വേട്ടനായ്‌ക്കൾ അതിവേഗം കുറുക്കനെ പിൻതുടർന്നു. കുറുക്കനും അതിനേക്കാൾ വേഗത്തിലോടി.
‘നായ്‌ക്കൾ ഒരുപാടുണ്ടല്ലോ! അതുകൊണ്ട് ആക്രമണം മറ്റു ഭാഗങ്ങളിൽ നിന്നും ഉണ്ടായേക്കാം.’ കുറുക്കന്റെ ബുദ്ധിപ്രവർത്തിക്കാൻ കുടങ്ങി. ഉടനെ അവൻ വലിയ ഒരു കാരമുൾപ്പടർപ്പിനുളളിലേക്ക് നുഴഞ്ഞുകയറുകയും ചെയ്‌തു.
‘ആ നായ്‌ക്കൾ ഈ മുൾപടർപ്പിലൂടെ തീർച്ചയായും വരില്ല.’ കുറുക്കൻ വിചാരിച്ചു. അപ്പോഴേയ്‌ക്കും നീണ്ടുകൂർത്ത ഒരു കാരമുളള് അവന്റെ ഉളളം കാലിൽ തറഞ്ഞുകയറി.
‘ഇതെന്തുകഷ്‌ടം! പാപി ചെല്ലുന്നേടം പാതാളമെന്നുപറഞ്ഞതുപോലായല്ലോ.’ വേദനയോടെ കുറുക്കൻ പറഞ്ഞുഃ “എടോ, മുൾക്കാടേ! നീയെന്തു തെമ്മാടിത്തരമാണ് കാട്ടിയത്? ഞാൻ നിന്റെ സഹായം തേടിയല്ലേ ഇവിടെ വന്നത്? എന്നിട്ടും നീയെന്നെ കുത്തി നോവിക്കുകയാണല്ലോ!”
“അങ്ങനെ പറയാതെ കുറുക്കച്ചാരേ!” മുൾക്കാടു പറഞ്ഞുഃ “പേടിച്ചോടിയ നീ, പിൻകാലുകൾക്കിടയിൽ വാലും തിരുകി ഇങ്ങോട്ടു വലിഞ്ഞു കയറിയതല്ലേ? ഞാൻ ഇങ്ങോട്ടു നിന്നെ ക്ഷണിച്ചോ? എനിക്ക് മുളളുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലേ നീ വന്നത്? നീ നായ്‌ക്കളുടെ ദേഹത്ത് മുളളു തറയ്‌ക്കാൻ വേണ്ടിയല്ലേ ഇങ്ങോട്ടു വന്നത്? അതിന്റെ തിക്തഫലം നീ തന്നെ അനുഭവിക്കേണ്ടിവന്നു. നിന്റെ സ്വാർത്ഥതയാണ് ഈ കുഴപ്പത്തിനൊക്കെ കാരണം.”
മുൾക്കാടിന്റെ നീണ്ടപ്രസംഗം കേട്ടും വേട്ടനായ്‌ക്കൾ വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചും കുറുക്കൻ തന്റെ കാലിലെ മുറിപ്പാടിലെ രക്തം നക്കിത്തുടച്ചുകൊണ്ട് അവിടെ ഏറെ നേരം നിന്നു.
Generated from archived content: sep18_kattukadha.html Author: puthenveli_sukumaran