പ്രിയമുള്ളവരേ, കേരളത്തിന്റെ ഓമനകളേ,
ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്, മഹത്തായ ഒരു കവിതയിലേയ്‌ക്ക് – മഹാകവി വള്ളത്തോളിന്റെ ഹൃദയത്തിലേയ്‌ക്ക്. കേരളത്തനിമയുടെയും ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വമാനവികതയുടേയും ഉജ്ജ്വല വക്താവായിരുന്നു നമ്മുടെ മഹാകവി. സ്വാതന്ത്ര്യലബ്ധിക്കു ഏറെ മുമ്പ് അദ്ദേഹം ഇങ്ങനെ പാടുകയുണ്ടായി.
ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം
ചോര നമുക്കു ഞരമ്പുകളിൽ.
എന്റെ നാടു കേരളമാണ് എന്നു പറയുമ്പോൾ ഞരമ്പുകളിൽ ചോര തിളച്ചിരുന്നു, അന്ന്. എന്റെ ജന്മഭൂമി ഭാരതമാണ് എന്നു പറയുമ്പോൾ ഹൃദയം അഭിമാനത്താൽ വിജൃംഭിതമായിരുന്നു, അന്ന്. ഗാന്ധിജിയുടേയും ടാഗോറിന്റെയും ഗോഖലേയുടേയും, നേതാജിയുടേയും വാക്കുകൾക്കൊപ്പം വള്ളത്തോൾ മഹാകവിയുടെയും വരികൾ ജനങ്ങളെ ആവേശത്തിന്റെ അലകടലാക്കി മാറ്റിയിരന്നു, അന്ന്. പക്ഷേ, ഇന്നോ? ദേശസ്നേഹമെവിടെ? ദേശീയതയെവിടെ? ഒരാത്മപരിശോധന നാം നടത്തേണ്ടിയിരിക്കുന്നു.
ദേശസ്നേഹത്തോടൊപ്പം ജനങ്ങളിൽ ഭാഷാസ്നേഹവും കലാസ്നേഹവും മനുഷ്യസ്നേഹവുമൊക്കെ കോരിനിറച്ച ആളായിരുന്നു വള്ളത്തോൾ നാരായണമേനോൻ. തനിക്കു മാതൃഭാഷയോടുള്ള സ്നേഹം ഉദ്‌ഘോഷിക്കുകയും പ്രവർത്തിച്ചുകാട്ടുകയും ചെയ്തു അദ്ദേഹം. മാത്രമല്ല, മറ്റുള്ളവര ആ വഴിക്കു ഉത്സാഹഭരിതരാക്കാൻ ഒരു കവിതയും വള്ളത്തോൾ എഴുതിയിട്ടുണ്ട് – “എന്റെ ഭാഷ”.
സന്നികൃഷ്ടാബ്ധിതൻ ഗംഭീരശൈലിയും സഹ്യഗിരിതന്നടിയുറപ്പും
ഗോകർണ്ണക്ഷേത്രത്തിൻ നിർവൃതികത്വവും ശ്രീകന്യാമാതിൻ പ്രസന്നതയും…
അതെ, പടിഞ്ഞാറുഭാഗത്തു നിരന്തരം ഉയരുന്ന അലമാലകളുടെ ഗാംഭീര്യമാർന്ന ശൈലിയാണ് എന്റെ ഭാഷയുടേത്. കിഴക്കു തലയെടുപ്പോടെ നിൽക്കുന്ന സഹ്യപർവ്വതനിരയുടെ അടിയുറപ്പും അതിനുണ്ട്. ഒപ്പം വടക്കിന്റെയും തെക്കിന്റെയും വിശേഷങ്ങൾകൂടി കവി പറഞ്ഞു. പക്ഷെ, 1927ലെ കാര്യമാണത് – “എന്റെ ഭാഷ” എന്ന കവിതയുടെ പിറവിക്കാലം.
