നിലാവുളള ഒരു രാത്രിയിൽ ഒരു മൂങ്ങയുവാവ് ഇരതേടി കുറ്റിക്കാട്ടിലൂടെ അലയുകയായിരുന്നു. ഒരു തടാകത്തിന്റെ കരയിലുളള ഇലഞ്ഞിമരത്തിന്റെ ഉച്ചിയിലിരുന്നപ്പോൾ അവൻ തന്റെ മുഖം വെളളത്തിൽ പ്രതിബിംബിച്ചു കണ്ടു. അവന് തന്റെ സൗന്ദര്യത്തിൽ വലിയ മതിപ്പുതോന്നി.
പക്ഷിരാജാവായ ഗരുഡന് സുന്ദരികളായ മൂന്ന് പെൺമക്കളുണ്ടായിരുന്നു. അവരിൽ ഒരുത്തിയെ തനിക്ക് കല്യാണം കഴിക്കണമെന്ന് അവൻ നിശ്ചയിച്ചു.
വെട്ടം വീണപ്പോൾ മൂങ്ങ തന്റെ കൂട്ടുകാരനായ കണ്ണൻ കാക്കയെ ചെന്നു കണ്ടു. അയാളോട് തന്റെ ആഗ്രഹം അവൻ പറഞ്ഞുഃ
“കാക്കചേട്ടാ, എനിക്ക് ഗരുഡകുമാരിയെ കല്യാണം കഴിക്കാൻ അതിയായ ആശയുണ്ട്. ഇക്കാര്യത്തിൽ ചേട്ടൻ എന്നെ ഉളളഴിഞ്ഞ് സഹായിക്കണം.”
“അതിനെന്താ? നിനക്കുവേണ്ടി എന്തു ചെയ്‌വാനും ഞാൻ ഒരുക്കമാണ്.” കാക്ക വലിയ താല്പര്യത്തോടെ പറഞ്ഞു.
അടുത്തദിവസം അതിരാവിലെ കാക്ക ഗരുഡകുമാരികളെ തേടി പുറപ്പെട്ടു. ഒരു കൊടുങ്കാട്ടിലെത്തിയപ്പോൾ കാക്ക ഗരുഡകുമാരികളെ കണ്ടു. അവർക്കു ചുറ്റും വട്ടമിട്ടു പറക്കുകയാണ് ഗരുഡൻ. കാക്കയെ കണ്ടപ്പോൾ ഗരുഡൻ താഴോട്ടിറങ്ങിവന്ന് ഒരു വലിയ ആഞ്ഞിലിമരത്തിന്റെ കൊമ്പത്തിരുന്നു. കാക്ക തന്റെ ആഗമനോദ്ദേശ്യം ഗരുഡനെ അറിയിച്ചു. തന്റെ മകളെ ഒരു മൂങ്ങ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേട്ടപ്പോൾ ഗരുഡന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഗരുഡൻ തന്റെ വെറുപ്പ് പുറത്തു കാണിച്ചില്ല.
മൂങ്ങയെ അന്നു തന്നെ ഉച്ചയ്‌ക്കുശേഷം കൂട്ടികൊണ്ടുവന്ന് ഗരുഡകുമാരിയെകണ്ട് വിവാഹം നിശ്ചയിക്കാൻ ഗരുഡൻ കാക്കയോടു പറഞ്ഞു. കണ്ണൻകാക്ക ഈ സന്തോഷവാർത്ത മൂങ്ങയെ അറിയിച്ചു.
മൂങ്ങ തന്റെ തൂവലുകൾ നന്നായൊന്നു ചീകിമിനുക്കി. തടാകത്തിലെ വെളളത്തിൽ നോക്കി മുഖത്ത് പൗഡറും വാസനദ്രവ്യങ്ങളും പൂശി. കാക്കയോട് അവൻ പറഞ്ഞുഃ
“കാക്കച്ചേട്ടാ, താങ്കൾ എന്റെ കൂടെ വരണമെന്നില്ല. ഇനി ഗരുഡകുമാരിയുമായുളള കല്യാണം കഴിഞ്ഞിട്ടേ ഞാൻ തിരിച്ചുവരികയുളളൂ.”
മൂങ്ങ വലിയ ഗമയിൽ മേല്പോട്ടു പറന്നുപൊങ്ങി. മൂങ്ങയ്‌ക്കു പകൽ കണ്ണുകാണാൻ വയ്യല്ലോ! നട്ടുച്ചയായതിനാൽ അവന് കണ്ണ് തീരെ കാണാൻ പറ്റിയില്ല. ചുട്ടുപൊളളുന്ന വെയിലത്ത് കുറെനേരം പറന്നപ്പോൾ മൂങ്ങ വല്ലാതെ തളർന്നുപോയി. എങ്കിലും ഗരുഡകുമാരിയെ വിവാഹം കഴിക്കണമെന്ന മോഹം കൊണ്ട് ക്ഷീണവും ചൂടും കാഴ്‌ചക്കുറവുമൊന്നും അവന് തടസ്സമായില്ല.
മുകളിൽ ഗരുഡന്റെയും മക്കളുടെയും ശബ്‌ദം! അവർ മൂങ്ങയുടെ തളർന്ന ചിറകടികണ്ട് കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു. അവരുടെ പരിഹാസംകേട്ട് അവൻ അമ്പേ തളർന്നു. അവൻ ബോധമറ്റ് ഒരു കുറ്റിക്കാട്ടിൽ വീണു. സന്ധ്യയ്‌ക്കാണ് പിന്നെ അവന് ബോധം തിരിച്ചുകിട്ടിയത്. പിന്നീടൊരിക്കലും അവൻ ഗരുഡകുമാരിയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല.
Generated from archived content: kattukatha_nov21.html Author: puthenveli_sukumaran