സമയം പാതിരയോടടുത്തു. നിവർത്തിവെച്ച പുസ്‌തകത്തിനു മുമ്പിലിരുന്ന് ഉറക്കം തൂങ്ങിപ്പോയ സാജേഷ് പാടുപെട്ട് കണ്ണുകൾ തുറന്നു. അവൻ വീണ്ടും വായിക്കാനാരംഭിച്ചു. നാളെ പരീക്ഷ തുടങ്ങുകയാണ്. ആ വിചാരം അവനെ അലോസരപ്പെടുത്തി. ഉറക്കം അവന്റെ കണ്ണുകളിൽനിന്ന് വിട്ടുമാറാൻ മടിച്ചു.
പുസ്‌തകത്തിലെ അക്ഷരങ്ങളിൽ കണ്ണുകൾ പരതുമ്പോഴും അവന്റെ ചിന്തകൾ അലയുകയായിരുന്നു. ‘മണ്ടനജേഷ്’ എന്നുപറഞ്ഞ് കളിയാക്കാറുണ്ടായിരുന്ന പിൻബെഞ്ചിലെ അജേഷ് പോലും ഇത്തവണ ജയിക്കുമെന്നുറപ്പ്! മുൻ ബെഞ്ചിലിരിക്കുന്ന തന്റെ കാര്യമോ? ഒരുറപ്പുമില്ല.
ഒരിക്കൽ അജേഷിനെ താനും പരസ്യമായി കളിയാക്കി. അനന്തൻ മാഷ് അത് കേട്ടുകൊണ്ടാണ് വന്നത്. അജേഷിനെ അത് കൂടുതൽ വിഷമിപ്പിച്ചു.
“മറ്റൊരാളെ ഇങ്ങനെ കളിയാക്കരുത്. അജേഷ് നിങ്ങൾ കരുതുംപോലെ മണ്ടനൊന്നുമല്ല. ഇന്ന് പേരുകേട്ട പലരും പഠിക്കുന്ന കാലത്ത് അത്ര മിടുക്കരൊന്നുമായിരുന്നില്ല!” അജേഷിന്റെ തോളിൽത്തട്ടി മാഷ് വീണ്ടും പറഞ്ഞു. “നോക്കൂ അജേഷ്! ഇവർ പറയുന്നതൊന്നും നീ കാര്യമാക്കേണ്ട. നീ അക്ഷരമറിയാത്തവനൊന്നുമല്ലല്ലോ. കൂടുതൽ സമയം വായിക്കാൻ ശ്രമിച്ചാൽ നീ നന്നായി പഠിക്കും!”
അനന്തൻ മാഷ് ഞങ്ങളോടായി പറഞ്ഞുഃ“ഇനി മുതൽ അജേഷ് നന്നായി പഠിക്കും. നല്ല മാർക്ക് നേടും. നിങ്ങൾ കൂട്ടുകാർ അതിശയിക്കുന്ന മാർക്ക്!” തനിക്കതിനാകുമോ എന്ന മട്ടിൽ അജേഷ് മാഷിന്റെ മുഖത്തേക്ക് നോക്കി. തങ്ങൾ അന്ന് കരുതിയത് അവനെ പിരികേറ്റാനോ കളിയാക്കാനോ ആണ് മാഷ് അങ്ങനെ പറഞ്ഞതെന്നാണ്.
പക്ഷെ, ദിവസംതോറും അജേഷിൽ മാറ്റം കണ്ടു തുടങ്ങി. പിൻബെഞ്ചിലായിരുന്നെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരംപറയാനും ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് നേടാനും കുട്ടികളൊത്തു ചെയ്യേണ്ടുന്ന കാര്യങ്ങളിൽ മുന്നിട്ടുനിന്ന് പ്രവർത്തിക്കുവാനും അജേഷിന് കഴിഞ്ഞു. എന്നാൽ സാജേഷാകട്ടെ അല്‌പം ഉഴപ്പി. അന്നന്നത്തെ പാഠങ്ങൾ പഠിക്കാതെ ഒഴിവുദിവസങ്ങളിലേക്കവ മാറ്റിവെച്ചു. ഒഴിവ് ദിനങ്ങളിലാകട്ടെ ക്രിക്കറ്റ് കളിക്കാനും ടി.വി. കാണാനും മാത്രമായിരുന്നു അവന് സമയം. പരീക്ഷയ്‌ക്ക് ഇനിയും മാസങ്ങൾ കിടക്കുന്നു!
ചില ദിവസം അവൻ ക്ലാസിൽ കയറാതെ സിനിമയ്‌ക്ക് പോകാനും തുടങ്ങി. അതിനിടയിലാണ് അലഞ്ഞു നടക്കുന്ന കുറെ പിളേളരുമൊത്ത് മൈതാനത്ത് അവൻ പട്ടം പറത്താൻ തുടങ്ങിയത്. സ്‌കൂളിൽ മുടങ്ങുന്നത് പതിവായി. അരക്കൊല്ല പരീക്ഷ മുഴുവൻ എഴുതിയില്ല. അവസാന പരീക്ഷയ്‌ക്ക് എഴുതാമെന്ന വിചാരമായിരുന്നു. പ്രോഗ്രസ് റിപ്പോർട്ട് വീട്ടിൽ കാണിച്ചില്ല! പല പ്രാവശ്യം അച്‌ഛൻ ചോദിച്ചപ്പോൾ മുട്ടുന്യായങ്ങൾ പറഞ്ഞൊഴിഞ്ഞു.
