പശ്ചാത്താപം

മലമുകളിലെ മറയൂരിലാണ്‌ കുഞ്ഞികുട്ടന്റെ വീട്‌. പേര്‌ കുഞ്ഞുകുട്ടനെന്നായിരുന്നെങ്കിലും കുറുമ്പിന്റെ കാര്യത്തിൽ അവൻ വലിയ കുട്ടനായിരുന്നു. മാതാപിതാക്കൾ അവന്റെ മുരട്ടുസ്വഭാവത്തിനറുതി വരുത്താൻ ശ്രമിച്ചിട്ട്‌ കഴിഞ്ഞില്ല. സ്‌കൂളിൽ ചേർത്താലേ നന്നാകൂവെന്ന്‌ ചിലർ പറഞ്ഞു. അങ്ങനെയാണ്‌ രണ്ടുവർഷം വൈകിയാണെങ്കിലും കുഞ്ഞുകുട്ടൻ പഠിക്കാൻ തുടങ്ങിയത്‌.

സ്‌കൂളിൽ ചേർന്നിട്ടും കുഞ്ഞുകുട്ടന്റെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. കാട്ടിലും മേട്ടിലും അലഞ്ഞുനടന്ന്‌ ശീലിച്ച അവനോട്‌ കൂട്ടുകൂടാൻ മറ്റുകുട്ടികൾക്ക്‌ പേടിയായിരുന്നു. അടുത്താൽതന്നെ അവർ വളരെ ജാഗ്രതയോടിരിക്കും. ഒരുകണക്കിൽ നാല്‌ കൊല്ലം കഴിഞ്ഞപ്പോഴേക്കും അദ്ധ്യാപകർക്കും അവനൊരു പ്രശ്‌നവിദ്യാർത്ഥിയായി.

വീട്ടിൽ അവനൊരു കാര്യവും ചെയ്യില്ല. രാവിലെ എട്ടുമണി കഴിഞ്ഞേ എഴുന്നേൽക്കൂ. ഗൃഹപാഠങ്ങളൊന്നും ചെയ്യില്ല. ക്ലാസ്സിലെ മറ്റുകുട്ടികളെ അനാവശ്യമായി അവൻ അടിക്കും. അദ്ധ്യാപകരോട്‌ മര്യാദയില്ലാതെ പെരുമാറും. ചുരുക്കത്തിൽ കുഞ്ഞുകുട്ടൻ ക്ലാസിൽ വരാതിരുന്നാൽ ആശ്വാസമാണെന്ന്‌ അദ്ധ്യാപകർക്കും തോന്നിത്തുടങ്ങി.

ഒരുദിവസം ക്ലാസ്സിൽ അദ്ധ്യാപകൻ എത്താൻ അല്‌പം വൈകി. “എടാ, എന്റെ ശരീരിത്തിൽ ഇപ്പോൾ എന്തിന്റെ വാസനയാണെന്ന്‌ പറയാമോ?” അടുത്തിരുന്ന സോമുവിനോട്‌ കുഞ്ഞുകുട്ടൻ ചോദിച്ചു.

“നിന്നെ മണക്കാൻ നീ സെന്റും പൂശിയാണോ വന്നിരിക്കുന്നത്‌?” രസിക്കാത്തമട്ടിൽ സോമു മറുചോദ്യമുന്നയിച്ചു.

കുഞ്ഞുകുട്ടന്‌ ദേഷ്യം വന്നു. “വാസനയറിയാത്ത നിന്റെ മൂക്ക്‌ ഞാനിന്ന്‌ അടിച്ചുപരത്തും.” പറഞ്ഞുതീർന്നതേ അടി കഴിഞ്ഞു. ഭാഗ്യം! അവനൊഴിഞ്ഞതുകൊണ്ട്‌ അടിയേറ്റില്ല. കൊണ്ടിരുന്നെങ്കിൽ മൂക്ക്‌ ചതഞ്ഞ്‌ ചോര വന്നേനെ! വലിയ അപകടമായേനെ!

