ഉയർച്ചയും താഴ്‌ചയും

അരക്കൊല്ല പരീക്ഷ കഴിഞ്ഞ്‌ സ്‌കൂൾ തുറന്ന ദിവസം. തങ്ങൾക്ക്‌ ലഭിച്ച മാർക്കറിയാൻ കുട്ടികൾക്ക്‌ ആകാംക്ഷ. ശാലിനി ടീച്ചർ സയൻസ്‌ പേപ്പർ കൊടുക്കുന്നതിനിടയിൽ വിളിച്ചു. “ചിഞ്ചു -സ്‌കോർ 42-ഡി ഗ്രേഡ്‌.” എല്ലാവരും ചിഞ്ചുവിന്റെ മുഖത്തേക്ക്‌ ആശ്ചര്യത്തോടെ നോക്കി. ചിഞ്ചു എഴുന്നേറ്റ്‌ വിഷാദമൂകയായി നിന്നു.

“എന്താ ചിഞ്ചൂ, നീ നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ. എന്നിട്ടും സയൻസിലെന്തേ മാർക്ക്‌ കുറഞ്ഞു?” ടീച്ചർ ചോദിച്ചിട്ടും ചിഞ്ചു മിണ്ടാതെ നിന്നതേയുളളൂ.

“എന്തുപറ്റി കുട്ടിക്ക്‌? എന്താ മിണ്ടാതെ നിൽക്കുന്നത്‌? കാര്യം പറയൂ.” അവളുടെ കണ്ണുകളിൽ വെളളം നിറഞ്ഞു.

“ടീച്ചർ, കഴിഞ്ഞ പരീക്ഷകളിലെ മാർക്ക്‌ അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ മാർക്ക്‌ ചിഞ്ചൂനായിരുന്നു. ക്ലാസ്‌ ടീച്ചർ സമ്മാനോം കൊടുത്തതാ!” ക്ലാസ്‌ ലീഡർ അഞ്ജു എഴുന്നേറ്റുനിന്നു പറഞ്ഞു.

“അപ്പോൾ വീട്ടിലും സ്‌കൂളിലും എല്ലാവരും വളരെ പ്രശംസിച്ചു കാണും. പ്രശംസ ചിലരിൽ അല്‌പം അഹങ്കാരവും അലസതയും ഉണ്ടാക്കും.” ടീച്ചർ ഇതു പറഞ്ഞപ്പോൾ ചിഞ്ചു അറിയാതെ ഞെട്ടി. ഇതെങ്ങനെ ടീച്ചർ അറിഞ്ഞു എന്നായിരുന്നു അവളുടെ വിചാരം.

“ശരിയാണ്‌ ടീച്ചറേ. കഴിഞ്ഞ തവണ എന്റെ മാർക്കറിഞ്ഞപ്പോൾ ചിഞ്ചു എന്നെ കളിയാക്കിയതാ.” അക്ഷരം കൂട്ടി വായിക്കാൻ എപ്പോഴും പ്രയാസപ്പെടുന്ന ശാരിമോൾക്ക്‌ പറയാനൊരവസരമായി. “അഹമ്മതി തന്ന്യാ!”

“പ്രശംസയിൽ മയങ്ങി ആരും പഠിപ്പ്‌ മറക്കാൻ പാടില്ല. ചിഞ്ചു ഇരിക്ക്‌. നല്ല കാര്യത്തിന്‌ പ്രശംസ കിട്ടിയാൽ തുടർന്നും നന്നാകാൻ ശ്രമിക്കണം. അല്ലാതെ അതിൽ അഹങ്കരിക്കരുത്‌. മറ്റുളളവരെ കളിയാക്കുകയുമരുത്‌. ഏതോ കാരണം കൊണ്ട്‌ ഇങ്ങനെ പറ്റിപ്പോയി. അത്‌ ചിന്തിച്ചിരിക്കാതെ ഇനി മടി കൂടാതെ പഠിച്ചാൽ ചിഞ്ചൂന്‌ നല്ല മാർക്ക്‌ നേടാനാകും. തീർച്ച.” ഇത്രയും പറഞ്ഞ്‌ ടീച്ചർ അടുത്ത പേര്‌ വിളിച്ചു. “വീണ-സ്‌കോർ 96-ഏ ഗ്രേഡ്‌!”

