തുപ്പനെലിയും കുട്ടനണ്ണാനും ഉറ്റസുഹൃത്തുക്കളും അയൽക്കാരുമായിരുന്നു. എങ്കിലും ഒറ്റയും ഇരട്ടയും പറഞ്ഞ് അവർ എപ്പോഴും വഴക്കുകൂടും.
ഒരുദിവസം തുപ്പനെലി എങ്ങു നിന്നോ മാന്തിയെടുത്ത മധുരക്കിഴങ്ങും കടിച്ചുപിടിച്ചുകൊണ്ട് തന്റെ മാളത്തിലേക്ക് വരികയായിരുന്നു. തേന്മാവിന്റെ ചില്ലകളിൽ ചാടിക്കളിച്ചു കൊണ്ടിരുന്ന കുട്ടനണ്ണാന് ഇതുകണ്ട് കൊതി സഹിക്കാൻ കഴിഞ്ഞില്ല. അവൻ അത്യാർത്തിയോടെ ചോദിച്ചുഃ
“എടാ തുപ്പാ, ഇതെവിടെന്ന് തരപ്പെടുത്തിയെടാ? ഇത്തിരി എനിക്കും താടാ!”
“എടാ പൊന്നുമോനേ, ഇതൊത്തിരിപാടുപെട്ട് കിട്ടിയതാ. ഇതിന്റെ ഒരുതരിപോലും നിനക്ക് തരത്തില്ല.” തുപ്പനെലി തീർത്തു പറഞ്ഞു
“എടാ മൂഷികപ്പരട്ടേ, നിന്നോട് മധുരക്കിഴങ്ങു ചോദിച്ച എന്നെ വേണം കുറ്റംപറയാൻ…. കണ്ടുമടുത്തവനോടും ഉണ്ടുമടുത്തവനോടും വേണം എന്തെങ്കിലുമൊക്കെ ചോദിക്കാൻ….!”
“ഓ… ഒത്തിരി കണ്ടും ഉണ്ടും മടുത്തൊരാള്! വല്ല പുഴുത്ത മാങ്ങയണ്ടിയോ മറ്റോ ചപ്പാതെ എന്നോട് വക്കാണത്തിന് വന്നിരിക്കുന്നോ! നിന്നെ ഞാൻ വെറുതെ വിടത്തില്ലാ പറഞ്ഞേക്കാം.”
തുപ്പനെലിയുടെ ഈ വെല്ലുവിളി കുട്ടനണ്ണാന് തീരെ പിടിച്ചില്ല. അവൻ താഴത്തേക്ക് ചാടിയിറങ്ങിയിട്ട് പറഞ്ഞുഃ
“എടാ പേടിത്തൊണ്ടാ, കാറ്റനങ്ങിയാൽ കാടുകയറുന്ന നീയാണോടാ എന്നെ വെല്ലുവിളിക്കുന്നത്? വലിയ വാചകമടിക്കാതെ മാളത്തിൽ കയറി ചുരണ്ടു കൂടി കിടക്കുന്നതാ നിനക്ക് നല്ലത്.”
ഇതുകേട്ട് തുപ്പനെലിക്ക് വാശിമൂത്തുഃ “വാടാ മാങ്ങാത്തൊലിയാ, നിന്നോട് ഒന്നേറ്റുമുട്ടിയിട്ടു തന്നെ ബാക്കി കാര്യം. നീയാരാടാ എന്നെ വിരട്ടാൻ? അമ്പടാ!”
പിന്നെ രണ്ടുപേരും തമ്മിൽ ഉന്തും തളളുമായി. അടിയോടടിയും കടിയോടുകടിയും ബഹളവുമായി. കശപിശ മൂത്തപ്പോൾ കശുമാവിന്റെ കൊമ്പത്തിരുന്ന കറുമ്പിക്കാക്ക ഉറക്കെ വിളിച്ചു പറഞ്ഞുഃ
“ഹേയ് ചങ്ങാതിമാരേ, കശപിശ നിർത്തുന്നതാ രണ്ടുപേർക്കും നല്ലത്. ദാ അപ്പുറത്തെ കൊന്നത്തെങ്ങിന്മേൽ ചെമ്പൻ പരുന്ത് ഇരിക്കുന്നുണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അവനെങ്ങാൻ കണ്ടുപോയാൽ നിങ്ങടെ കഥ തീർന്നതു തന്നെ!”
“അതെന്താ? നീ ഞങ്ങളെ പേടിപ്പിക്കയാണോ? എടാ, ഞങ്ങൾക്ക് ആരെയും പേടിയില്ല. ആരെതിർത്താലും ഞങ്ങൾ ചങ്കൂറ്റത്തോടെ നേരിടും.” രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.
തുപ്പനെലിയും കുട്ടനണ്ണാനും വീണ്ടും ഏറ്റുമുട്ടി. രണ്ടുപേരും മാറിമാറി പുറത്തു കയറിയിരുന്ന് തൊഴിക്കാൻ തുടങ്ങി. ഈ തക്കം നോക്കി ചെമ്പൻ പരുന്ത് ചാട്ടുളി പോലെ താഴോട്ടു പറന്നിറങ്ങി ഒരൊറ്റ റാഞ്ചൽ! ചെമ്പൻ അവരേയുംകൊണ്ട് അകലേക്കു പറന്നു.
Generated from archived content: kattile_kalaham.html Author: puthenveli_sukumaran