സ്‌നേഹിതർ

സ്‌കൂൾ തുറന്നു. പുത്തനുടുപ്പുകളും ധരിച്ച്‌ കുട്ടികൾ സന്തോഷത്തോടെ ക്ലാസ്സിലെത്തി. ഹെഡ്‌മാസ്‌റ്റർ ആറാം ക്ലാസ്സിൽനിന്ന്‌ പാസ്സായവരുടെ പേര്‌ വിളിച്ച്‌ ഏഴാം ക്ലാസ്സിലേക്ക്‌ വരിയായി പറഞ്ഞയച്ചു. എല്ലാവർക്കും സന്തോഷം! രണ്ടുപേർ മാത്രം ക്ലാസ്സിൽ തല കുനിച്ചിരുന്നതേയുളളൂ.

“ഓ…അവർ രണ്ടുപേരും തോറ്റുപോയല്ലോ! ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ജയിച്ചേനെ.” കണ്ണപ്പൻ നടക്കുന്നതിനിടയിൽ പറഞ്ഞു.

“ഒടുവിൽ വളരെ ശ്രദ്ധിച്ചു പഠിച്ചിട്ടും വിജയൻ തോറ്റില്ലേ!” ഒപ്പം നടന്നിരുന്ന സതീശ്‌.

“അന്നന്നത്തെ പാഠങ്ങൾ അന്നന്നുതന്നെ പഠിക്കണം. ഞാനങ്ങനെയാണ്‌.” ഗണേഷ്‌.

ഗോവിന്ദൻ മാഷ്‌ ക്ലാസ്സിലെത്തി. എല്ലാവരും എഴുന്നേറ്റുനിന്ന്‌ ‘നമസ്‌തേ’ പറഞ്ഞു. സീറ്റിലിരുന്ന മാഷ്‌ ഒരു പുഞ്ചിരിയോടെ ചോദിച്ചു. “എല്ലാവരും സന്തോഷത്തിലാണല്ലോ. കഴിഞ്ഞ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയവർ ആരൊക്കെയാണെന്നറിയേണ്ടേ?”

“വേണം…വേണം..” എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

“കണ്ണപ്പാ, നീയാണ്‌ കൂടുതൽ മാർക്ക്‌ നേടിയിരിക്കുന്നത്‌. എല്ലാ വിഷയങ്ങളിലും നീ തന്നെയാണ്‌ മുമ്പൻ. മറ്റുളളവരും കണ്ണപ്പനെപ്പോലെ ഉത്സാഹിക്കണം.”

കണ്ണപ്പൻ എഴുന്നേറ്റ്‌ പുഞ്ചിരിച്ചുകൊണ്ട്‌ എല്ലാവരേയും തൊഴുതു. അടുത്ത സ്ഥാനം ആർക്കെന്നറിയാനായി എല്ലാവർക്കും ജിജ്ഞാസ.

“എൺപത്തെട്ട്‌ ശതമാനം മാർക്കേയുളളൂ. എങ്കിലും രണ്ടാം സ്ഥാനം സാമുവലിനാണ്‌.”

ഇത്‌ പറയുമ്പോൾ അബ്‌ദു തല താഴ്‌ത്തിയിരിക്കുകയായിരുന്നു. കണ്ണപ്പൻ അവന്റെ നേരെ നോക്കി ഗണേഷിനോട്‌ പതുക്കെ പറഞ്ഞു. “പരീക്ഷയടുത്തപ്പോൾ അബ്‌ദുവിന്‌ പനി വന്നു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അല്ലെങ്കിൽ ഒരു പക്ഷെ…” ഗണേഷ്‌ അത്‌ സമ്മതിക്കും മട്ടിൽ തലയാട്ടി.

കണ്ണപ്പന്റെ അടുത്തിരുന്നിരുന്ന മണി ഇതൊന്നും തീരെ രസിക്കാത്ത മട്ടിലായിരുന്നു.

“മൂന്നാം സ്ഥാനം ഗണേഷിനാണ്‌. എൺപത്തഞ്ച്‌ ശതമാനമാണ്‌ മാർക്ക്‌.” മാഷ്‌ ഇതുപറഞ്ഞപ്പോഴേക്കും ശിപായി ടൈംടേബിൾ കൊണ്ടുവന്നു. മാഷ്‌ ബോർഡിൽ എഴുതാൻ തുടങ്ങി.

കണ്ണപ്പൻ ഗണേഷിന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. ഇതുകൂടി കണ്ട മണിക്ക്‌ എന്തുകൊണ്ടോ സഹിക്കാനായില്ല. അവൻ കണ്ണപ്പന്റെ തുടയിലൊരു നുളളുകൊടുത്തു.

“ശ്‌…ചുമ്മാ പിച്ചാതെ!” കണ്ണപ്പൻ മണിയുടെ നേരെ നോക്കി.

“നിങ്ങൾ നോക്കിയെഴുതീട്ട്‌ണ്ടാവും! എനിക്കതറീല്യാ. അതോണ്ട്‌ മാർക്കും കുറഞ്ഞു. ഓരോരുത്തർക്ക്‌ ഓരോന്നിലാ സാമർത്ഥ്യം!”

“എന്താ മണീ, നീയിങ്ങനെയൊക്കെ പറയുന്നത്‌?” കണ്ണപ്പന്‌ വല്ലായ്‌മ തോന്നി.

