അധ്യായം നാല്

വൈകീട്ട് സ്കൂളില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ മണിക്കൂട്ടന്‍ നടന്ന കാര്യങ്ങളെല്ലാം അമ്മച്ചിയോടു പറഞ്ഞു. കല്യാണി എല്ലാം മൂളിക്കേട്ടു. മാംസം വറ്റിയ കവിള്‍ത്തടങ്ങളിലെ നനവ് എല്ലിച്ച വിരലുകളാല്‍ തുടച്ചപ്പോള്‍ ഒരു ചിത്രം‍ മനസ്സില്‍ തെളിഞ്ഞു വാസുവും പരമുവും!

അവര്‍ ഇണപിരിയാത്ത ചങ്ങാതിമാര്‍. കുടിപ്പള്ളിക്കൂടം മുതല്‍ ഒന്നിച്ചു പഠിച്ചവര്‍. ഒരിക്കല്‍ പോലും തമ്മില്‍ പിണങ്ങുകയോ ശണ്ഠ കൂടുകയോ ചെയ്യാത്തവര്‍.

ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു രണ്ടു പേര്‍ക്കും കൂടി. കല്യാണി.

അവള്‍ക്ക് ഏറെ ഇഷ്ടം പരമുവിനെ ആയിരുന്നു. വാസുവിനേയും ഇഷ്ടമായിരുന്നു.

വിദ്യാഭ്യാസം കഴിഞ്ഞു ജോലിക്കു വേണ്ടി പലേടങ്ങളിലും പരമുവും വാസുവും അലഞ്ഞു. അവസാനം ഒരു തീരുമാനമെടുത്തു ഈ തൊഴില്‍ തെണ്ടല്‍ മതിയാക്കാം. എല്ലാ തൊഴിലും മാന്യതയുള്ളതാണ് മോഷണവും ഭിക്ഷാടനവും ഒഴികെ.

നിലം കിളച്ചു ഉഴുതു ചുമടെടുത്തു കൈവണ്ടി വലിച്ചു വീടുകള്‍ക്ക് അസ്തിവാരം തോണ്ടി ചാന്തു കൂട്ടി ഒരു നിമിഷം പോലും വെറുതെ ഇരുന്നില്ല.

ആവശ്യത്തിനു പണം കയ്യില്‍ വന്നു.

പണം കിട്ടിയപ്പോള്‍ വാസു ആളാകെ മാറി. സ്റ്റൈലന്‍ വേഷം. ദേഹം എപ്പോഴും മണക്കണം കോടീശ്വരപുത്രന്റെ ഭാവവും മട്ടും. വാര്‍ദ്ധക്യം ബാധിച്ച അച്ഛനും അമ്മയും വീട്ടില്‍ പട്ടിണിയില്‍. ഒരു പൈസാ അവിടെ കൊടുക്കില്ല വല്ലപ്പോഴും അവന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛന്‍ പറയും ‘’ ഒന്നും തന്നീല്ലേലും ഞങ്ങള്‍ക്ക് വിഷമം ഇല്ല നീ നല്ലോണം ജീവിക്കണമെന്നേ ഞങ്ങള്‍ക്ക് ആഗ്രഹമൊള്ളു ഞങ്ങളിവിടെ എങ്ങനേയും കഴിഞ്ഞോളാം മോനേ’‘

വീട്ടുകാരെ കൂടി നോക്കണമെന്നു പരമു പറയും. അവന്‍ അനുസരിക്കുകയില്ല ഈ ഒരു കാര്യത്തിലേ രണ്ടു പേരും തമ്മില്‍ പിണങ്ങുകയുള്ളു അതും നിമിഷനേരത്തേക്ക്.

പരമു ഒരു പൈസാ വെറുതെ കളയില്ല കിട്ടുന്നതില്‍ ഒരു പങ്ക് വീട്ടില്‍ കൊടുക്കും.

വിചാരിച്ചിരിക്കാതെ പരമുവും വാസുവും തമ്മില്‍ ഒരു അകല്‍ച്ച ഉണ്ടായത്.

കല്യാണിയെ വാസുവിനു വേണം.

പരമുവും കല്യാണിയും തമ്മില്‍ ഇഷ്ടമാണെന്നറിയാം. എങ്കിലും ഒരു നിര്‍ബന്ധം അവസാനം പരമു വിട്ടു വീഴ്ചയ്ക്കു തയ്യാറായി ചങ്ങാത്തത്തിനു ഒരു കുറവും ഉണ്ടാകരുത് കല്യാണിയെ വാസു വിവാഹം കഴിച്ചോട്ടെ…

ഉടനെ അതിനേക്കാള്‍ വലിയ ഒരു കുഴപ്പം തലപൊക്കി. വാസുവിനെ കല്യാണിക്ക് ഒട്ടും ഇഷ്ടമില്ല പരമുവേട്ടനില്ലാത്ത ഒരു ജീവിതം അവള്‍ക്കു വേണ്ട.

അങ്ങനെ പരമുവും കല്യാണിയും തമ്മില്‍ വിവാഹിതരായി. അതോടെ പരമുവും വാസുവും ബദ്ധ ശത്രുക്കളായി ആര്‍ക്കും കൂട്ടിവിളക്കാനാവാത്ത അകല്‍ച്ച.

