കുട്ടിയെ കണ്ട്‌ പഠിക്കാം

അച്‌ഛൻ ഓഫീസിൽ നിന്ന്‌ വന്നപ്പോഴേക്കും കുട്ടികൾ മൂന്നുപേരും ചുറ്റും കൂടി.

“അച്‌ഛന്‌ ക്ഷീണം കാണും. മക്കൾ ശല്യം ചെയ്യാതെ!” അമ്മ പറഞ്ഞു. കുട്ടികൾ അത്‌ കേട്ടതായി ഭാവിച്ചില്ല.

“അച്‌ഛന്‌ ഇന്നല്ലേ ശമ്പളദിവസം! എനിക്ക്‌ ക്രിക്കറ്റ്‌ ബോൾ കൊണ്ടുവന്നോ?” മൂത്തമകൻ കലേശൻ ചോദിച്ചു.

“ഞാൻ സ്‌കൂളിൽ ഡാൻസിന്‌ ചേർന്ന കാര്യം പറഞ്ഞിരുന്നല്ലോ. എനിക്ക്‌ പട്ടുപാവാട വാങ്ങിയോ, അച്ഛാ?” അനിയത്തി ശെൽവിയുടെ ചോദ്യം.

“എനിക്ക്‌ പുതിയ പേന വാങ്ങാൻ അച്ഛൻ മറന്നില്ലല്ലോ.” ഇളയവൾ ശിൽപ.

“എല്ലാവർക്കും വേണ്ടതൊക്കെ കൊണ്ടുവന്നിട്ടുണ്ട്‌.” അച്‌ഛൻ സന്തോഷത്തോടെ പറഞ്ഞു.

“വേഗമെടുക്ക്‌!” മൂന്നുപേരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

“എടുക്കാമല്ലോ. ഇപ്പോൾ ഞാൻ പറയുന്നത്‌ നിങ്ങൾ ചെയ്യണം.” ഇത്‌ പറയുന്നതിനിടയിൽ അച്‌ഛൻ ബാഗിൽനിന്ന്‌ മൂന്ന്‌ പുസ്‌തകങ്ങളെടുത്ത്‌ മേശമേൽ വെച്ചു.

“ചെറിയ ചെറിയ കഥകളടങ്ങുന്ന പുസ്‌തകങ്ങളാണിവ. ഓരോന്നെടുത്തോളൂ. ഓരോരുത്തരും ഓരോ കഥ വായിച്ച്‌ അതിന്റെ ചുരുക്കം പറയണം. ഞാനൊന്ന്‌ കുളിച്ചിട്ട്‌ വരാം. എന്നിട്ട്‌ സാധനങ്ങൾ തരാം!” അച്‌ഛൻ ബാഗുമായി അകത്തേക്ക്‌ പോയി.

മൂന്നുപേരും ഓരോ പുസ്‌തകമെടുത്തു. ശിൽപ ആദ്യം തന്നെ ഏറ്റവും വലിയ പുസ്‌തകമാണെടുത്തത്‌. മറ്റു രണ്ടുപേരും ഇതുകണ്ട്‌ അവളെ കളിയാക്കിച്ചിരിച്ചു. അവൾ അത്‌ കാണാത്ത മട്ടിൽ ശബ്‌ദമില്ലാതെ വായിക്കാനാരംഭിച്ചു.

അപ്പോഴും മൂത്തവർ പുസ്‌തകം തുറന്ന്‌ മുഖത്തോട്‌ ചേർത്തു പിടിച്ച്‌ ശിൽപയെ നോക്കി എന്തൊക്കെയോ കുശുകുശുത്തു.

അച്‌ഛൻ കുളി കഴിഞ്ഞെത്തി. കലേശനും ശെൽവിയും ശിൽപയെ ചൂണ്ടിക്കാണിച്ച്‌ അച്‌ഛന്റെ കാതിൽ എന്തോ മന്ത്രിച്ചു. അവളെ നോക്കി അച്‌ഛനും ചെറുതായൊന്ന്‌ ചിരിച്ചു. അവൾ ഇതൊന്നും ശ്രദ്ധിക്കാതെ വായന തന്നെ.

“എന്താ ശിൽപമോളേ, നീ വലിയ പുസ്‌തകമാണല്ലോ എടുത്തത്‌?”

