ഒരു ദിവസം പൊന്നൻമുയൽ ആഹാരം തേടി കാട്ടാറിന്റെ തീരത്തുളള കറുകക്കാട്ടിലേക്ക് പുറപ്പെട്ടു. തിരിച്ചുവന്നപ്പോൾ തന്റെ മാളം ചിണ്ടൻ കീരിയും കുടുംബവും കൈയടക്കിയിരിക്കുന്നതാണ് അവൻ കണ്ടത്.
“ഇതെന്തുകഥ! നീയെന്താ എന്റെ മാളം കൈയേറിയിരിക്കുന്നത്? വേഗം ഒഴിഞ്ഞുപൊയ്‌ക്കോ.” പൊന്നൻ പറഞ്ഞു.
“ഈ വീട് നീയുണ്ടാക്കിയതാണോ?” ചിണ്ടൻ ചോദിച്ചു.
“ഇതു നല്ല ചോദ്യം! ഇതെന്റെ അച്ഛനുണ്ടാക്കിയ വീടാ.”
“എനിക്ക് നിന്റെ അച്ഛനെയും അറിയില്ല, നിന്നെയും അറിയില്ല. ഞാൻ ഇതിലെ വരുമ്പോൾ ഈ മാളം ഒഴിഞ്ഞു കിടന്നിരുന്നു. അതുകൊണ്ടാ വീടും കൂടുമില്ലാത്ത ഞാനും ഭാര്യയും കുഞ്ഞുങ്ങളും ഇതിൽ കയറിപ്പറ്റിയത്.” ചിണ്ടൻ പറഞ്ഞു.
“നീ എന്തായീപ്പറയുന്നത്? ഇതെന്റെ അച്ഛനുണ്ടാക്കിയ വീടാ. ആഹാരംതേടി ഞാൻ പുറത്തുപോയിരുന്നതാ.”
“എങ്കിൽ തർക്കം തീർക്കാൻ നമുക്ക് കടുവവക്കീലിനെ വിളിക്കാം.” ചിണ്ടൻ നിർദ്ദേശിച്ചു.
ചിണ്ടൻ പറഞ്ഞത് പൊന്നന് സമ്മതമായി. രണ്ടുപേരും കടുവയുടെ ഗുഹയ്‌ക്കടുത്ത് എത്തിയപ്പോൾ കടുവ വെളിയിലിറങ്ങിവന്ന് കാര്യം തിരക്കി.
“ഞാൻ ആദ്യം പാർത്തിരുന്ന വീട് കൊടുങ്കാറ്റിൽ നശിച്ചുപോയി. തല ചായ്‌ക്കാനൊരിടം തേടി നടക്കുമ്പോഴാ ഒഴിഞ്ഞു കിടക്കുന്ന ഈ മാളം കണ്ടത്.” ചിണ്ടൻ വ്യക്തമാക്കി.
“നീ പറയുന്നതൊക്കെ ശരിതന്നെ! പക്ഷേ, ഉടമസ്ഥൻ വരുമ്പോൾ മാറിക്കൊടുക്കണ്ടേ?” കടുവ വലിയ ദേഷ്യഭാവത്തിൽ ചോദിച്ചു.
“ഈ മാളം ഇയാളുടേതാണെന്ന് എങ്ങനെ അറിയാം? എനിക്കാണ് ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുളളത്. അതുകൊണ്ട് ഞാനാ കൂടുതൽ ദയ അർഹിക്കുന്നത്.” ചിണ്ടൻ തൊണ്ടയിടർച്ചയോടെ പറഞ്ഞു.
“നീ വീട് കൈയേറിയത് ശരിയല്ല. തൽക്കാലം നീയും കുടുംബവും എന്റെ ഗുഹയിൽ പാർത്തോ. ഞാൻ മറ്റൊരിടത്തുപോയി താമസിക്കാം.” കടുവ പറഞ്ഞു.
നന്ദി പറയാൻ വാക്കുകിട്ടാതെ ചിണ്ടൻ പരുങ്ങി. കീരിയും കുടുംബവും ഉടനെ കടുവയുടെ ഗുഹയിൽ താമസമാക്കി. അപ്പോൾ പൊന്നനെ അടുത്തുവിളിച്ച് കടുവ ചോദിച്ചുഃ
“നിനക്കു സന്തോഷമായില്ലേ? ഇനി നിനക്കും എന്റെ വയറ്റിൽ സുഖമായി താമസിക്കാം.” കടുവ പൊന്നനെ വലിച്ചുകീറി തിന്നാൻ തുടങ്ങി.
“നീ ഭയപ്പെടേണ്ട. മടയ്‌ക്കകത്തുളള ചിണ്ടനും കുടുംബവും ഇപ്പോൾ എന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടേയും വയറ്റിലായിരിക്കും.” കടുവ പറഞ്ഞു.
Generated from archived content: story_kaduva.html Author: puthenveli_sukumaran