അന്നത്തെ കേരളമല്ല ഇന്നത്തെ കേരളം. അന്നു കേരളത്തിന്റെ വടക്കേ അതിർത്തിയിൽ ഗോകർണ്ണക്ഷേത്രവും തെക്കേ അതിർത്തിയിൽ കന്യാകുമാരിയും ആയിരുന്നു. 1947ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ ഭൂരിപക്ഷം ജനങ്ങൾ സംസാരിക്കുന്ന ഭാഷയുടെ പേരിൽ സംസ്ഥാനങ്ങൾ രൂപീകൃതമായല്ലോ. അതോടെ ഗോകർണ്ണം കർണ്ണാടകത്തിന്റെ കൈകളിലായി. കന്യാകുമാരിയെ തമിഴ്‌നാടും കൊണ്ടുപോയി! അങ്ങനെ തലയും കാലും വെട്ടിമാറ്റപ്പെട്ട നടുക്കണ്ടമായി മാറീ നമ്മുടെ കേരളം! എങ്കിലെന്ത്? നമുക്കു കവിയുടെ വാക്കുകൾ ശ്രദ്ധിക്കാംഃ
ഗംഗപോലുള്ള പേരാറ്റിൻ വിശുദ്ധിയും
തെങ്ങിളംകായ്‌നീരിൻ മാധുര്യവും
ചന്ദനൈലാലവംഗാദി വസ്തുക്കൾ തൻ
നന്ദിതഘ്രാണമാം തൂമണവും
ആർക്കെങ്കിലും പിടിച്ചെടുക്കാൻ, മുറിച്ചെടുക്കാൻ, അപഹരിക്കാൻ കഴിയുന്നതാണോ? ‘അല്ല’ എന്നാണ് പറയേണ്ടത്. പക്ഷേ, സ്ഥിതി അതല്ലല്ലോ!
മലയാളത്തിന്റെ വിശുദ്ധിയും മാധുര്യവും സുഗന്ധവുമൊക്കെ ആരെല്ലാമോ ചേർന്നു കവർന്നിരിക്കയാണ്. ജീവിതത്തിന്റെ വിവിധമേഖലകളിൽ ഇംഗ്ലീഷുഭാഷയുടെ വർദ്ധിച്ച കടന്നുകയറ്റവും ആ ഭാഷയോടു നാം കാണിക്കുന്ന അന്ധമായ, അടിമത്തത്തിനു തുല്യമായ അഭിനിവേശവുമാണ് അതിന്നു കാരണം. അങ്ങനെ അക്രമിക്കപ്പെടും അവഗണിക്കപ്പെടും വികലയായി, വിവശയായി, വിവർണ്ണയായി നിലവിളിക്കുകയാണ് മലയാളഭാഷ!
സംസ്‌കൃതഭാഷതൻ സ്വാഭാവികോജസ്സും
സാക്ഷാൽത്തമിഴിന്റെ സൗന്ദര്യവും
ഒത്തുചേർന്നുള്ളൊരു ഭാഷയാണെൻഭാഷ
മത്താടിക്കൊൾകഭിമാനമേ നീ!
എന്നു തുടർന്നുള്ള വരികളിൽ മഹാകവി വള്ളത്തോൾ പാടിയതുപോലെ ഇന്നു അഭിമാനപൂർവ്വം എത്ര മലയാളികൾക്കു പാടാൻ കഴിയും? “മലയാലം എനിക്ക് അരിയില്ല” എന്നും “മലയാലം എനിക്കു കയ്‌ക്കുന്നു” എന്നും “മലയാളം കൊരച്ച് കൊരച്ച് അരിയു”മെന്നുമൊക്കെ കുട്ടികൾ പറയുമ്പോൾ ചിരിക്കുകയോ കരയുകയോ വേണ്ടതെന്നറിയാതെ കുഴങ്ങുകയാവും യഥാർത്ഥ ഭാഷാസ്നേഹികൾ!
മലയാളമെന്നതു മാതാവിൽ നിന്നു നമുക്കു ലഭിക്കുന്ന സ്നേഹോഷ്മളമായ ആദ്യചുംബനമാണ്. മരണം വരെയും സിരകളിൽ മധുരം പെയ്യുന്ന പാലാഴിയാണത്. വള്ളത്തോളിന്റെ വാക്കുകളിൽ അമൃതം തന്നെയാണ് മാതൃഭാഷ.
മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലിനൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നതൊന്നാമതായ്?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ
മാതാവിൻ വാത്സല്യമുഗ്‌ദ്ധം നുകർന്നാലേ
പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ
അമ്മതാൻ തന്നെ പകർന്നു തരുമ്പൊഴേ
നമ്മൾക്കമൃതുമമൃതായ് തോന്നൂ.
