പണ്ട് കുഞ്ഞിക്കേളൻ എന്ന കർഷകന്റ വീട്ടിൽ ഒരു തളളക്കോഴിയും ഒരു കോഴിക്കുഞ്ഞും പാർത്തിരുന്നു. കോഴിക്കുഞ്ഞ് മഹാവികൃതിയും താന്തോന്നിയും ആയിരുന്നു. അവൻ ഒരിക്കലും അമ്മയെ അനുസരിച്ചിരുന്നില്ല. അവൻ തന്നിഷ്‌ടം പോലെ കാട്ടിലും മേട്ടിലുമൊക്കെ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.
അങ്ങനെയിരിക്കേ, ഒരുദിവസം പാതിരാത്രിയായപ്പോൾ കോഴികുഞ്ഞ് തട്ടിപ്പിടഞ്ഞ് എണീറ്റു. എന്നിട്ട് അവൻ തളളക്കോഴിയോട് പറഞ്ഞുഃ
“അമ്മേ, അമ്മേ ഞാനൊന്നു കൂവാൻ പോവുകയാ. ഇപ്പോൾ കൂവിയാൽ യജമാനൻ നേരം വെളുത്തെന്നു വിചാരിച്ച് നമ്മെ തുറന്നുവിടും. ആ തക്കത്തിന് നമുക്ക് രക്ഷപ്പെടാം.”
“വേണ്ട മോനെ! എന്റെ പൊന്നുമോൻ വേണ്ടാത്തതിനൊന്നും പുറപ്പെടേണ്ട! ഈ നട്ടപ്പാതിരയ്‌ക്ക് കൂടുവിട്ട് പുറത്തിറങ്ങുന്നത് അപകടമാ.” തളള ഉപദേശിച്ചു.
കുറെ കഴിഞ്ഞപ്പോൾ തളളക്കോഴി കൂർക്കം വലിച്ച് ഉറങ്ങാൻ തുടങ്ങി.
“അമ്മ നല്ല ഉറക്കമാ! ഇപ്പോൾ കൂവിയാൽ അമ്മ അറിയില്ല.” കോഴിക്കുഞ്ഞ് വിചാരിച്ചു. അവൻ കൂടിന്റെ വശത്തേക്ക് തല നീട്ടിപ്പിടിച്ചുകൊണ്ട് ഒരു കൂവൽ! “കൊക്കരക്കോ….!” കോഴിയുടെ കൂവൽ ഉണർന്നു കിടന്നിരുന്ന കുഞ്ഞിക്കേളൻ കേട്ടു. നേരം വെളുത്തെന്നു കരുതി അയാൾ കോഴിക്കൂട് തുറന്നിട്ടു. പാവം തളളക്കോഴി! അവൾ ഇതൊന്നും അറിയാതെ അപ്പോഴും ഉറങ്ങുകയായിരുന്നു. കോഴിക്കുഞ്ഞ് കൂട്ടിൽ നിന്ന് അതിവേഗം പുറത്തേക്കു ചാടി. എന്നിട്ട് സന്തോഷത്തോടെ ഒരൊറ്റയോട്ടം! ‘ഹി…ഹി… ഇനി അമ്മയെ പേടിക്കേണ്ട.’ കോഴിക്കുഞ്ഞ് കരുതി.
പെട്ടെന്നാണ് അതു സംഭവിച്ചത്. പൊന്തക്കാട്ടിൽ മണം പിടിച്ചു നിന്നിരുന്ന ഒരു കളളക്കുറുക്കൻ കോഴിക്കുഞ്ഞിന്റെ നേരേ ചാടി വീണു. അവൻ ആ പാവത്തെ കപ്പിയെടുത്തുകൊണ്ട് കാട്ടിലേക്കോടി.
Generated from archived content: kattu_july25.html Author: puthenveli_sukumaran