കൂലിപ്പണിക്കാരനായ കുഞ്ഞിക്കോരന്റെ ഭാര്യയാണ് കുഞ്ഞിക്കാളി. വലിയ വായാടിയാണ് അവൾ.
കുഞ്ഞിക്കോരന്റെ വീടിനടുത്ത് മഹാവഴക്കാളിയായ ഒരുത്തി താമസിക്കുന്നുണ്ട്. കഴുത്തിനു ചുറ്റും നാക്കുളള കൊച്ചുനാരായണി. തരം കിട്ടിയാൽ അവൾ കുഞ്ഞിക്കാളിയോട് വഴക്കിനു വരും. വായാടിയായ കുഞ്ഞിക്കാളിയുണ്ടോ വിട്ടുകൊടുക്കുന്നു? കൊച്ചുനാരായണി എന്തു പറഞ്ഞാലും ഉരുളയ്‌ക്കുപ്പേരിപോലെ അവൾ ഉത്തരം കൊടുക്കും. കുഞ്ഞിക്കോരൻ വല്ലാത്ത വിഷമത്തിലായി.
കൊച്ചുനാരായണിയുമായുളള കലഹം നിർത്തിക്കിട്ടാൻ എന്താണൊരു വഴി?
അങ്ങനെയിരിക്കേ, ആ നാട്ടിലൊരു മാന്ത്രികനായ സന്യാസി വന്നെത്തി. കുഞ്ഞിക്കോരനും ഭാര്യയും ഒരു ദിവസം സന്യാസിയെ സമീപിച്ചു. എന്നിട്ട് പറഞ്ഞുഃ
“സ്വാമീ, അയൽക്കാരിയുമായുളള വഴക്കുകാരണം ഞങ്ങൾക്ക് ജീവിക്കാൻ വയ്യ. അവിടന്ന് എന്തെങ്കിലുമൊരു പരിഹാരമുണ്ടാക്കിത്തന്ന് ഞങ്ങളെ രക്ഷിക്കണം.”
അപ്പോഴേയ്‌ക്കും കുഞ്ഞിക്കാളി ഇടയിൽ ചാടിവീണ് അയൽക്കാരിയുടെ കുറ്റങ്ങളും കുറവുകളും വാതോരാതെ പറയാൻ തുടങ്ങി.
“പേടിക്കേണ്ട… ഉടനെ പരിഹാരമുണ്ടാക്കിത്തരാം.” സന്യാസി പറഞ്ഞു.
സന്യാസി ഒരു കുടുക്കയിൽ കുറെ വെളളമെടുത്തു ജപിച്ചിട്ട് കുഞ്ഞിക്കാളിക്ക് കൊടുത്തു. എന്നിട്ടു പറഞ്ഞു.
“അയൽക്കാരി വഴക്കിനു വരുമ്പോൾ ഈ കുടുക്കയിലെ മാന്ത്രികജലം വായിൽ നിറയ്‌ക്കണം. പിന്നെ അവൾ പോയിക്കഴിഞ്ഞാലേ ഇത് തുപ്പിക്കളയാവു! അങ്ങനെ പത്തു ദിവസം ചെയ്‌താൽ പിന്നെ വഴക്കുണ്ടാവുകയില്ല!”
കുഞ്ഞിക്കോരനും ഭാര്യയും ആശ്വാസത്തോടെ വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസം അതിരാവിലെതന്നെ എന്തോ കാരണം പറഞ്ഞ്് കൊച്ചുനാരായണി കൊടുങ്കാറ്റുപോലെ ആയിരംനാവിട്ട് തെറിപാടി വഴക്കിനെത്തി. ഉടനെ കുഞ്ഞിക്കാളി സന്യാസി കൊടുത്ത മാന്ത്രികജലം വായിൽ നിറച്ച് ഒരൊറ്റ നിൽപ്പ്! അതോടെ അവൾക്കൊന്നും പറയാൻ കഴിയാതായി. വായിൽ നിറയെ വെളളമല്ലേ? കുഞ്ഞിക്കാളി മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോൾ കൊച്ചുനാരായണി നാവടക്കി വീട്ടിലേക്കു പോവുകയും ചെയ്‌തു.
ഇത് എന്നും പതിവായി. കൊച്ചുനാരായണി വഴക്കിനുവരും; കുഞ്ഞിക്കാളി വായിൽ നിറയെ മാന്ത്രികജലവുമായി മിണ്ടാതെ നിൽക്കും! അങ്ങനെ കൊച്ചുനാരായണിയുടെ വാശികുറഞ്ഞു. ഏതാനും നാൾ കഴിഞ്ഞപ്പോൾ കൊച്ചുനാരായണി വഴക്കിനു വരാതെയായി.
കുഞ്ഞിക്കോരനും ഭാര്യയും വീണ്ടും സന്യാസിയെ ചെന്നു കണ്ടു പറഞ്ഞു.
“കൊച്ചുനാരായണി വഴക്കൊക്കെ നിർത്തി. മാന്ത്രികജലത്തിന്റെ ശക്തി അപാരം തന്നെ!”
സന്യാസി പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞുഃ
“അത് സാധാരണവെളളമായിരുന്നു. വെളളം വായിൽ നിറച്ചതുകൊണ്ടാ കുഞ്ഞിക്കാളിക്ക് മിണ്ടാൻ കഴിയാതിരുന്നത്. വായാടിത്തത്തിൽ കുഞ്ഞിക്കാളിയും മോശക്കാരിയല്ലെന്ന് അന്നേ എനിക്കു മനസ്സിലായി. ഓരോ തവണയും കുഞ്ഞിക്കാളി തർക്കിക്കാൻ നിന്നതുകൊണ്ടാ കൊച്ചുനാരായണിക്ക് വാശികൂടിയത്. ഇവൾ മിണ്ടാതായപ്പോൾ അവളുടെ വഴക്കും തീർന്നു.”
Generated from archived content: manthrika_jalam.html Author: puthenveli_sukumaran
Click this button or press Ctrl+G to toggle between Malayalam and English