ശരിയല്ലേ? പാൽമണം തൂകുന്ന ചുണ്ടുകൾ വിടർത്തി ഒരു കുഞ്ഞു ആദ്യമായി മൊഴിയുന്നതു ‘അമ്മ’ എന്ന രണ്ടക്ഷരമല്ലേ? തുടക്കത്തിൽ അതിലും ചുരുക്കി, ‘മ്മ’ എന്ന ഒറ്റക്കൂട്ടക്ഷരമായിട്ടാവാം ആ കൊഞ്ചൽ. മധുരമായ കൊഞ്ചൽ. അമൃതമധുരമായ കൊഞ്ചൽ. ഒരു കുഞ്ഞിന്റെ വളർച്ചയ്‌ക്കു അമ്മിഞ്ഞപ്പാൽ എത്രമേൽ അനിവാര്യവും ഗുണകരവുമാണോ, അതുപോലെയാണ് മാതൃഭാഷ പഠനവും.
മറ്റുഭാഷകൾ വേണ്ടെന്നല്ല ഇതിനർത്ഥം. അവ പിന്നീടു മതി. ആദ്യം ദ്രവരൂപത്തിലുള്ള ഭക്ഷണം. പല്ലു മുളയ്‌ക്കുമ്പോഴും എല്ലുറയ്‌ക്കുമ്പോഴും മതിയല്ലോ കടുപ്പത്തിലുള്ള ഭക്ഷണങ്ങൾ. സ്വാഭാവികവും പ്രകൃതിദത്തവും ശാസ്ര്തീയവുമായ ഭക്ഷണരീതിയുടെ ആദ്യപടിയാണ് ദ്രവരൂപത്തിലുള്ള നൽകൽ. അടുത്തപടിയായി ഖരഭക്ഷ്യങ്ങളെ ഉണക്കിപ്പൊടിച്ചും, ഉടച്ചും, വെള്ളത്തിൽ കലക്കിയും കുറുക്കിയുമാണ് നാം കുട്ടികൾക്കു കൊടുക്കാറുള്ളത്. അതുപോലെ മറ്റുഭാഷകളിലെ മികച്ച അറിവുകളെ മാതൃഭാഷയിലാക്കി വേണം നൽകാൻ. എങ്കിലേ ഹൃദ്യവും പോഷകപ്രദവുമാകൂ.
ഏതൊരു വേദവു, മേതൊരു ശാസ്ര്തവും
ഏതൊരു കാവ്യവുമേതൊരാൾക്കും
ഹൃത്തിൽപ്പതിയണമെങ്കിൽ സ്വഭാഷതൻ
വക്‌ത്രത്തിൽ നിന്നുതാൻ കേൾക്കവേണം.
* * * *
ആദിമകാവ്യവും പഞ്ചമവേദവും
നീതിപ്പൊരുളുമുപനിഷത്തും
പാടിസ്വകീയരെക്കേൾപ്പിച്ച കൈരളി
പാടവഹീനയെന്നാർപറയും?
വേദങ്ങളോ, ശാസ്ര്തങ്ങളോ, കാവ്യ-നാടക-പുരാണ-ഇതിഹാസങ്ങളോ എന്തുമാകട്ടെ, ഒരു മലയാളിക്കു മലയാളഭാഷയിൽ തന്നെ ലഭ്യമാകണം. എങ്കിലേ അവ മനസ്സിൽ തട്ടുന്നതും പിന്നീടു ഓർമ്മിക്കത്തക്കതും ആവുകയുള്ളൂ. മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാനും പ്രചരിപ്പിക്കുവാനും സാധിക്കൂ. ഇക്കാര്യത്തിൽ കഴിവില്ലാത്തവളാണ് കൈരളിയെന്നു പറയാൻ വയ്യ. ആദികാവ്യമെന്നു കീർത്തിക്കപ്പെടുന്ന വാൽമീകിരാമായണവും ഋഗ്വേദസംഹിതയും പുരാണങ്ങളും മറ്റും മലയാളത്തിലേയ്‌ക്കു മൊഴിമാറ്റം ചെയ്തു തന്റെ കഴിവും, ഭാഷയുടെ കഴിവും ഒരുപോലെ തെളിയിച്ചിട്ടുള്ള വള്ളത്തോൾ വീണ്ടും പറയുന്നുഃ
അന്യഭാഷാബ്ധിയിലാണ്ടാണ്ടു മുങ്ങിയ
ധന്യരേ, നിങ്ങൾതൻ വേല പാഴിൽ
മാൽപെട്ടതിൽനിന്നുപാർജ്ജിച്ച രത്നങ്ങൾ
മാതാവിന്നായിസ്സമർപ്പിക്കായ്‌കിൽ.