ഒരു ദിവസം അനന്തൻമാഷ് സാജേഷിന്റെ അച്‌ഛനെ കാണാനിടയായി. പഠിപ്പിൽ തീരെ ശ്രദ്ധയില്ലെന്നും ക്ലാസ്സിലെ ഹാജർ കുറവാണെന്നും പ്രോഗ്രസ് കാർഡിൽ എഴുതിയിട്ട് ഒരു വ്യത്യാസവുമില്ലല്ലോയെന്ന് മാഷ് പറഞ്ഞപ്പോഴാണ് അച്‌ഛൻ വിവരമറിയുന്നത്. വീട്ടിൽ കാണിക്കാതെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടതും ചീത്ത കൂട്ടുകെട്ടിൽ ഉൾപ്പെട്ട് നടന്നതും വലിയ തെറ്റായിപ്പോയെന്ന് അവൻ മനസ്സിലാക്കാൻ വളരെ വൈകിപ്പോയിരുന്നു!
പുകവലി ശീലമാക്കിയിരുന്ന കൂട്ടുകാർ ഒരുദിവസം അവനെ പുകവലിക്കാൻ നിർബന്ധിച്ചു. പുകവലിക്കുന്നത് ആരോഗ്യത്തിന് അപകടമാണെന്ന് അച്‌ഛൻ പറഞ്ഞ് അവനറിയാം. അവൻ വഴങ്ങിയില്ല. അന്ന് അച്‌ഛന്റെ സ്‌നേഹിതൻ വന്നുപെട്ടതുകൊണ്ടാണ് അവർക്കിടയിൽ നിന്ന് രക്ഷപ്പെടാനായത്.
“സ്‌കൂളിൽ പോകാതെ ഇവരോടൊപ്പം നടന്നാൽ ബീഡിവലി പഠിക്കാനേ പറ്റൂ. പശുക്കുട്ടി പന്നിയോട് ചേർന്നാൽ ചേറിൽ വീഴാനേ തോന്നൂ!” അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ സാജേഷ് കരഞ്ഞുപോയി. അദ്ദേഹം സമാധാനിപ്പിച്ചുഃ “ചീത്തയാളുകളുമായി കൂട്ടുകൂടിയാൽ നല്ലവരേ നശിക്കൂ. ഒരാൾ മാത്രം വിചാരിച്ചാൽ അവരെ നന്നാക്കാനുമാവില്ല. അതിനാൽ നീ സ്‌കൂളിൽ പോകണം!”
അവരുമായി അങ്ങനെയുളള കൂട്ട് വെടിഞ്ഞു. എന്തു ഫലം! പട്ടം പറപ്പിച്ചും ഗോലി കളിച്ചും പമ്പരം കൊത്തിയും നഷ്‌ടപ്പെട്ട നാളുകൾ തിരിച്ചു കിട്ടുമോ? വീട്ടിൽ നിന്നുളള വഴക്ക് വേറെയും! അതോടെ സാജേഷ് ഉറച്ച തീരുമാനമെടുത്തു. ഇനിമുതൽ ഒരു മിനിറ്റ് പോലും പാഴാക്കാതെ താൻ പഠിക്കും. തനിക്കും അതിന് കഴിയില്ലേ? പരീക്ഷ അടുത്തുവരുന്തോറും സാജേഷിന് പേടിയായി.
“പരിശ്രമിച്ചാൽ നടക്കാത്ത കാര്യമില്ല.” അവന്റെ മനസ്സ് വായിച്ചതുപോലെ അച്‌ഛൻ പറഞ്ഞു. “ശ്രമിച്ചു പഠിച്ചതുകൊണ്ട് അജേഷിനുപോലും നന്നായി പഠിക്കാനായില്ലേ? ഭയത്തോടെ പഠിച്ചാൽ പാതിപോലും മനസ്സിലാവില്ല. ആത്മവിശ്വാസത്തോടെ പഠിക്ക്. തീർച്ചയായും ജയിക്കും.” അവന് ധൈര്യം വന്നുതുടങ്ങി.
“ആമയും മുയലും തമ്മിലുളള ഓട്ടപ്പന്തയത്തിൽ മുയൽ ഉറങ്ങിപ്പോയതുപോലെ നീ ഒരല്‌പം ഉറങ്ങിപ്പോയി. പക്ഷെ, ശരിയായ നിമിഷത്തിൽ നീ ഉണർന്നു. നീയും ജയിക്കും. അജേഷും ജയിക്കും. ആമയും മുയലും ഒപ്പം എത്തിയപോലെ!” അനന്തൻ മാഷ് സാജേഷിനെ ആശ്വസിപ്പിച്ചു.
മാഷ് പറഞ്ഞത് ശരിയായി. വാർഷിക പരീക്ഷയിൽ രണ്ടുപേരും നല്ല മാർക്കോടെ പാസായി.
Generated from archived content: unnikatha_june1.html Author: poovai_amudan