“എന്റെ കുരങ്ങച്ചാ, ഞാനൊരു ഭാഗ്യം കെട്ടവനാ.” ഒരിക്കൽ കിട്ടൻകഴുത ചിങ്കൻകുരങ്ങിനോട് പരാതിപ്പെട്ടു.
“അതെന്താടോ കഴുതച്ചാരേ, തനിക്കിത്ര വലിയ നിർഭാഗ്യം?” ചിങ്കൻകുരങ്ങ് അത്യാകാംക്ഷയോടെ ചോദിച്ചു.
“അതോ, പറഞ്ഞുതരാം. എന്റെ ചെവിയാ ഇതിനൊക്കെ കാരണം.”
“അതെന്താടോ തന്റെ ചെവിക്കെന്തു പറ്റി?”
“കണ്ടില്ലേ, നീണ്ടുകൂർത്തിരിക്കുന്നത്? ഇതു കാണുമ്പോഴാ ആളുകളൊക്കെ ചിരിക്കുന്നത്. കാളയ്‌ക്കും പോത്തിനുമൊക്കെയുളളതുപോലെ എനിക്കും രണ്ടു കൊമ്പുണ്ടായിരുന്നെങ്കിൽ എനിയ്‌ക്കീ ഗതികേട് വരില്ലായിരുന്നു. എന്റെ കുരങ്ങച്ചാ, രണ്ടു കൊമ്പുകിട്ടാനെന്താമാർഗ്ഗം?”
“ഇതു നല്ല കഥ! ഉരലിന്റെ സങ്കടം മദ്ദളത്തോടോ?”
“അതെന്താ കുരങ്ങച്ചാ, താനങ്ങനെ പറഞ്ഞത്?”
“എടാ മണ്ടക്കഴുതേ, നീ ഇതൊന്നും കേട്ടിട്ടില്ലേ? ഉരലിന് ഉലക്കകൊണ്ട് ഒരു വശത്ത് ഇടി കൊണ്ടാൽ മതി. മദ്ദളത്തിന്റെ കാര്യം അതല്ല. രണ്ടുവശത്തും പൊതിരേ തല്ലുകൊളളണം. നിന്റെ ചെവികണ്ട് ആളുകൾ ചിരിക്കുന്നു. എന്റെ കൂർത്ത മുഖവും നീണ്ടുവളഞ്ഞ വായും കണ്ട് ചിരിക്കാത്തവർ ഈ ലോകത്തിലുണ്ടോ?
സിംഹത്തിന്റേതുപോലൊരു വാല് എനിക്ക് കിട്ടിയിരുന്നെങ്കിൽ.”
കഴുതയും കുരങ്ങും തമ്മിലുളള സംഭാഷണം ശ്രദ്ധിച്ചുകെട്ടുകൊണ്ട് അടുത്തുളള കാട്ടുചെമ്പകത്തിന്മേലിരുന്ന കറുമ്പികാക്ക പറഞ്ഞുഃ
“ചങ്ങാതിമാരേ, നിങ്ങൾ രണ്ടുപേരും പമ്പരവിഡ്‌ഢികളാ. ദൈവം കനിഞ്ഞുനൽകിയതുകൊണ്ട് നിങ്ങൾ തൃപ്തിപ്പെടുക. അതാണ് ബുദ്ധി. എടാ കഴുതേ, നീയാ മുറ്റത്തു നിൽക്കുന്ന പൂവൻകോഴിയെ കണ്ടോ? അവന്റെ ചെവി എത്രയോ ചെറുത്!
എടാ കുരങ്ങാ, നീയാ പട്ടിയുടെ വാലൊന്നു നോക്കൂ. അതെപ്പോഴും വളഞ്ഞുകൂടിയല്ലേ ഇരിക്കുന്നത്? എത്രകാലം കുഴയിൽ കിടന്നാലും അത് നിവരുകയില്ല. അതിനേക്കാൾ എത്രയോ നല്ലതാ നിന്റെ നീണ്ടവാല്! ഇനിയെങ്കിലും മറ്റുളളവരെനോക്കി അസൂയപ്പെടാതെ ഉളളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിച്ചുകൂടേ?”
Generated from archived content: asooya_nannalla.html Author: puthenveli_sukumaran