ആര്യമലയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പാമ്പുംകാവ്. വർഷംതോറും അവിടെ നടക്കുന്ന ഉത്സവത്തിന് എത്തിച്ചേരുന്നവർ എത്രയെന്ന് പറയാനാകില്ല. അടിവാരത്തിൽ നിന്ന് നടന്നല്ലാതെ ക്ഷേത്രത്തിലെത്താൻ വഴികളില്ല. മലകയറ്റം ഭക്തജനങ്ങൾ ഒരു വഴിപാടായും നടത്തിപ്പോന്നു.
വളരെ നാളായി ആഗ്രഹിച്ചിട്ടാണ് തടിയൂർ ഗ്രാമത്തിൽ നിന്ന് നാഥൻ ഉത്സവം കാണാൻ പാമ്പുംകാവിലേക്ക് പുറപ്പെട്ടത്. പണ്ട് തന്റെ കൂടെ പഠിച്ചിരുന്ന സോമനെ വഴിയിൽ അയാൾ കണ്ടുമുട്ടി. സോമൻ പഠിക്കുന്ന കാലത്തേ ചെറിയൊരു കളളനായിരുന്നു. അയാളും ക്ഷേത്രത്തിലേക്കുതന്നെ. ഇപ്പോൾ പഴയ സ്വഭാവമൊന്നുമില്ലെന്ന് സോമൻ ആണയിട്ടു പറഞ്ഞപ്പോൾ ഒരു കൂട്ടായല്ലോയെന്ന് നാഥൻ ഓർത്തു. ഉത്സവത്തിരക്കിൽ കൂടുതൽ കോളടിക്കാമെന്ന ചിന്തയായിരുന്നു സോമന്!
വഴിക്ക് അവർ ഒരു സത്രത്തിൽ തങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വ്യാപാരി കൂടി അവിടെ വന്നെത്തി. കച്ചവടത്തിനായി വന്ന അയാളുടെ പക്കൽ ധാരാളം പണവും വസ്‌ത്രങ്ങളും ഉണ്ടെന്ന് സോമൻ മനസ്സിലാക്കി. അയാളാകട്ടെ നാഥനുമായി ഭക്തികാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
വളരെ ദൂരം യാത്രചെയ്‌ത ക്ഷീണം കൊണ്ട് നാഥനും സോമനും ഉറങ്ങാൻ കിടന്നു. വ്യാപാരി ക്ഷീണം തീർക്കാൻ കിണറ്റുകരയിൽ കുളിക്കാൻ പോയി. യഥാർത്ഥ ഭക്തരാണിവരെന്ന വിശ്വാസത്തിലായിരുന്നു വ്യാപാരി. പക്ഷെ സോമന് ഉറങ്ങാൻ കഴിഞ്ഞില്ല. വ്യാപാരിയുടെ പെട്ടി എങ്ങനെ തട്ടിയെടുക്കാമെന്ന ആലോചനയിലായിരുന്നു അയാൾ. നാഥൻ ഉറങ്ങിയെന്ന് തോന്നിയ നിമിഷം പതുങ്ങിച്ചെന്ന് വ്യാപാരിയുടെ പെട്ടിയുമെടുത്ത് വേഗം പുറത്തേക്ക് നടന്നു. അബദ്ധത്തിൽ പെട്ടി വാതിലിൽ തട്ടിയുണ്ടായ ശബ്‌ദം നാഥനെ ഉണർത്തി. ചാടിയെഴുന്നേറ്റ നാഥൻ സോമനെ മുറ്റത്തുവെച്ച് പിടികൂടി. ഇതുകണ്ടുകൊണ്ട് കുളി കഴിഞ്ഞെത്തിയ വ്യാപാരി തന്റെ പെട്ടി അവരുടെ കൈയിൽനിന്ന് വാങ്ങി; അപ്പോൾ തന്നെ സ്ഥലംവിട്ടു.
“നിനക്കിപ്പോഴും പഴയ സ്വഭാവം വിടാറായില്ലല്ലോ? ഇനി നീ എന്റെ കൂടെ വരരുത്.”
“എങ്ങനെയോ ഞാനറിയാതെ എന്റെ പഴയ ബുദ്ധി വന്നുപോയതാണ്. ഇത്തവണത്തേക്ക് നാഥൻ ക്ഷമിക്ക്. സത്യമായിട്ടും ഇനി ഞാനിങ്ങനെ ചെയ്യില്ല സത്യം!” ഇങ്ങനെ എന്തൊക്കെയോ പറഞ്ഞ് സോമൻ നാഥനെ സാന്ത്വനപ്പെടുത്തി. ശിക്ഷിക്കാനും രക്ഷിക്കാനും വയ്യാത്ത അവസ്ഥ. നാഥന് ഉറങ്ങാനായില്ല. നേരം വെളുക്കുന്നതിനുമുമ്പേ രണ്ടുപേരും സത്രത്തിൽ നിന്ന് പുറപ്പെട്ടു.
