്പുറം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു രണ്ടുപേരുടേയും ജോലി.
നീലാണ്ടൻ പാവമായിരുന്നു. അയാൾ മീൻ മിതമായ വിലയ്‌ക്കേ വിറ്റിരുന്നുളളു. പക്ഷേ, കുഞ്ഞാണ്ടൻ അങ്ങനെ ആയിരുന്നില്ല. ദുഷ്‌ടനും ദുരാഗ്രഹിയുമായ കുഞ്ഞാണ്ടൻ മീൻ വാങ്ങുന്നവരോട് അക്രമവിലയാണ് വാങ്ങിയിരുന്നത്.
ഒരുദിവസം പതിവുപോലെ നീലാണ്ടൻ കടലിൽ മീൻ പിടിക്കാൻ പോയി. ഭാഗ്യത്തിന് ഒരു മുട്ടൻ കടലാമയാണ് അയാളുടെ വലയിൽ പെട്ടത്. ‘ഇന്ന് ഇതിനെ വിറ്റ് കൈനിറയെ കാശുണ്ടാക്കണം’ അയാൾ മനസ്സിൽ കരുതി.
നീലാണ്ടൻ ആമയെ കയറുകൊണ്ട് കെട്ടി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ തൊഴുകൈയോടെ ആമ അപേക്ഷിച്ചുഃ
“അയ്യോ ചങ്ങാതീ, എന്നെ കൊല്ലരുതേ!” ഇതു കേട്ടപ്പോൾ അയാൾക്ക് ആമയോട് ദയ തോന്നി. അയാൾ പറഞ്ഞുഃ
“ഇല്ല, നിന്നെ ഒരിക്കലും ഞാൻ കൊല്ലുകയില്ല.” ആമയെ കടലിൽ വിട്ടുകൊണ്ട് അയാൾ പോകാനൊരുങ്ങി.
“ചങ്ങാതീ, നിൽക്കണേ!” ആമ വിളിച്ചപ്പോൾ നീലാണ്ടൻ നിന്നു.
“എന്റെ കൈയിലുളള കുടുക്ക താങ്കൾ എടുത്തോളൂ. അതു നിറയെ സ്വർണ്ണനാണയങ്ങളാണ്.” ആമ പറഞ്ഞു.
നീലാണ്ടൻ കുടുക്ക തുറന്നുനോക്കി. അതു നിറയെ സ്വർണ്ണനാണയങ്ങളായിരുന്നു.
നീലാണ്ടൻ അതിവേഗം വീട്ടിലെത്തി. അയാൾ തന്റെ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.
നീലാണ്ടന്റെ ഭാര്യ കുഞ്ഞാണ്ടന്റെ ഭാര്യയോട് ഭർത്താവിന് സ്വർണ്ണനാണയങ്ങൾ കിട്ടിയ കാര്യം പറഞ്ഞു.
ഭാര്യ പറഞ്ഞ് വിവരങ്ങളെല്ലാം കുഞ്ഞാണ്ടനറിഞ്ഞു. ഉടനെ കുഞ്ഞാണ്ടൻ തന്റെ വലയുമെടുത്ത് കടലിലെത്തി. അയാളുടെ വലയിലും ആമയെ കണ്ടു. കുഞ്ഞാണ്ടൻ കടലോരത്തു കിടന്ന ഒരു മുട്ടൻ കരിങ്കല്ലെടുത്ത് ആമയുടെ പുറത്തിട്ടു.
“അയ്യോ ചങ്ങാതീ, എന്നെ കൊല്ലല്ലേ!” ആമ വേദനയോടെ അപേക്ഷിച്ചു.
“എങ്കിൽ എനിക്ക് സ്വർണ്ണനാണയങ്ങൾ താ.”
“ഇതാ ഒരു കുടുക്ക. ഇതിനകത്ത് ധാരാളം സ്വർണ്ണനാണയങ്ങളുണ്ട്. എടുത്തോളൂ!” കുഞ്ഞാണ്ടൻ കുടുക്ക നിറയെ സ്വർണ്ണനാണയങ്ങൾ കണ്ടു. പക്ഷേ, അതെടുക്കാൻ കുടുക്കയിലുണ്ടായിരുന്ന പാമ്പ് സമ്മതിച്ചില്ല. മാത്രമല്ല, പാമ്പ് അയാളെ കൈത്തണ്ടയിൽ ആഞ്ഞുകൊത്തുകയും ചെയ്‌തു. കുഞ്ഞാണ്ടൻ ഉറക്കെ കരഞ്ഞു. ഉടൻ തന്നെ അയാൾ മരിക്കുകയും ചെയ്‌തു.
Generated from archived content: unnikatha_dec3.html Author: puthenveli_sukumaran