ഒരിക്കൽ ഒരു കൃഷിക്കാരൻ ഒരു ന്യായാധിപന്റെ അടുത്തുചെന്ന് ഒരു സങ്കടം ബോധിപ്പിച്ചുഃ “ഏമാനേ, എന്റെയൊരു കാള അങ്ങയുടെ ഒരു പശുവിനെ കുത്തി പരിക്കേല്‌പിച്ചിരിക്കുന്നു. ഇതിന് ഞാനെന്തു നഷ്‌ടപരിഹാരമാണ് ചെയ്യേണ്ടത്?” അയാൾ വിനയപൂർവ്വം ചോദിച്ചു.
“നിങ്ങൾക്ക് ഒരു ചെറിയ ശിക്ഷയേ തരുന്നുളളു. എന്റെ പശുവിനേയും ഏറ്റവും നല്ല ഒരു കാളയേയും കൊണ്ടുവന്ന് എന്റെ തൊഴുത്തിൽ കെട്ടിയേക്കുക.” ന്യായാധിപൻ കല്‌പിച്ചു.
അതുകേട്ട് അമ്പരപ്പോടെ കൃഷിക്കാരൻ പറഞ്ഞുഃ “അങ്ങുന്നേ, ഞാൻ പറഞ്ഞത് അല്‌പം തെറ്റിപ്പോയി. അങ്ങയുടെ കാള എന്റെ പശുവിനെ കുത്തുകയാണുണ്ടായത്. അങ്ങയുടെ വിധി ഞാനും സമ്മതിക്കുന്നു. അതുകൊണ്ട് അങ്ങയുടെ തൊഴുത്തിലെ നല്ല കാളയെ എന്നെ ഏല്‌പിക്കാൻ ഉത്തരവായാലും.”
കൃഷിക്കാരൻ പറഞ്ഞതുകേട്ട് ന്യായാധിപൻ പറഞ്ഞുഃ
“കാര്യം അങ്ങനെയെങ്കിൽ വിധിന്യായത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഈ കേസിനെപ്പറ്റി നന്നായി അന്വേഷിച്ചിട്ടേ തീരുമാനം പറയാൻ നിർവ്വാഹമുളളു. നിങ്ങളാണ് കുറ്റക്കാരനെന്നു തെളിഞ്ഞാൽ നിങ്ങളെ കഠിനമായി ശിക്ഷിക്കുന്നതാണ്.”
ഇതുകേട്ട് ആ പാവപ്പെട്ട കൃഷിക്കാരൻ പറഞ്ഞുഃ “അങ്ങുന്നേ, ഇതെവിടത്തെ നിയമമാണ്. ആളും തരവും നോക്കിയാണോ വിധി കല്പിക്കുന്നത്? അപ്പോൾ പിന്നെ പാവങ്ങൾക്കെങ്ങനെ നീതികിട്ടും?”
Generated from archived content: unnikatha_dec10.html Author: puthenveli_sukumaran