“എന്നെ എന്താണ്‌ മണക്കുന്നതെന്ന്‌ നിനക്ക്‌ പറയാൻ പറ്റ്വോ?” അടുത്ത ബെഞ്ചിലെ സുന്ദരനോടായി കുഞ്ഞുകുട്ടന്റെ ചോദ്യം.

സുന്ദരൻ നല്ല കുട്ടിയാണ്‌. കാര്യമായിട്ട്‌ ചോദിക്കുന്നതല്ലേ? ഉളളതുപറയാമെന്നോർത്ത്‌ അവൻ പറഞ്ഞു. “ഇത്‌ വാസനയല്ല. ഒരുതരം നാറ്റം! വിയർപ്പിനോട്‌ മറ്റെന്തോ കൂടിച്ചേർന്ന നാറ്റം!”

ദിവസവും കുളിച്ചിട്ടുപോലും വിയർപ്പുനാറ്റമുളള കാലം. ദിവസങ്ങളായി കുളിക്കാതെ നടക്കുന്നവരുടെ കാര്യം പറയണോ! സുന്ദരൻ പറഞ്ഞത്‌ സത്യമായിരുന്നു. എങ്കിലും കുഞ്ഞുകുട്ടൻ അവന്റെ തലയിൽ ശക്തിയായി ഒരു കിഴുക്കുവെച്ചു കൊടുത്തു. സുന്ദരൻ വേദനകൊണ്ട്‌ പുളഞ്ഞു.

കുഞ്ഞിക്കുട്ടൻ മുൻബെഞ്ചിലിരിക്കുന്ന മുത്തുവിനരികിൽ ചെന്നു. മുത്തുവിന്‌ അവന്റെ സ്വഭാവം ശരിക്കറിയാം. കുഞ്ഞിക്കുട്ടന്റെ ചോദ്യം കേട്ട അവൻ ഇങ്ങനെ പറഞ്ഞു. “കഷ്‌ടായി കുഞ്ഞുകുട്ടാ! എനിക്ക്‌ ജലദോഷം പിടിച്ചിരിക്കയാ. ഒരു വാസനയും അറിയാൻ പാടില്ല. വാസ്‌തവത്തിൽ, നിന്റെ മേൽ എന്താണ്‌ പുരട്ടിയിരിക്കുന്നതെന്ന്‌ നീ തന്നെ പറയ്‌ കുഞ്ഞുകുട്ടാ.”

“നിനക്ക്‌ ജലദോഷമില്ലായിരുന്നെങ്കിൽ എനിക്ക്‌ മുല്ലപ്പൂവിന്റെ വാസനയാണെന്ന്‌ നീയെങ്കിലും പറഞ്ഞേനെ! ഈ മന്ദബുദ്ധികൾക്ക്‌ ഒരു വാസനയും അറിയുകില്ലെന്നേ!” സോമുവിനെയും സുന്ദരനെയും ചൂണ്ടി കുഞ്ഞുകുട്ടൻ പറഞ്ഞു.

“മുല്ലപ്പൂ വാസനയോ!” മുത്തു അതിശയഭാവത്തിൽ ചോദിച്ചു.

“അതേന്നേ…! വരുംവഴി ഒരു സെന്റ്‌ കച്ചവടക്കാരൻ എന്റെ കൈയിൽ തേച്ചതാ; വാസന അറിയാൻ പറഞ്ഞ്‌!” ഒരിക്കൽ കൂടി കൈമണത്ത്‌ ആസ്വദിച്ചുകൊണ്ട്‌ അവൻ നിന്നു. പക്ഷെ, അത്‌ വിയർപ്പിന്റെ നാറ്റത്തിൽ മുങ്ങിപ്പോയെന്ന്‌ പറഞ്ഞിരുന്നെങ്കിൽ മുത്തുവിനും തല്ല്‌ ഉറപ്പ്‌!

