ചെല്ലക്കിളി ചെമ്മാനക്കിളി- 7

അടുത്ത കൂട്ടുകാരായ മണിക്കുട്ടനും സുനിമോനും കീരിയും പാമ്പും പോലെ ശത്രുക്കളായോ എന്നു കുട്ടികള്‍ പരസ്പരം ചോദിച്ചു.

തമ്മില്‍ അടികൂടുന്നില്ല. ചീത്തപറയുന്നില്ല. എന്നാലും ക്ലാസില്‍ മണിക്കുട്ടന്റെ അടുത്തുള്ള ഇരിപ്പ് സുനിമോന്‍ മാറ്റി. വളരെ അകലത്താണ് ഇപ്പോള്‍ ഇരിക്കുന്നത്.

മുഖത്തോടു മുഖം നോക്കിയിട്ടു വേണ്ടേ എന്തെങ്കിലും സംസാരിക്കുന്നത്.. ഒന്നു ചിരിക്കുന്നത്..

തോളില്‍ കൈയിട്ടു നടന്നവര്‍. ഒരുമിച്ചു കളിച്ചവര്‍.. ഒരേ പാത്രത്തില്‍ ഉണ്ടവര്‍!

‘മണിക്കുട്ടാ… നീ സുനിമോനുമായി വഴക്കിട്ടോ..?’ ഒരു കൂട്ടുകാരന്‍ ചോദിച്ചു.

്അവന്‍ മറുപടി പറഞ്ഞില്ല.

‘നിന്നെ അവന്‍ വല്ലോം പറഞ്ഞോ?’ അതിനും മറുപടി പറഞ്ഞില്ല.

‘പെണങ്ങിയേന്റെ കാര്യം പറ..?

മൗനമായിരുന്നു അതിന്റെയും മറുപടി.

ഇതേ ചോദ്യങ്ങള്‍ തന്നെ പല കൂട്ടുകാരും സുനിമോനാടായി ആവര്‍ത്തിച്ചു. അവനും ഒന്നും പറഞ്ഞില്ല.

ക്ലാസ് ടീച്ചര്‍ വന്നപ്പോള്‍ ഒരു കുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു-

‘ സാര്‍ സുനിമോന്‍ സ്ഥലം മാറിയിരിക്കുന്നു’

അപ്പോഴാണ് ടീച്ചര്‍ രണ്ടുപേരെയും ശ്രദ്ധിച്ചത്.

‘സ്റ്റാന്‍ഡ് അപ്പ്’ ടീച്ചര്‍ സുനിമോനോടായി ചോദിച്ചു ‘ ആരു പറഞ്ഞു അവിടെ മാറിയിരിക്കാന്‍’

അവന്‍ പതിഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കി ‘ ആരും പറഞ്ഞില്ല.. ഞാനിവിടെ ഇരുന്നോളാം ടീച്ചര്‍’

‘എന്താ കാരണം?’

അതിനു മറുപടിയില്ലായിരുന്നു

‘നിന്റെ സ്ഥാനത്തു ചെന്നിരിക്ക്’

അവന്റെ കണ്ണുകള്‍ നിറയുന്നതു കണ്ടപ്പോള്‍ മാറിയിരിക്കാന്‍ ടീച്ചര്‍ നിര്‍ബന്ധിച്ചില്ല. എന്തോ തക്കതായ കാരണം കാണും. രണ്ടു പേരും നല്ലപോലെ പഠിക്കുന്നവര്‍.. കുട്ടികളെല്ലേ.. പിണക്കവും ഇണക്കവും ഉണ്ടാകാന്‍ നിമിഷങ്ങള്‍ മതി. ഇപ്പോള്‍ ചോദ്യം ചെയ്തു വിഷമിപ്പിക്കണ്ട.. പിണക്കം നീണ്ടു പോയാല്‍ അപ്പോള്‍ വേണ്ടതു ചെയ്യാം..

ദിവസങ്ങള്‍ പലതു കടന്നു.

പിന്നെയും ചില കുട്ടികള്‍ തമ്മില്‍ പിണങ്ങി. പിണങ്ങിയതിനേക്കാള്‍ വേഗത്തില്‍ ഇണങ്ങി. പിന്നെയും പിന്നെയും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു.

പക്ഷെ, സുനിമോനും മണിക്കുട്ടനും തമ്മിലുള്ള പിണക്കം ഒരു പൊട്ടിത്തെറിയുമില്ലാതെ അതുപോലെ തുടരുകയായിരുന്നു. അധ്യാപകര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തപ്പോള്‍ രണ്ടു പേരും ഒരേ ഒരുത്തരം തന്നെ പറഞ്ഞു.