ഒരു കാട്ടുവഴിയിലൂടെയാണവർ നടന്നത്. വഴിയിൽ ഒരു പൊതി കിടക്കുന്നത് കണ്ട് സോമൻ ഓടിപ്പോയി അതെടുത്തു. അടുത്താരേയും കണ്ടില്ല. അയാൾ പൊതിയഴിച്ചു നോക്കി. എന്തതിശയം! പൊതിയിൽ കുറെയേറെ നോട്ടുകളും ചില്ലറ നാണയങ്ങളുമായിരുന്നു.
“ഇത് നമ്മൾ കഷ്‌ടപ്പെട്ടുണ്ടാക്കിയതല്ല. ആരുടെയോ കൈയിൽനിന്ന് കളഞ്ഞുപോയതാണ്. ആരെങ്കിലും അന്വേഷിച്ചു വന്നാൽ കൊടുക്കാം.” നാഥൻ പറഞ്ഞു.
“അന്വേഷിച്ച് വന്നില്ലെങ്കിലോ?” സോമൻ
എന്താണ് ഇതിനൊക്കെ മറുപടി പറയുകയെന്നോർത്ത് നാഥൻ മിണ്ടാതെ നടന്നു.
“ആരും വന്നില്ലെങ്കിൽ പാതി തനിക്ക് തരണമെന്നല്ലേ അതിനർത്ഥം?” സോമൻ വിടുന്നമട്ടില്ല.
“നീ അങ്ങനെ പറയാതെ. എനിക്ക് അർഹതയില്ലാത്തത് ഞാനെടുക്കില്ലെന്ന് ദൈവത്തിനുപോലും അറിയാം.”
“അങ്ങനെയാണെങ്കിൽ…?” സോമൻ മുഴുമിപ്പിക്കാതെ ചോദ്യരൂപത്തിൽ നോക്കി.
“അങ്ങനെയാണെങ്കിൽ, മുഴുവൻ പണവും നമുക്ക് അമ്പലത്തിലെ ഭണ്ഡാരത്തിലിടാം.”
“ഭഗവാനാണ് ഈ പൊതി എനിക്ക് കാണിച്ചു തന്നത്. തനിക്കാണെങ്കിൽ പാതി വേണ്ടെന്ന് പറയുന്നു. മുഴുവൻ ഞാനെടുക്കും. താനുമായി കൂടിയാൽ കിട്ടിയതും പോകും. എനിക്കെന്റെ വഴി; തനിക്കിനി തന്റെ വഴി.” സോമൻ മറ്റൊരു വഴിക്ക് വേഗം നടന്നുപോയി. ഇങ്ങനെയുളളവർ കൂട്ടില്ലാതിരിക്കുന്നതാണ് നല്ലതെന്ന് വിചാരിച്ച് നാഥൻ തടഞ്ഞില്ല. അയാളും മുന്നോട്ടുനടന്നു.
കല്ലും മുളളും കുണ്ടും കുഴിയും നിറഞ്ഞ ഒറ്റയടിപ്പാത. നാഥന്റെ കാൽ ഒരു കല്ലിൽ തട്ടി. വഴിയുടെ വശത്തുണ്ടായിരുന്ന മുൾപ്പടർപ്പിലേക്ക് അയാൾ കമിഴ്‌ന്നടിച്ച് വീണു. “എന്റെ ദൈവമേ!” അയാൾ അറിയാതെ നിലവിളിച്ചുപോയി. ഒരു കണക്കിൽ മുൾപ്പടർപ്പിൽ നിന്നെഴുന്നേറ്റ് വീഴ്‌ചയിൽ പറ്റിയ മുറിപ്പാടിലെ ചോര ടവ്വലെടുത്ത് തുടക്കുകയായിരുന്നു. നാഥൻ അറിയാതെ ചിരിച്ചുപോയി. ഈ സമയത്ത് ഒരു അപരിചിതൻ ടോർച്ചുമായി നാഥന്റെ അരികത്തുചെന്നു. നാഥനെ കാണാനിടവന്ന അയാൾ ചോദിച്ചു. “എന്താണിത്! താഴെ വീണിട്ട് ചിരിക്കുന്നോ? വേദനയില്ലേ?” ശരിയായ വഴിയിലേക്ക് നീങ്ങിനിൽക്കാൻ അയാൾ സഹായിച്ചു.
“ചിരിക്കാതെന്തു ചെയ്യും, ചങ്ങാതീ!” നാഥൻ പറഞ്ഞു.
“ഭഗവാനെക്കാണാൻ മലകയറുകയായിരുന്നു. അപ്പോഴാണിങ്ങനെ പറ്റിയത്!”
“അതിനിങ്ങനെ ചിരിക്കണോ, കാര്യമില്ലാതെ?”
“ചെറിയ കാര്യമുണ്ടെന്ന് വച്ചോളൂ!”
“എന്ത് കാര്യം?”
“ഭഗവാൻ കരുണയുളളവനാണെന്ന് പറയുന്നു. ന്യായോം അന്യായോം ഭഗവാനറീല്ലാന്നുണ്ടോ, ആവോ!”
“നിങ്ങൾ കാര്യം പറയ്.”