എല്ലാവരും അതിശയിച്ചു. വീണ സന്തോഷത്തോടെ എഴുന്നേറ്റു നിന്ന്‌ തന്റെ പേപ്പർ വാങ്ങി. ടീച്ചറും അവളെ കൗതുകത്തോടെ നോക്കി. പൊക്കം കുറഞ്ഞ്‌ കറുത്ത്‌ തടിച്ചവളാണ്‌ വീണ. പല കുട്ടികളും അവളെ ‘കരിവീണ’ എന്ന്‌ വിളിക്കാറുണ്ട്‌.

“വീണ സയൻസിൽ നല്ല മാർക്ക്‌ നേടിയിട്ടുണ്ടല്ലോ. മറ്റുവിഷയങ്ങളിലും നല്ല മാർക്ക്‌ കിട്ടുമോ?” ടീച്ചർ ചോദിച്ചു.

“നന്നായി എഴുതീട്ടുണ്ട്‌ ടീച്ചർ. ഇത്രയും മാർക്ക്‌ കിട്ടുമോയെന്നറിഞ്ഞുകൂടാ.”

“സന്തോഷം വീണേ! എല്ലാ വിഷയത്തിനും നല്ല മാർക്ക്‌ കിട്ടട്ടെ. പ്രശംസയിൽ മയങ്ങി പഠിപ്പിൽ ഒട്ടും പിന്നോക്കം പോകരുത്‌ട്ടോ.”

“ഈ കരിവീണ കോപ്പിയടിച്ചിട്ടുണ്ടാവും! അല്ലാതെങ്ങനെയാ ഇത്രേം മാർക്ക്‌!” പിൻബെഞ്ചിലിരുന്ന വിനിത പറഞ്ഞത്‌ ടീച്ചറും ശ്രദ്ധിച്ചു. എല്ലാവരും അവളേയും ടീച്ചറേയും നോക്കി.

“എന്താ വിനിത പറഞ്ഞത്‌! ഒരാളുടെ നിറവും രൂപവും കണ്ട്‌ പേര്‌ വിളിക്കുകയാണെങ്കിൽ ചടച്ചു മെലിഞ്ഞിരിക്കുന്ന കുട്ടിയെ ‘മുളന്തോട്ടീ’യെന്നോ മറ്റോ വിളിക്കേണ്ടി വരില്ലേ?” ടീച്ചർ.

കുട്ടികളെല്ലാം ഇതുകേട്ട്‌ ചിരിച്ചു. കാരണം വിനിതയെ ചില കുട്ടികൾ ‘തോട്ടീ’ന്ന്‌ വിളിക്കാറുണ്ടായിരുന്നു.

ടീച്ചർ തുടർന്നു. “പരിശ്രമിച്ചാൽ ആർക്കും മുന്നോട്ട്‌ വരാനാകും. വീണയ്‌ക്ക്‌ നല്ല ബുദ്ധിയുണ്ട്‌. പഠിച്ചിട്ട്‌ വരാനാകില്ലേ? പിന്നെന്തിനാ ആ കുട്ടിയുടെ ഉയർച്ചയിൽ കുറ്റം കണ്ടെത്തുന്നത്‌!”

“ടീച്ചർ, കഴിഞ്ഞ പരീക്ഷയിൽ വീണയ്‌ക്ക്‌ മാർക്ക്‌ കുറവായിരുന്നതുകൊണ്ട്‌ ഞാനങ്ങനെ പറഞ്ഞുപോയതാണ്‌.” വിനിത തെറ്റു സമ്മതിച്ചു.

“അങ്ങനെയെങ്കിൽ, ചിഞ്ചുവിന്റെ കൂടിയ മാർക്ക്‌ എങ്ങനെ കുറഞ്ഞുപോയി എന്നുമറിഞ്ഞില്ലേ! അതുപോലെ വീണയുടെ മാർക്ക്‌ കൂടാനും കാരണം കാണും. ഇല്ലേ വീണേ?”

“ഉണ്ട്‌ ടീച്ചറേ. കറുത്ത്‌ പൊക്കം കുറഞ്ഞവളായതുകൊണ്ട്‌ പല കുട്ടികളും എന്നെ ‘കരിവീണ’ ‘കുളളി വീണ’ എന്നൊക്കെ വിളിക്കും. എന്നെ അത്‌ വല്ലാതെ വേദനിപ്പിച്ചിരുന്നു.” മുഖം തുടച്ചുകൊണ്ട്‌ വീണ തുടർന്നു. “ഒരുദിവസം കരഞ്ഞുകൊണ്ട്‌ വഴിയിലൂടെ പോകുന്ന എന്നെ ഒരപ്പൂപ്പൻ കണ്ടു. കാര്യമറിഞ്ഞ അദ്ദേഹം എന്റെ പുറത്ത്‌ തലോടിക്കൊണ്ട്‌ പറഞ്ഞു.”