‘ഞാനിവിടെ ഇരുന്നോളാം..’

എങ്കിലും പിണക്കത്തിന്റെ കാരണം അവര്‍ പറഞ്ഞില്ല.

പരമുവേട്ടന്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയില്‍ ആശുപത്രിയില്‍ ദിവസങ്ങള്‍ തള്ളി വിട്ടതോടെ വീടു പട്ടിണിയിലായി…. നിത്യച്ചെലവിനു പണമുണ്ടാക്കണം. മണിക്കുട്ടനു പുസ്തകവും ഉടുപ്പുമൊക്കെ വാങ്ങണം.. ആശുപത്രിച്ചെലവിനും വേണം രൂപ.. കൂടാതെ എന്തെല്ലാം ആവശ്യങ്ങള്‍!

കല്യാണി പല വീടുകളിലെ അടുക്കളപ്പണി നടത്തിയുണ്ടാക്കുന്ന രൂപ കൊണ്ട് ഇതെല്ലാം ഒപ്പിക്കാന്‍ തികയുമോ.. ഒപ്പം രാത്രി വീട്ടിലിരുന്നു തീപ്പട്ടിക്കൊള്ളി നിരത്തുന്ന ജോലി കൂടി ചെയ്തു. അതിനു കിട്ടുന്ന പ്രതിഫലം വളരെ തുച്ഛം.

ഇതെല്ലാം കണ്ടു മനസു വിങ്ങിയ മണിക്കുട്ടന്‍ ഒരു ദിവസം അമ്മച്ചിയോടു പറഞ്ഞു

‘അമ്മച്ചീ.. ഞാന്‍ എന്നും പള്ളിക്കൂടത്തീന്നു വരുമ്പോ രണ്ടു കിലോ കപ്പലണ്ടി വാങ്ങിച്ചു വറത്തു വച്ചേയ്ക്ക്..’

‘എന്തിനാ മോനേ ഇത്രേം… ‘ കല്യാണി അത്ഭുതപ്പെട്ടു. തിന്നാനുള്ള കൊതിയേറ്റം കൊണ്ടാണെങ്കിലും രണ്ടു കിലോ കപ്പലണ്ടി എന്തിന്? ഇത്രേം കപ്പലണ്ടി മോന്‍ തിന്നുമോ..?

‘ തിന്നാനല്ലമ്മച്ചീ…’ അവന്‍ അമ്മയുടെ ഒരു വശത്തു ചേര്‍ന്നു നിന്നുകൊണ്ടറിയിച്ചു. ‘ ചന്തേ നടന്നു വില്‍ക്കാനാ….. വിറ്റു ലാഭമെടുക്കാനാ… നമ്മുടെ കഷ്ടപ്പാട് കുറയ്ക്കാനാ..’

‘വേണ്ട മോനേ… ‘ കല്യാണി ശക്തിയായി വിലക്കി . ‘ മോന്‍ ന്നായി പഠിച്ചാ മതി’

എങ്കിലും അവസാനം കല്യാണി അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി.

അതുകൊണ്ട് ചെറിയ ലാഭമേ കിട്ടുകയുള്ളൂ. .എന്നാലും അത്രയ്ക്കായല്ലോ.. പല തുള്ളി പെരുവെള്ളം…

കല്യാണി മണിക്കുട്ടന്റെ മൂര്‍ധാവില്‍ വീണ്ടും വീണ്ടും മുകര്‍ന്നുകൊണ്ട് ആനന്ദക്കണ്ണീര്‍ തൂകി.

സുനിമോനോട് വാസു മുതലാളിക്ക് ഓരോ ദിവസം കഴിയുന്തോറും ഇഷ്ടം കൂടിക്കൂടി വന്നു.

അച്ഛന്റെ ആഗ്രഹം അവന്‍ മനസിലാക്കിയിരിക്കുന്നു. തന്റെ വാശിയുടെ വിജയത്തിനായി അവന്‍ മണിക്കുട്ടനുമായുള്ള കൂട്ട് എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചിരിക്കുന്നു. അവന്റെ ്മുഖത്തു പോലും പൊന്നുമോന്‍ നോക്കിയില്ല. ക്ലാസില്‍ അടുത്തിരിക്കാന്‍ കൂടി ഇഷ്ടപ്പെടുന്നില്ല…

ആ അലവലാതി ചെക്കനെ വിഷത്തെപ്പോലെയാണവര്‍ വെറുക്കുന്നത്.