“എന്റെ കൂടെ ഒരുത്തനുണ്ടായിരുന്നു. ഭഗവാൻ അവനൊരു പണപ്പൊതി കാണിച്ചു കൊടുത്തു. അവനെനിക്ക് പകുതി തരാമെന്ന് പറഞ്ഞു. ഞാനത് ശരിയല്ലെന്ന് പറഞ്ഞ് വേണ്ടെന്നു വെച്ചു. അവൻ വേറെ വഴിക്ക് പോയി. ഈശ്വരചിന്തയിൽ ഞാൻ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു. എനിക്ക് കിട്ടിയത് കണ്ടില്ലേ? എങ്ങനെ ചിരിക്കാതിരിക്കും!”
“അപ്പോൾ അതാണ് കാര്യം, അല്ലേ? കെട്ടവർക്ക് ഭഗവാൻ സമ്മാനം കൊടുക്കുന്നു; നല്ലവർക്ക് ശിക്ഷയും. അതും ഈശ്വരന്റെ പരീക്ഷയാകാം!”
“ഈശ്വരന് തെറ്റുചെയ്യുന്നവരെ അപ്പപ്പോൾ ശിക്ഷിച്ചാലെന്താ? മറ്റുളളവർക്കും അതൊരു പാഠമാകില്ലേ?” നാഥന് ക്ഷമയില്ലാതായി.
“ദൈവം അൽപ്പം താമസിച്ചേ ശിക്ഷ നൽകാറുളളൂ. ഇവിടെ നിനക്ക് സംഭവിച്ചതെന്തന്നറിയുമോ? ഞാൻ വരുമ്പോൾ നിന്റെ മുന്നിലെ വഴിയിൽ കുറച്ചകലെയായി ഒരു വിഷപ്പാമ്പ് ഇഴഞ്ഞുപോകുന്നത് കണ്ടു. ഒരുപക്ഷെ അത് വഴിയിൽ പത്തിവിരിച്ച് നിൽക്കുകയായിരുന്നിരിക്കാം. വീഴ്‌ചയുടെയും നിലവിളിയുടെയും ശബ്‌ദം അതിനെ പോകാൻ പ്രേരിപ്പിച്ചിരിക്കും! വെറുതെ പേടിപ്പിക്കേണ്ടെന്ന് കരുതിയാണ് ഞാനാദ്യം ഇക്കാര്യം പറയാതിരുന്നത്.”
നാഥൻ വീണ്ടും ദൈവത്തെ വിളിച്ചുപോയി.
“അൽപ്പം കൂടി മുന്നോട്ട് പോയാൽ ഒരു കാട്ടുപാതവിട്ട് ഒരു നല്ല വഴിയുണ്ട്. ഞാനും ക്ഷേത്രത്തിലേക്കാണ്. നമുക്ക് ഒരുമിച്ച് പോകാം.” അപരിചിതൻ ഇപ്പോൾ പരിചയക്കാരനായി. അവർ രണ്ടുപേരും എളുപ്പത്തിൽ നല്ല വഴിയിലെത്തി. കുറച്ചുദൂരം നടന്നു കാണും. അപ്പോൾ വഴിയരികിൽ ഒരാൾ മുക്കീം മൂളീം കമിഴ്‌ന്നടിച്ച് കിടക്കുന്നതു കണ്ടു.
“അയ്യോ! പാവം! എന്തോ ആപത്തു പറ്റിയതാണ്.”
രണ്ടുപേരും കൂടി ആളെ മലർത്തിക്കിടത്തി. നാഥന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് സോമനായിരുന്നു. അയാൾ
സ്‌തംഭിച്ചുനിന്നുപോയി.
നാഥനോടൊപ്പമുണ്ടായിരുന്നയാൾ തിടുക്കത്തിൽ തന്റെ പാത്രത്തിൽനിന്ന് വെളളമെടുത്ത് മുഖത്തുതളിച്ചു. അപ്പോഴാണ് സോമന് ശരിയായ ബോധം വീണത്. രണ്ടുപേർ അയാളെ അടിച്ചവശനാക്കി പണപ്പൊതിയുമായി കടന്നുകളഞ്ഞത്രെ.
“അരക്കളളന് മുഴുക്കളളൻ എന്ന് കേട്ടിട്ടില്ലേ? അതുപോലാണിത്. ഇനിയെങ്കിലും നന്നാകൂ. അന്യായമായി കിട്ടുന്ന സുഖം അധികസമയം നിലനിൽക്കില്ലെന്ന് മനസ്സിലാക്കൂ.” നാഥന്റെ വാക്കുകൾ സോമന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
“ഇല്ല, ഇനിയൊരിക്കലും ഞാൻ അന്യന്റെ മുതൽ മോഹിക്കയില്ല!” സോമൻ കരഞ്ഞു പറഞ്ഞപ്പോൾ നാഥന്റെ മനസ്സലിഞ്ഞു. സോമനെ തോളിൽ താങ്ങി മൂന്നുപേരും ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
Generated from archived content: unnikatha_july9_05.html Author: poovai_amudan