സംസ്‌കൃതത്തിൽ മാത്രമല്ല, ഇംഗ്ലീഷിലും, ജർമ്മനിലും, ഫ്രഞ്ചിലും, റഷ്യനിലുമെല്ലാം മഹത്തായ കൃതികളുണ്ട്. അതിനാൽ അത്തരം ഭാഷകൾ പഠിക്കുന്നവർ ആ ഭാഷകളിലെ മുത്തും രത്നവും വാരി സ്വന്തം ഭാഷാമാതാവിനു സമർപ്പിച്ചേ പറ്റൂ. ഇല്ലെങ്കിൽ അവരുടെ പ്രയത്നം വൃഥാവിലാണ്; അവർ സ്വാർത്ഥികളാണ് എന്നു പറയേണ്ടിവരും. എന്നിട്ട് അദ്ദേഹം ഓർമ്മിപ്പിക്കുന്നുഃ
എത്ര ലജ്ജാകരം എത്ര ദുഃഖപ്രദം
പുത്രധർമ്മങ്ങൾ മറന്നിടായ്‌വിൻ
മാതൃഭാഷയ്‌ക്കിഹ ദാസ്യം നടത്തായ്‌കിൽ
ആധിപത്യത്തിന്നനർഹർ നിങ്ങൾ
ഭക്ത്യാ സ്വഭാഷതൻ കാൽക്കൽ കുനിയായ്‌കിൽ
അത്തലയെങ്ങിനെ പൊങ്ങിനിൽക്കും?
മഹത്തായ ഗ്രന്ഥങ്ങൾ വേണ്ടത്ര ലഭിക്കാതെ, അറിവിനുവേണ്ടി വിശന്നു വലയുകയാണ് മലയാളിക്കുട്ടികൾ. അവരെ നോക്കി വിഷമിച്ചിരിക്കുന്നു, അമ്മയായ മലയാളഭാഷ. ആ അമ്മയെ ആശ്വസിപ്പിക്കേണ്ടത് അന്യഭാഷാജ്ഞാനം നേടിയ മിടുക്കരായ മക്കളാണ്. അവർ അങ്ങനെ ചെയ്യുകതന്നെ വേണം. അതാണ് പുത്രധർമ്മമെന്നു മറക്കരുത്. മാതൃഭാഷയ്‌ക്കുവേണ്ടി ദാസ്യപ്രവൃത്തി ചെയ്യുന്നതിൽ ഒട്ടും ലജ്ജിക്കേണ്ടതില്ല. കാരണം, ആധിപത്യത്തിനുള്ള അർഹത ആ വഴിക്കേ നേടാനാവൂ. വിനയമില്ലെങ്കിൽ വളർച്ചയില്ല. സ്വന്തം ഭാഷയുടെ മുന്നിൽ ഭക്തിപൂർവ്വം നമസ്‌കരിക്കൂ. അപ്പോൾ മാത്രമേ ശിരസ്സുയർത്തിപ്പിടിച്ചു നടക്കാൻ നാം ശക്തരാകൂ.
ബുദ്ധിമാന്മാരേ സ്വഭാഷത്തറവാട്ടിൽ
സ്വത്തുവളർത്തുവാൻ യത്നം ചെയ്‌വിൻ
ആലസ്യത്തിന്നു നിവാപാംബു നൽകുവിൻ
ഫാലത്തിലോലും വിയർപ്പിനാലേ!
