പണ്ടൊരു കച്ചവടക്കാരൻ ഒരു കഴുതയെ വളർത്തിയിരുന്നു. അയാൾ ആ കഴുതയെ ജീവനു തുല്ല്യമാണ് സ്നേഹിച്ചിരുന്നത്. തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവനു കൊടുത്തിട്ടേ അയാൾ ഭക്ഷണം കഴിക്കുമായിരുന്നുളളു. യജമാനനുവേണ്ടി ഭാരമെല്ലാം ചുമന്നിരുന്നത് അവനാണ്.
ഒരുദിവസം യജമാനൻ കാഞ്ഞിരംകോട്ട് ചന്തയിൽനിന്ന് ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു. നല്ല ചുണയുളള ഒരു പട്ടിക്കുഞ്ഞ്!
പട്ടിക്കുഞ്ഞ് വീട്ടിലെത്തിയതോടെ യജമാനന് അവനോടായി കൂടുതൽ സ്നേഹം. അവനെ എന്നും അയാൾ രാവിലെ എണ്ണപുരട്ടി കുളിപ്പിക്കും. മടിയിലിരുത്തി തലോടുകയും ചുടുപാൽ കുടിപ്പിക്കുകയും ചെയ്യും.
കഴുത ഇതൊക്കെ അസൂയയോടെ നോക്കിനിൽക്കാറുണ്ട്. ഒരുദിവസം കഴുതയ്‌ക്കൊരു ബുദ്ധിതോന്നിഃ ‘താനും യജമാനനോട് അളവറ്റ സ്നേഹം പ്രകടിപ്പിക്കണം. അപ്പോൾ യജമാനൻ തന്നേയും മടിയിലിരുത്തി ലാളിക്കുകയും നല്ലഭക്ഷണം മതിയാവോളം തരികയും ചെയ്യും.’ കഴുത വിചാരിച്ചു.
പിറ്റേന്ന് വൈകുന്നേരം യജമാനൻ വീട്ടിൽ കയറിവരുന്ന സമയം നോക്കി കഴുത ഗേറ്റിനു മുന്നിൽ കാത്തുനിന്നു. പട്ടിക്കുഞ്ഞ് ഓടി വരുന്നതിനു മുമ്പ് അവൻ യജമാന്റെ അടുത്തേക്ക് വാലാട്ടിക്കൊണ്ട് ഓടിച്ചെന്നു. അവൻ യജമാനനെ നക്കുകയും ഉമ്മവയ്‌ക്കുകയും ചെയ്‌തു. കഴുതയുടെ പെരുമാറ്റം കണ്ട് യജമാനൻ അമ്പരന്നു. ‘ഇതെന്തു കൂത്ത്!
ഇങ്ങനെയൊന്നും ഇവൻ പെരുമാറിയിട്ടില്ലല്ലോ!’ അയാൾ അത്ഭുതപ്പെട്ടു.
അപ്പോഴേയ്‌ക്കും കഴുത മുൻകാലുകൾ പൊക്കി യജമാനന്റെ തോളിൽ വച്ചു. അയാൾക്ക് നന്നേ വേദനിച്ചു. അയാൾ ടപ്പേന്ന് പിന്നോട്ടുമാറി. ഒരു മുട്ടൻവടിയെടുത്ത് അവനെ നല്ലവണ്ണമൊന്നു പെരുമാറി. കഴുത നിലവിളിച്ചുകൊണ്ട് പുരയ്‌ക്കുചുറ്റും ഓടാൻ തുടങ്ങി.
വേദനകൊണ്ട് പുളഞ്ഞുകുത്തിയ കഴുതയ്‌ക്ക് ഒരു കാര്യം ബോദ്ധ്യമായിഃ താനൊരിക്കലും പട്ടിക്കുഞ്ഞിനെപ്പോലെ പെരുമാറാൻ പാടില്ലായിരുന്നു.
Generated from archived content: unni_kachavadakkaran.html Author: puthenveli_sukumaran