കാട്ടിലെ കാഴ്‌ചകൾ കാണാനിറങ്ങിയതാണ് കിട്ടൻ കീരി. നടന്നുനടന്ന് അവൻ കാട്ടാറിന്റെ കരയിലെത്തി. കുറെനേരം അവൻ കുളിർകാറ്റേറ്റ് ആറ്റരികിലെ ആൽചുവട്ടിലിരുന്നു. പെട്ടെന്നാണ് മറുകരയിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞത്. അക്കരെയുളള മലഞ്ചെരുവിൽ എലികൾ നിരനിരയായി ഓടിക്കളിക്കുന്നു. ‘എലിയിറച്ചി തിന്ന കാലം മറന്നു!’ കിട്ടൻ കൊതിയോടെ മനസ്സിലോർത്തു.
‘അക്കരെയുളള പൊന്തക്കാട്ടിൽ താമസിച്ചാൽ എലികളെ പിടിച്ചു തിന്നാൻ എളുപ്പമാണ്.’ അവന്റെ മനസ്സിൽ എലികളെ പിടിച്ചു തിന്നാനുളള ഒരു സൂത്രം തെളിഞ്ഞുവന്നു.
അടുത്തദിവസം കിട്ടൻ കാട്ടാറിന്റെ മറുകരയിലെത്തി. കുന്നിറമ്പത്ത് ഒരു മാളമുണ്ടാക്കി അവൻ താമസം തുടങ്ങി.
ദിവസവും മാളത്തിനടുത്തുളള പാറയ്‌ക്കുമുകളിൽ കയറിയിരുന്ന് ആകാശത്തേക്ക് നോക്കും, പിന്നെ ഒത്തിരിനേരം കണ്ണും പൂട്ടി പ്രാർത്ഥിക്കുന്ന മട്ടിലിരിക്കും. സന്ധ്യയാകുമ്പോൾ അവൻ തന്റെ മാളത്തിലേക്കു മടങ്ങും.
എന്നും പാറപ്പുറത്തിരുന്നു പ്രാർത്ഥിക്കുന്ന കിട്ടനെ കണ്ട് എലികൾക്ക് കൗതുകമായി. എലികളുടെ നേതാവ് ഒരു ദിവസം ധൈര്യത്തോടെ മുന്നോട്ടുവന്നു. എന്നിട്ട് ചോദിച്ചു.
“താങ്കൾ ആരാണ്? എന്തിനാ ദിവസേന പാറപ്പുറത്തുവന്നിരിക്കുന്നത്?”
“വത്സാ, നാം ചെയ്യുന്നത് എന്താണെന്ന് നിനക്കിതുവരെ മനസ്സിലായില്ലേ?” കിട്ടൻ പാതി തുറന്ന മിഴികളോടെ ചോദിച്ചു.
“ഇല്ല പ്രഭോ!”
“എന്നാൽ നാം പറഞ്ഞുതരാം. ശ്രദ്ധിച്ചുകേട്ടോളൂ! എല്ലാവരുടേയും നന്മയ്‌ക്കും ഐശ്വര്യത്തിനും വേണ്ടി നാം പ്രാർത്ഥിക്കുകയാണ്.”
കിട്ടന്റെ ഈ മറുപടി കേട്ട എലികളുടെ നേതാവ് കുന്നിൻ ചെരുവിലേക്കോടി. കിട്ടൻ പറഞ്ഞതെല്ലാം അവൻ മറ്റ് എലികളെ അറിയിച്ചു. അവർ കീരിയുടെ ദിവ്യത്വത്തെ വാനോളം പുകഴ്‌ത്തി. അടുത്തദിവസം മുതൽ എലികൾ അവനെ ആരാധിക്കാൻ തുടങ്ങി. “പ്രഭോ! അങ്ങ് ഈ പ്രദേശത്തു വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണം.” താണുതൊഴുതുകൊണ്ട് എലികളുടെ നേതാവ് പറഞ്ഞു.
“അങ്ങനെയാവാം. പക്ഷേ, ഒന്നുണ്ട്‌ഃ നാം അനുഗ്രഹിക്കുന്നതിനുമുമ്പ് എല്ലാവരും നമ്മുടെ ചുറ്റും കണ്ണടച്ചിരുന്നു പ്രാർത്ഥിക്കണം. എന്തു ശബ്‌ദം കേട്ടാലും കണ്ണുതുറക്കരുത്.”
ദിവ്യന്റെ വാക്കുകൾ അവർ അക്ഷരംപ്രതി അനുസരിച്ചു. അതിനിടയ്‌ക്ക് ഒരു അപശബ്‌ദം കേട്ടതുപോലെ എലികൾക്കു തോന്നി. എങ്കിലും ആരും കണ്ണു തുറന്നില്ല. അനുഗ്രഹം വാങ്ങിയശേഷം എല്ലാവരും പിരിഞ്ഞുപോയി.
കിട്ടൻകീരിയെ കണ്ടു വന്ദിക്കുന്നത് എലികളുടെ ഒരു പതിവായി. ഒരു മാസം കഴിഞ്ഞപ്പോൾ എലികളുടെ എണ്ണം കുറഞ്ഞുവരുന്നതായി അവരുടെ നേതാവിനു തോന്നി. നേതാവ് എലികളുടെ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. എന്നിട്ടുപറഞ്ഞുഃ
“നമ്മുടെ സുഹൃത്തുക്കളിൽ പലരേയും കാണാനില്ല. നാം ദിവ്യനെന്നു കരുതുന്നയാൾ നമ്മെ ചതിക്കുന്നുണ്ടെന്നൊരു സംശയം. അതുകൊണ്ട് നാം ഇതിനെപ്പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു.”
കിട്ടന്റെ മാളവും പരിസരവും എലികൾ പരിശോധിച്ചു. എല്ലുകളുടെ ഒരു കൂമ്പാരം അവർ കണ്ടു.
അടുത്തദിവസം കിട്ടൻ കുന്നിൻമുകളിലേക്കു കയറാൻ തുടങ്ങി. ചുറ്റിനും കാവലിരുന്ന എലികൾ ഒന്നടങ്കം കുന്നിൻമുകളിലെത്തി പാറ തളളി താഴേയ്‌ക്കിട്ടു. താഴോട്ടു നോക്കി കുന്നു കയറിക്കൊണ്ടിരുന്ന കിട്ടൻ പെട്ടെന്നാണ് പാറ തന്റെ നേർക്കുവരുന്നതു കണ്ടത്. ഒഴിഞ്ഞുമാറാൻ കഴിയുന്നതിനുമുമ്പ് എല്ലാം കഴിഞ്ഞു. അങ്ങനെ വ്യാജ ദിവ്യൻ അപ്രത്യക്ഷനായി.
Generated from archived content: kattukatha_oct22.html Author: puthenveli_sukumaran