“മോളെന്തിനാ ഇക്കാര്യത്തിൽ വിഷമിക്കുന്നത്‌! ഭഗവാൻ ശ്രീകൃഷ്‌ണന്‌ കറുത്ത നിറമായിരുന്നില്ലേ? ബുദ്ധിയില്ലാത്തവരേ കറുപ്പിനെ കുറ്റം പറയൂ! കുയിൽ കറുത്തതല്ലേ? എത്ര മനോഹരമാണതിന്റെ ശബ്‌ദം! ആളുകൾ അതിന്റെ നിറത്തെയല്ല, ശബ്‌ദത്തെയല്ലേ പുകഴ്‌ത്തുന്നത്‌? പൊക്കം കുറവായിരുന്നു ലാൽ ബഹദൂർ ശാസ്‌ത്രിക്ക്‌. നമ്മുടെ പ്രധാനമന്ത്രിയായില്ലേ അദ്ദേഹം? പൊക്കം കുറവായാലും നിറം കറുപ്പായാലും മറ്റുളളവർ പുകഴ്‌ത്തുന്ന കഴിവുകളെ നീ വളർത്തിയെടുക്കണം. ആ കഴിവുകളുടെ മുന്നിൽ ഈ കുറവുകൾ ഒന്നുമല്ലാതാവും.”

“അതെന്തു കഴിവ്‌? ആകാംക്ഷയോടെ ഞാൻ ചോദിച്ചു.”

“നന്നായി പഠിക്കാനുളള കഴിവ്‌! സ്‌നേഹത്തോടും മര്യാദയോടും കൂടി പെരുമാറാനുളള കഴിവ്‌! ചുണയായി പഠിച്ച്‌ നല്ല മാർക്ക്‌ നേടുകയും കളിയാക്കുന്നവരോട്‌ പോലും വെറുപ്പോ വിദ്വേഷമോ കൂടാതെ പെരുമാറുകയും ചെയ്‌താൽ എല്ലാവരും പ്രശംസിക്കും. നോക്കിക്കോ!”

“അപ്പൂപ്പന്റെ വാക്കുകൾ ഞാൻ അനുസരിച്ചു. മറ്റുളളവരുടെ പരിഹാസം ശ്രദ്ധിക്കാതെ നന്നായി പഠിച്ചു. ഇപ്പോൾ നല്ല മാർക്ക്‌ കിട്ടി. എനിക്ക്‌ സന്തോഷമായി.” ഇത്രയും പറഞ്ഞ്‌ വീണ തന്റെ സ്ഥാനത്തിരുന്നു.

കുട്ടികളെല്ലാവരും സ്‌നേഹത്തോടെ അവളെ നോക്കി. സന്തോഷംകൊണ്ട്‌ ചിലർ അറിയാതെ കൈയടിച്ചു.

“ഇപ്പോൾ വീണ ‘സ്വർണ്ണ വീണ’യായിരിക്കുന്നു!” ക്ലാസ്‌ ലീഡർ എഴുന്നേറ്റു നിന്നു പറഞ്ഞു.

“അഞ്ഞ്‌ജു പറഞ്ഞത്‌ വളരെ ശരിയാണ്‌. കുറവുകളില്ലാത്ത മനുഷ്യരില്ല. അതിനെച്ചൊല്ലി പരിഹസിക്കുന്നത്‌ അറിവില്ലായ്‌മയാണ്‌. എല്ലാം തികഞ്ഞിട്ടുളളവൻ ഈശ്വരൻ മാത്രമാണ്‌. കുറവുകളിൽ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാനുളള മനസ്സാണ്‌ നമുക്ക്‌ വേണ്ടത്‌. അതേസമയം പ്രശംസയിൽ മയങ്ങിപ്പോകാനും പാടില്ല. ചിഞ്ചുവിന്റെയും വീണയുടെയും അനുഭവങ്ങൾ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ.” ടീച്ചർ മറ്റു കുട്ടികളുടെ ഉത്തരക്കടലാസുകൾ വിതരണം ചെയ്യാൻ തുടങ്ങി.

Generated from archived content: unnikatha_june25_05.html Author: poovai_amudan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English