“അതേച്ഛാ. എല്ലാ അക്ഷരങ്ങളും എനിക്കറിയാമല്ലോ. പുസ്‌തകം ചെറുതായാലെന്ത്‌, വലുതായാലെന്ത്‌? വായിക്കാൻ പറ്റും!”

“ഇപ്പോൾ നിങ്ങളെന്തു പറയുന്നു? ശിൽപ പറഞ്ഞത്‌ ശരിയല്ലേ?” അച്‌ഛൻ മൂത്തവരുടെ നേരെ നോക്കി. അവർ മിണ്ടാതെ നിന്നതേയുളളൂ.

“ശരി ശരി. നിങ്ങളല്ലേ മുതിർന്നവർ! നിങ്ങൾ പഠിച്ച കഥ ആദ്യം പറയൂ. കലേശൻ തുടങ്ങിക്കോളൂ.” അവൻ ശെൽവിയെ നോക്കി; ശെൽവി അവനേയും. എന്തു ചെയ്യേണ്ടുവെന്നറിയാതെയുളള അവരുടെ നോട്ടത്തിൽ നിന്നുതന്നെ അച്‌ഛന്‌ കാര്യം മനസ്സിലായി. അവർ പുസ്‌തകം വായിച്ചിരുന്നില്ല!

ശിൽപ പുസ്‌തകം അടച്ചുവെച്ചു. “എന്റേത്‌ ‘അറിവ്‌ തരും കഥകളാ’ണ്‌. അതിലെ ആദ്യ കഥയുടെ ചുരുക്കം പറയട്ടേ, അച്‌ഛാ?”

“എന്റേത്‌ വീരകഥകളാണ്‌.” കലേശൻ പറഞ്ഞു.

“എന്റേത്‌ നീതിസാരകഥകളും.” ശെൽവി.

“പക്ഷെ, നിങ്ങളവ വായിച്ചില്ലല്ലോ. ശിൽപ വായിച്ച കഥയുടെ ചുരുക്കം അവൾ പറയട്ടെ.”

“കണ്ടോ! നിങ്ങളൊക്കെ അവളെ പരിഹസിച്ചില്ലേ? ഒരുത്തൻ ഒമ്പതിൽ. മറ്റവൾ ഏഴിൽ. ഒരു കഥ കേൾപ്പിക്കാൻ അഞ്ചാം ക്ലാസ്സുകാരി വേണ്ടിവന്നു! എന്റെ മോള്‌ കഥ പറയ്‌.” അമ്മയും അടുത്തുവന്നു.

“ആദ്യകഥ ‘വലിപ്പത്തിൽ അഹങ്കരിക്കരുത്‌’ എന്നാണ്‌.” അവൾ കഥ പറയാൻ തുടങ്ങി.

ഒരു പറമ്പിൽ വലിയ ഒരു തെങ്ങ്‌ നിന്നിരുന്നു. താഴെ ഒരു പുൽക്കൊടിയും. തരം കിട്ടുമ്പോഴൊക്കെ പുൽക്കൊടിയെ കളിയാക്കുന്ന ശീലം തെങ്ങിനുണ്ടായിരുന്നു. കാറ്റും കോളും ഉണ്ടാകാനുളള ലക്ഷണം കണ്ട ഒരു ദിവസം തെങ്ങ്‌ പറഞ്ഞുഃ

“എന്റെ പുൽക്കൊടീ, ചെറിയ കാറ്റടിച്ചാൽ മതി, നീയാടിത്തുടങ്ങാൻ. ഇന്ന്‌ കാറ്റും കോളുമുണ്ടാകാനിടയുണ്ട്‌. കൊടുങ്കാറ്റടിച്ചാൽ പോലും ഞാനനങ്ങില്ല. നീയോ!”

പുൽക്കൊടി മിണ്ടിയില്ല. വലിപ്പവും ബലവുമില്ലാത്ത തന്നെക്കുറിച്ചോർത്ത്‌ അവൾ ദുഃഖിച്ചു.

കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും കാറ്റടിച്ചു. കാറ്റിന്റെ ശക്തിയിൽ പുൽക്കൊടി നേരെ നിൽക്കാനാവാതെ താഴേക്ക്‌ ചാഞ്ഞു. മഴയും കൂടിയെത്തിയതോടെ തലയുയർത്താനാവാതെ അത്‌ മണ്ണിൽത്തന്നെ കിടന്നു. തെങ്ങാകട്ടെ കാറ്റിനെതിരെ ആടിയുലഞ്ഞുകൊണ്ടിരുന്നു. അധികം കഴിഞ്ഞില്ല, കാറ്റ്‌ കൊടുങ്കാറ്റായി മാറി. അതിനെതിരെ നിവർന്നു നിൽക്കാൻ ശ്രമിച്ച തെങ്ങ്‌ ഒടുവിൽ കടപുഴകി താഴെ വീണു!

കാറ്റും മഴയും ശമിച്ചപ്പോൾ പുൽക്കൊടി പതുക്കെ തലയുയർത്തി. താഴെ വീണുകിടക്കുന്ന തെങ്ങിനെയാണ്‌ അപ്പോൾ കണ്ടത്‌. തെങ്ങിന്റെ ദയനീയമായ കിടപ്പ്‌ കണ്ട്‌ പുൽക്കൊടിക്ക്‌ സങ്കടം വന്നു.

“പുൽക്കൊടീ, ഇപ്പോൾ നീയാണ്‌ കേമൻ! ഞാൻ വീണുപോയില്ലേ? കാറ്റടിച്ചപ്പോൾ നീ വളഞ്ഞുകൊടുത്തതല്ലേയുളളൂ. ഞാൻ ചെറുത്തു നിന്നു. പക്ഷെ, കടപുഴകിപ്പോയി! ഉയരവും ബലവും കുറഞ്ഞ നിന്നെ ഞാൻ കളിയാക്കി. എന്നോട്‌ പൊറുക്കുക…” തെങ്ങിന്‌ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. പുൽക്കൊടി അറിയാതെ തേങ്ങിപ്പോയി.

“ഇത്‌ നല്ല കഥയല്ലേയച്ഛാ? ‘ഏഴിലംപാലയും കുഞ്ഞിപ്പൂവും’ എന്നൊരു പാഠം ഞങ്ങളുടെ പുസ്‌തകത്തിലുണ്ട്‌. ഇതുപോലെ തന്നെ.”

“മോൾ സാമ്യം കണ്ടെത്തിയല്ലോ. നല്ലത്‌. ഇതുപോലെ വേണം കുട്ടികൾ. വലിയ പുസ്‌തകമാണെന്നോർത്ത്‌ വായിക്കാതിരുന്നില്ലല്ലോ. ഇതാ ശിൽപയ്‌ക്കുളള പേന!”

“എപ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നത്‌ എനിക്ക്‌ വലിയ ഇഷ്‌ടമാ.” ശിൽപ.

“കണ്ടത്‌ പഠിച്ചാൽ പണ്‌ഡിതനാകുമെന്നൊരു ചൊല്ലുണ്ട്‌. നിങ്ങൾ ശിൽപയെ കണ്ട്‌ പഠിക്ക്‌!” മൂത്തവരെ നോക്കി അമ്മ പറഞ്ഞു. അവർ തലകുനിച്ചു നിന്നു.

“നല്ലത്‌ തിരിച്ചറിഞ്ഞ്‌ അവ പഠിക്കുമ്പോഴാണ്‌ അറിവ്‌ വർദ്ധിക്കുക. നാളെ നിങ്ങളും കഥ വായിച്ച്‌ ചുരുക്കം പറഞ്ഞു കേൾപ്പിക്കണം. നിങ്ങൾക്കുളളത്‌ അപ്പോൾ തന്നാൽ പോരേ?” അച്‌ഛൻ കലേശനോടും ശെൽവിയോടും ചോദിച്ചു.

“അതു മതിയച്ഛാ! ഞങ്ങൾ നാളെത്തന്നെ വായിച്ച്‌ കഥ കേൾപ്പിക്കാം.” ശിൽപയുടെ പേന വാങ്ങി ഭംഗി

നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ അവർ പറഞ്ഞു.

“സമയം സന്ധ്യയായി. ശെൽവീ, വിളക്ക്‌ കൊളുത്താം.” അമ്മ. എല്ലാവരും എഴുന്നേറ്റു.

Generated from archived content: unnikadha1_sep2_05.html Author: poovai_amudan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here