അതിനാൽ പ്രതിഭാധനരും പ്രബുദ്ധരുമായ ഓരോ കേരളീയനും ചെയ്യേണ്ടുന്നതു മറ്റൊന്നല്ല. സ്വന്തം ഭാഷയുടെ തറവാട്ടിൽ കൂടുതൽ കൂടുതൽ സ്വത്തുണ്ടാക്കിവെക്കുക തന്നെ. തറവാടു പൊളിച്ചും ഭാഗിച്ചും അന്യർക്കുവിറ്റും നശിപ്പിക്കുകയല്ല വേണ്ടത്. തന്റെ അനന്തര തലമുറകൾക്കു ആനന്ദിച്ചു ജീവിക്കാനുള്ള വസ്തുവകകൾ ഉണ്ടാക്കിവെക്കുകയാണ്. അതിന്നു അത്യദ്ധ്വാനം ചെയ്യണം. നെറ്റിത്തടത്തിലെ വിയർപ്പുതുള്ളികൾ കൊണ്ട് ഹേ, ഭാഷാസ്നേഹികളേ ആലസ്യത്തിനു ഉദകക്രിയ ചെയ്യാൻ ഒരുങ്ങൂ!
എൺപതുവർഷം മുമ്പ് മഹാകവി വള്ളത്തോൾ നടത്തിയ ആഹ്വാനം തുടക്കത്തിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്നു സമ്മതിക്കാം. പക്ഷെ, ഭാഷയുടെ പേരിൽ പ്രത്യേക സംസ്ഥാനമായി ഐക്യകേരളം പിറവിയെടുത്തതിന്റെ സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഒന്നു വിലയിരുത്തി നോക്കൂ. നമ്മുടെ ഭാഷ അത്യന്തം പീഡിതയും വിവശയുമായി വിലപിക്കുകയല്ലേ? ആ വിവശത മാറ്റി ഭാഷാമാതാവിനു ശക്തിയും സൗന്ദര്യവും പകരാൻ ഓരോ മലയാളിയും ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാഷ്ര്ടപിതാവായ ഗാന്ധിജിയുടെ വാക്കുകൾ കൂടി നമുക്കു വഴികാട്ടിയാകട്ടെഃ
“ഞാൻ മാതൃഭാഷയോടു, എന്തൊക്കെ കുറവുകൾ അതിനുണ്ടായാലും, അമ്മയുടെ മാറിനോടെന്നപോലെ പറ്റി നിൽക്കുന്നു. അവിടെനിന്നു മാത്രമേ എനിക്കു ജീവദായകമായ മുലപ്പാൽ ലഭിക്കൂ.”
“മാതൃഭാഷയിൽ പഠിക്കാൻ അവസരം ലഭിക്കുക എന്നതു കുട്ടികളുടെ ജന്മാവകാശമാണ്” എന്നും പറഞ്ഞിട്ടുള്ള ഗാന്ധിജി പക്ഷെ, ഇംഗ്ലീഷിനെ ലോകഭാഷയായി ആദരിക്കുന്നുണ്ട്. “ഐച്ഛികഭാഷ എന്ന നിലയിൽ അതിനു ഞാൻ രണ്ടാംസ്ഥാനമേ കല്പിക്കുന്നുള്ളൂ. അതും സ്‌കൂളിലല്ല, ഉന്നതവിദ്യാഭ്യാസത്തിനു മാത്രം” എന്നും അദ്ദേഹം വ്യക്തമാക്കി.
അതിനാൽ നമുക്കു ഓരോരുത്തർക്കും ഇങ്ങനെയൊരു പ്രതിജ്ഞയെടുക്കാംഃ “മലയാളം എന്റെ മാതൃഭാഷയാണ്. അതിനെ ഞാൻ ആദരവോടെ ഉപയോഗപ്പെടുത്തും. സ്നേഹത്തോടെ വളർത്തും. ഇതര ഭാഷകളുമായുള്ള സൗഹൃദത്തിലൂടെ, സഹകരണത്തിലൂടെ എന്റെ ഭാഷയെ സമ്പന്നവും മഹത്തരവുമാക്കുമെന്നുകൂടി ഞാൻ സത്യം ചെയ്യുന്നു; പ്രതിജ്ഞ ചെയ്യുന്നു. എന്റെ ഭാഷ നീണാൾ വാഴട്ടെ”!
Generated from archived content: kathaprasangam_dec5_07.html Author: pi_sankaranarayanan