വാസു മുതലാളി അഭിമാനത്തോടെ സരസ്വതിയോട് പറഞ്ഞു.

‘നോക്കടീ.. നമ്മുടെ മോനെ.. ഇത്ര അനുസരണയുള്ള മക്കള്‍ വേറെ ആര്‍ക്കുണ്ടെടീ… ഇന്നു രാത്രി വരുമ്പം പൊന്നുമോനു ഞാനൊരു നല്ല സമ്മാനം വാങ്ങിച്ചോണ്ടുവരും..’

സരസ്വതിയുടെ മുഖം തെളിയുന്നതിനു മുന്നേ സുനിമോന്റെ ചുണ്ടുകളിലൂടെ പാല്‍ നിലാവ് ഒഴുകി..

പരമുവിന്റെ അസുഖം ക്രമേണ കുറഞ്ഞുവന്നു..

കല്യാണി ഭര്‍ത്താവിന്റെ ശുശ്രൂഷയില്‍ പ്രത്യേക ശ്രദ്ധിച്ചു.

സ്‌കൂള്‍ വിട്ട് വീട്ടിലെത്തി മാര്‍ക്കറ്റില്‍ പോയി കപ്പലണ്ടി വിറ്റു തീര്‍ന്നാല്‍ മണിക്കുട്ടന്‍ അച്ഛന്റെ അടുത്തേയ്ക്ക് ഓടും .. അവനെ അച്ഛന്റെ അടുത്തിരുത്തി കല്യാണി വിട്ടിലേക്കു പോകും. അവിടെയിരുന്ന് മണിക്കുട്ടന്‍ അന്നന്നുള്ള പാഠങ്ങള്‍ പഠിക്കും്.

ഡോക്റ്റര്‍ കുറിച്ചു കൊടുത്ത മരുന്നുകളെല്ലാം കല്യാണി വാങ്ങിക്കൊടുത്തു. വലിയ വിലയുള്ള മൂന്നു മരുന്നുകളുടെ കുറിപ്പടി കൊടുത്തതും കൃത്യസമയത്തു തന്നെ വാങ്ങിക്കൊടത്തു.

രണ്ടു മൂന്നു മാസങ്ങള്‍ക്കകം പരമുവേട്ടന്റെ അസുഖത്തിനു കാര്യമായ കുറവുണ്ടായി. പരസഹായം കൂടാതെ എഴുന്നേറ്റിരിക്കാനും സാവധാനം നടക്കാനുമുള്ള ആവതു കിട്ടി.. രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു..

മേലില്‍ കടുത്ത ജോലികള്‍ ചെയ്യരുതെന്നു ഡോക്റ്റര്‍ പ്രത്യേകം നിര്‍ദേശിച്ചു. ജീവിക്കണമല്ലോ.. എന്തു ചെയ്യും..? തുടര്‍ന്നും കുറെക്കാലം മരുന്നുകഴിക്കുകയും വേണം..

പല ദിവസങ്ങളിലെ ആലോചനയ്ക്കു ശേഷം പരമുവേട്ടന്‍ ഒരു തീരുമാനമെടുത്തു. റോഡിരികിലുള്ള കുടിലിനോട് ചേര്‍ന്നു ഒരു മാടക്കട.. വളരെ ചെറിയ മുതല്‍മുടക്ക്.. അപ്പപ്പോള്‍ വിറ്റു പോകുന്ന സാധനങ്ങള്‍ മാത്രം…

പരമുവേട്ടന്റെ മര്യാദയോടെയുള്ള പെരുമാറ്റവും മറ്റുള്ളവരുടെ സഹതാപവും ഒന്നുചേര്‍ന്നപ്പോള്‍ കച്ചവടം ഒന്നിനൊന്നു നന്നായി വന്നു…

കടയുടെ മുമ്പിലൂടെ കാറില്‍ പാഞ്ഞുപോയ വാസു മുതലാളി പല്ലു ഞെരിച്ചുകൊണ്ടു മനസില്‍ മുരണ്ടു.. ‘ തെണ്ടി .. ഇതെത്ര നാളത്തേയ്ക്കാ…ഏന്തിയും മുടന്തിയും നടക്കുന്ന ഇവന്റെ ഈ കച്ചവടം ഇന്നെല്ലെങ്കില്‍ നാളെ ചടഞ്ഞുവീഴും..’

Generated from archived content: chellakili7.html Author: nooranad_haneef

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here