വിജയൻ മാഷ്‌ ക്ലാസ്സിലെത്തി. കുഞ്ഞുക്കുട്ടൻ തന്റെ സീറ്റിൽ ചെന്നിരുന്നു. സോമുവും സുന്ദരനും പരാതിയുമായി മാഷിന്റെ അടുക്കലെത്തി. അദ്ദേഹം എല്ലാം കേട്ടു. കൂട്ടത്തിൽ മുത്തു പറഞ്ഞതും. കുഞ്ഞുകുട്ടനോട്‌ ചോദിച്ചപ്പോൾ താനൊരു തെറ്റും ചെയ്‌തിട്ടില്ലെന്ന മട്ടിലാണവൻ. എന്തോ ആലോചിച്ചുറച്ചപോലെ മാഷ്‌ കസേരയിൽ നിന്നെഴുന്നേറ്റു.

“കുട്ടികളെ, എന്നത്തേയും പോലെ ഇന്നും കുഞ്ഞുകുട്ടനെപ്പറ്റിയുളള പരാതികളാണ്‌. അവൻ പണ്ടേ ഇങ്ങനെയാണെന്നറിഞ്ഞിട്ടും ഇവർ ഇങ്ങനെയായി പോയല്ലോ. സോമൂനും സുന്ദരനും കിട്ടിയത്‌ കണ്ടില്ലേ?” സോമു തന്റെ മൂക്ക്‌ തടവിപ്പോയി. സുന്ദരൻ കിഴുക്കേറ്റ്‌ മുഴച്ചഭാഗത്ത്‌ കൈവിരലോടിച്ച്‌ വിതുമ്പി.

“ദുഷ്‌ടന്മാരെ കണ്ടാൽ വഴിമാറി പോകുന്നതാണ്‌ നല്ലതെന്ന്‌ കേട്ടിട്ടില്ലേ?അദ്ധ്യാപകരില്ലാത്ത നേരത്ത്‌ അവനോട്‌ സൂക്ഷിച്ച്‌ പെരുമാറേണ്ടേ? വളരെ വിലകൂടിയ സെന്റും പൂശി കൃത്യസമയത്ത്‌ ക്ലാസ്സിലെത്തിയ കുഞ്ഞുകുട്ടൻ ആരാണെന്നാ കരുതിയത്‌? എല്ലാ പരീക്ഷയ്‌ക്കും നല്ലപോലെ മാർക്ക്‌ നേടുന്നവൻ! ക്ലാസ്സിൽ മര്യാദയോടെ അടങ്ങിയൊതുങ്ങിയിരിക്കുന്നവൻ!”

കുഞ്ഞുകുട്ടൻ നിന്ന്‌ പരുങ്ങി. നേരെ എതിരാണല്ലോ മാഷ്‌ പറയുന്നതെന്നവൻ ഓർത്തു.

മാഷ്‌ സുന്ദരന്റെ നേരെ തിരിഞ്ഞു. “നീ സത്യമേ പറയൂ. എന്നാൽ കുഞ്ഞുകുട്ടൻ നാറുന്നെന്ന്‌ പറയാമോ? റോസാപ്പൂമണമെന്ന്‌ പറയാമായിരുന്നില്ലേ? മുത്തു ബുദ്ധി കാണിച്ചു. വേണ്ടാത്ത പൊല്ലാപ്പിന്‌ പോകേണ്ടെന്ന്‌ കരുതി സമർത്ഥമായി അവൻ സംസാരിച്ചു. അതൊരു കലയാണ്‌. അതുണ്ടെങ്കിലേ തടി കേടാകാതെ കഴിയാനാകൂ.”

