പൊക്കാളിപ്പാടത്തിന്റെ കരയിലുളള ഒരു മാളത്തിൽ മൂന്ന് എലികൾ താമസിച്ചിരുന്നു. മൂത്തയാൾ ചിണ്ടൻ. രണ്ടാമൻ മുണ്ടൻ. മൂന്നാമൻ കണ്ടൻ. ഒരിക്കൽ മൂന്ന് എലികളും കൂടി നാടു കാണാനിറങ്ങി. കുറെ ദൂരം ചെന്നപ്പോൾ വഴിയോരത്ത് ഒരു മധുരക്കിഴങ്ങ് കിടക്കുന്നത് അവർ കണ്ടു. ഹയ്യട! മൂന്നുപേരും മധുരക്കിഴങ്ങെടുക്കാൻ ഒരൊറ്റച്ചാട്ടം!
“ഇതെനിക്കുവേണം.” ചിണ്ടൻ പറഞ്ഞു.
“ഹും! നല്ല കാര്യമായിപ്പോയി. ഇതെന്റെ മധുരക്കിഴങ്ങാ! ഇത് ഞാനാർക്കും തരില്ല.” മുണ്ടൻ പറഞ്ഞു.
“ഞാനാ ഏറ്റവും ഇളയവൻ. അതുകൊണ്ട് ഇത് ഞാനാർക്കും തരില്ല.” കണ്ടൻ പറഞ്ഞു. പക്ഷേ, മൂന്നുപേരും മധുരക്കിഴങ്ങ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. മാത്രമല്ല, വാശിമൂത്ത് അവർ അന്യോന്യം മാന്താനും കടിക്കാനും തുടങ്ങി. എലികളുടെ ഒച്ചയും ബഹളവും കേട്ട് മൂവാണ്ടൻ മാവിന്റെ ചില്ലയിലിരുന്ന പൂവാലനണ്ണാൻ അവിടെയെത്തി.
“ചങ്ങാതിമാരേ, നിങ്ങളെന്തിനാ വഴക്കുകൂടുന്നത്?” പൂവാലനണ്ണാൻ ചോദിച്ചു. എലികൾ നടന്ന സംഗതി പൂവാലനോട് പറഞ്ഞു.
“ഇതിനാണോ നിങ്ങൾ വഴക്കിടുന്നത്? നിങ്ങളുടെ വഴക്കും തർക്കവും ഞാൻ തീർത്തു തരാം.” പൂവാലൻ പറഞ്ഞു.
പൂവാലൻ പറഞ്ഞതുകേട്ടപ്പോൾ മൂന്നുപേർക്കും സന്തോഷമായി.
“കൂട്ടുകാരേ, നിങ്ങളിലേറ്റവും മിടുക്കനാണ് ഈ മധുരക്കിഴങ്ങിന്റെ അവകാശി.”
“പക്ഷേ, ഏറ്റവും മിടുക്കനെ എങ്ങനെ കണ്ടു പിടിക്കും?” മൂന്നുപേരും ഒരേ സ്വരത്തിൽ ചോദിച്ചു.
“അത് ഞാൻ പറഞ്ഞുതരാം. ഈ പൊക്കാളിപ്പാടത്തിനുചുറ്റും മൂന്നുപേരും മൂന്നുവട്ടം ഓടണം. ഓട്ടത്തിൽ ജയിക്കുന്നയാൾക്ക് മധുരക്കിഴങ്ങ് സ്വന്തമാക്കാം.” പൂവാലൻ പറഞ്ഞു. പൂവാലൻ പറഞ്ഞത് മൂന്നുപേർക്കും സമ്മതമായി.
“എന്നാൽ ശരി. മത്സരം തുടങ്ങാം. വൺ… ടു… ത്രീ….” പൂവാലൻ പറഞ്ഞു. ഉടനെ മൂന്ന് എലികളും പൊക്കാളിപ്പാടത്തിനുചുറ്റും കുതിച്ചോടാൻ തുടങ്ങി. ഒടുവിൽ ഒപ്പത്തിനൊപ്പം ഓടിക്കിതച്ച് മൂന്നുപേരും പൂവാലൻ നിന്നസ്ഥലത്തെത്തി.
“ങേ! പൂവാലനെവിടെ?” ചിണ്ടൻ ചോദിച്ചു.
“ങേ! മധുരക്കിഴങ്ങെവിടെ?” മുണ്ടൻ ചോദിച്ചു.
മൂന്ന് എലികളും അണ്ണാനെതിരക്കി അങ്ങുമിങ്ങും ഓടാൻ തുടങ്ങി. പക്ഷേ, മധുരക്കിഴങ്ങും തട്ടിയെടുത്തുകൊണ്ട് പൂവാലൻ കുറ്റിക്കാട്ടിലെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു! ഒടുവിൽ മൂന്ന് എലികളും നിരാശയോടെ വന്നവഴിയെ തിരിച്ചുപോയി.
Generated from archived content: kattile_elikalum.html Author: puthenveli_sukumaran
Click this button or press Ctrl+G to toggle between Malayalam and English