“ഞാൻ ഓടുന്ന ബസ്സിൽ ചാടിക്കേറും! നിൽക്കുന്നതിനു മുമ്പേ ചാടിയിറങ്ങും. ഇതൊക്കെ ചെയ്യാൻ നിനക്ക്‌ പറ്റ്വോ? ഇല്ല. പറ്റില്ലതന്നെ. അതിനേ, ധൈര്യം വേണം, ധൈര്യം! പേടിത്തൊണ്ടന്മാർക്കത്‌ പറ്റില്ല. വല്യ പഠിപ്പുകാര്‌.” മണി വഴക്കിനു തന്നെ. ചില കുട്ടികൾ ഇത്‌ ശ്രദ്ധിച്ചു.

“വണ്ടീ ചാടിക്കേറി ഉരുണ്ടുവീഴാനുളള ധൈര്യം എനിക്കുവേണ്ട!” കണ്ണപ്പൻ പറഞ്ഞു.

“അതുതന്നെയാ ഞാൻ പറഞ്ഞത്‌ നീ അത്രയ്‌ക്ക്‌ പൊങ്ങേണ്ടെന്ന്‌. പേര്‌ കണ്ണപ്പനെന്നാത്രെ. നിനക്കൊന്നരക്കണ്ണല്ലേയുളളൂ? ‘കണ്ണായിര’മെന്ന്‌ വിളിക്കാഞ്ഞത്‌ നന്നായി.” കണ്ണപ്പന്റെ ഒരു കണ്ണ്‌ അൽപ്പം ചെറുതാണ്‌. എന്തോ മുൻവഴക്കിന്‌ പകരം ചോദിക്കുംപോലെയായിരുന്നു മണി.

എഴുതിക്കൊണ്ടിരുന്ന ഗോവിന്ദൻ മാഷും ഒച്ചകേട്ട്‌ ശ്രദ്ധിക്കാൻ തുടങ്ങി. “എന്താ മണീ, ആദ്യദിവസം തന്നെയിങ്ങനെയായാലോ? മറ്റുളളവർക്കുളളതുപോലെ നമുക്കും സാമർത്ഥ്യമുണ്ടാകുന്നത്‌ നന്ന്‌. മത്സരമാവാം. അസൂയയാകരുത്‌! കഴിവിനെ പുകഴ്‌ത്തണം. കഴിവുളളവരെ പരിഹസിക്കുകയോ അവർക്ക്‌ ഉപദ്രവമുണ്ടാക്കുകയോ ചെയ്യരുത്‌.”

“ഞാനൊന്നും ചെയ്‌തില്ല, സാർ. അബ്‌ദുവിന്‌ പനിയായിരുന്നതുകൊണ്ടാ ഗണേഷിനും മറ്റും നല്ല സ്ഥാനം കിട്ടിയതെന്ന്‌ പറയുകയായിരുന്നു.” മണി ഇതും പറഞ്ഞ്‌ ഗണേഷിനെ തുറിച്ചുനോക്കി എന്തോ പിറുപിറുത്തു.

“അല്ല, ഇതും പറഞ്ഞെന്തിനാ നീ മുറുമുറുക്കുന്നേ? അബ്‌ദു അതനുസരിച്ച്‌ കൂടുതൽ പരിശ്രമിച്ച്‌ മുന്നോട്ട്‌ വരും. നല്ലപോലെ പഠിച്ച്‌ കൂടുതൽ മാർക്ക്‌ നേടണമെന്ന്‌ മണിയും വിചാരിക്കണം. ആദ്യം മുതൽ തന്നെ നന്നായി പഠിക്കാൻ ശ്രമിക്ക്‌. ശരി. എല്ലാരും ടൈംടേബിൾ എഴുതിയെടുത്തോളൂ.” മാഷ്‌ അവസാനിപ്പിച്ചു.

മണി നോട്ടുബുക്കും പേനയും കൊണ്ടുവന്നിരുന്നില്ല. ആദ്യ ദിവസമായതുകൊണ്ട്‌ കൈയുംവീശിയാണ്‌ അവൻ വന്നത്‌. ഇത്‌ മനസ്സിലാക്കിയ കണ്ണപ്പൻ തന്റെ നോട്ടുബുക്കിൽ നിന്ന്‌ ഒരു പേപ്പർ കീറിയെടുത്ത്‌ അവന്‌ നൽകിക്കൊണ്ട്‌ പറഞ്ഞു.

“എന്റെ കൈയിൽ രണ്ട്‌ പേനയുണ്ട്‌. നീ ഇതുകൊണ്ടെഴുതിക്കോ.”

വേദനിപ്പിച്ചവനും സഹായം ചെയ്യുന്ന മനസ്സ്‌! മണിയുടെ തല കുനിഞ്ഞുപോയി.

“നീ എത്ര നല്ലവനാണ്‌! എന്നെ നിന്റെ കൂട്ടുകാരനായിത്തന്നെ നീ കരുതി. കണ്ണപ്പാ നീയെന്നോട്‌…”

“നീ എന്തൊക്കെയാ മണീ പറയുന്നത്‌. ടൈംടേബിൾ എഴുതിയെടുക്ക്‌.” സ്‌നേഹത്തോടെ മണിയുടെ കൈയിൽ തൊട്ടുകൊണ്ട്‌ കണ്ണപ്പൻ പറഞ്ഞു.

Generated from archived content: unnikatha2_july22_05.html Author: poovai_amudan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here