കുഞ്ഞുകുട്ടനോട്‌ അദ്ദേഹം തുടർന്നുഃ “കുഞ്ഞുകുട്ടാ, നിന്റെ കാര്യം അന്വേഷിച്ച്‌ ഒരു പിരീഡിലെ പഠനം കൂടി നഷ്‌ടപ്പെടാൻ പോകുന്നു. അതുകൊണ്ട്‌ നിനക്കോ മറ്റുളളവർക്കോ ഒരു ഗുണവുമില്ല. അച്ഛനമ്മമാർക്കും സങ്കടം! അദ്ധ്യാപകർ എന്തെല്ലാം പറഞ്ഞുതന്നു. ഒന്നും നിന്നിൽ ഏശിയില്ല. നീ ‘ബുദ്ധിശാലി’യാണ്‌. എല്ലാവരേയും അടക്കിയൊതുക്കി ഇരുത്താൻ പോന്നോൻ. നീ ഞങ്ങളോട്‌ മര്യാദ കാണിച്ചില്ലെങ്കിലും നിന്നോട്‌ ഞങ്ങൾ മര്യാദ കാട്ടേണ്ടേ? പല കാര്യങ്ങളിലും നീ ഞങ്ങളേക്കാൾ മിടുക്കനാണ്‌. അതുകൊണ്ട്‌ നീ ഇവിടെ ഈ കസേരയിൽ ഇരിക്ക്‌.” മാഷ്‌ അവനെ അദ്ദേഹത്തിന്റെ കസേരയിലിരിക്കാൻ ക്ഷണിച്ചു.

കുഞ്ഞുകുട്ടൻ തലകുനിച്ച്‌ നിന്നതേയുളളൂ. കുട്ടികളെല്ലാം അവന്റെ നേരെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മാഷ്‌ അവനെ വീണ്ടും കസേരയിലേക്ക്‌ ക്ഷണിക്കുകയാണ്‌. പെട്ടെന്നവൻ മാഷിന്റെ കാൽക്കൽ വീണുകൊണ്ട്‌ ഗദ്‌ഗദത്തോടെ പറഞ്ഞു. “എന്നോട്‌ ക്ഷമിക്കണം സാർ! ഞാൻ തെറ്റാണ്‌ ചെയ്‌തത്‌! ഇനിയൊരിക്കലും ഞാൻ ആരെയും ഉപദ്രവിക്കില്ല. മറ്റുളളവരെപ്പോലെ ഞാനും നന്നായി നടന്നോളാം.”

മാസ്‌റ്റർക്ക്‌ അത്ഭുതമായി. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവനെ തോളിൽപ്പിടിച്ച്‌ എഴുന്നേൽപ്പിച്ചു. അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. “കുഞ്ഞുകുട്ടാ, തെറ്റ്‌ പറ്റാത്തവരില്ല. അത്‌ മനസ്സിലായാൽ പശ്ചാത്തപിച്ച്‌ തിരുത്തുന്നത്‌ നല്ല ഗുണമാണ്‌. ഉറച്ച തീരുമാനത്തോടെ നല്ല ശീലങ്ങൾ പഠിക്ക്‌. നീ നല്ല കുട്ടിയാകും. നല്ല ഫലം ഉണ്ടാകും. തീർച്ച!”

മാഷ്‌ ക്ലാസ്സ്‌ ആരംഭിച്ചു.

*****************************************************************

കുഞ്ഞുകുട്ടൻ ഇപ്പോൾ ആകെ മാറി. ശ്രദ്ധയോടെ പഠിച്ചു. നല്ല ശീലങ്ങൾ വളർത്തി. പരീക്ഷകളിൽ പാസ്സായി. ഇന്നവൻ അദ്ധ്യാപകരും സഹപാഠികളുമെല്ലാം ഇഷ്‌ടപ്പെടുന്ന ഒരു മാതൃകാ വിദ്യാർത്ഥിയാണ്‌.

Generated from archived content: unnikatha_aug5_05.html Author: poovai_amudan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here