പരമുവിനേയും കല്യണിയേയും അരച്ചു കലക്കിക്കൊടുത്താല്‍ വാസു സന്തോഷത്തോടെ ഒറ്റ വീര്‍പ്പിനു മോന്തും കാലം എത്ര വേഗതയിലാണ് മുന്നോട്ടു പോയതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ കല്യാണി ഓര്‍മ്മിച്ചു എന്തെല്ലാം എന്തെല്ലാം സംഭവങ്ങള്‍!

വാസു ഇന്നു വെറും വാസുവല്ല വാസുമുതലാളി.

ആ മാറ്റത്തിനു പിന്നില്‍ പല രഹസ്യങ്ങളുണ്ടെത്രെ.

പലരും പലതും പറയുന്നു എന്നാലും വലിയ പണക്കാരന്‍ എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം. അങ്ങനങ്ങു വിട്ടുകൊടുക്കുമോ? തോല്‍വി സമ്മതിക്കാന്‍ പരമു ഒരുക്കമല്ലായിരുന്നു. വാസുവിനെ പിന്നിലാക്കാന്‍ വിശ്രമം എന്തെന്നു പോലും അറിഞ്ഞു കൂടാത്ത പരമു പല മാര്‍ഗ്ഗങ്ങളും നോക്കി കുറയൊക്കെ നേട്ടം കണ്ടു തുടങ്ങിയതാണ്.

എന്തു ചെയ്യാം കടുത്ത ഒരു രോഗം കരുത്തനായ ശത്രുവിനേപ്പോലെ പാഞ്ഞെത്തി.

മൂന്നു പേര്‍ കൂടിയാണു ഒരു വലിയ പാറത്തുണ്ട് പരമുവിന്റെ തലയില്‍ പൊക്കി വച്ചു കൊടുത്തത്. പുഞ്ചിരി തൂകിക്കൊണ്ട് മുമ്പോട്ടു നടന്നു.

പത്തടി തികച്ചു നടന്നില്ല പാറക്കല്ലു താഴെ വീണു. ഒപ്പം പരമുവും.

നട്ടെല്ലിനു സാരമായ തകരാറ്.

എണീക്കാനോ നടക്കാനോ സാദ്ധ്യമല്ല.

നീണ്ട ചികിത്സകൊണ്ടു ഭേദമായേക്കും എന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

രണ്ടു സെന്റു തറ ഒഴികെയുള്ളതെല്ലാം വിറ്റു…

ആ തുകയും കടം വാങ്ങിയതുമെല്ലാം ചികിത്സയ്ക്കായി ചെലവാക്കി. ഇതുവരെ കാര്യമായ ഒരു മാറ്റവുമില്ല.

കല്യാണി പാല്‍ മണം മാറാത്ത കുഞ്ഞുമായി അന്തിച്ചു നിന്നു ! മണിക്കൂട്ടന്‍ എന്ന പൊന്നോമന! ഇനി എന്തു ചെയ്യും? ആരു സഹായിക്കും?

കെട്ട്യോനെ ചികിത്സിക്കണം പൊന്നുമോനെ വളര്‍ത്തണം ഒരു വഴിയും കാണുന്നില്ല.

ഇവിടെ തളര്‍ന്നു നിന്നാല്‍….

എന്തും വരട്ടെ കല്യാണി ഉറച്ച ഒരു തീരുമാനമെടുത്തു. ജീവിതം ജീവിക്കാനുള്ളതാണ് എത്ര പട്ടിണി കിടന്നാലും പരമുവേട്ടനെ ചികിത്സിപ്പിക്കും മണിക്കുട്ടനെ വലിയ പട്ടിണി ഇല്ലാതെ വളര്‍ത്തും അവനെ പഠിപ്പിക്കും.

അതിനായി കല്യാണി പല വീടുകളി‍ലും അടുക്കളപ്പണിക്കു പോയി പലേടത്തും കല്ലു ചുമക്കാന്‍ പോയി പാറ ഉടച്ച് മെറ്റലാക്കാന്‍ പോയി കെട്ടിടം പണിക്കും റോഡൂ പണിക്കും ഒക്കെ പോയി.

ഇന്നലകളെ പറ്റി ചിന്തിച്ചപ്പോള്‍‍ കല്യാണിക്ക് അഭിമാനം തോന്നി. കോടിക്കണക്കിനു രൂപാ നേടുന്നതിനേക്കാള്‍….

ഒന്നും മണിക്കുട്ടനറിഞ്ഞു കൂടാ അവനെ അറിയിച്ചിട്ടില്ല.

ഇന്നു സ്കൂളില്‍ വച്ചും മറ്റൊരു നാള്‍ സ്കൂളിലേക്കു പോകുന്ന വഴിയില്‍ വച്ചും പൊന്നുമോനുണ്ടാ യ രണ്ട് അനുഭവങ്ങള്‍.

സുനിമോനോടൊപ്പം കാറില്‍ കയറ്റി വാസുമുതലാളി കൊണ്ടു പോയത് ഉച്ചയാഹാരത്തിന് സുനിമോന്‍ മണിക്കുട്ടനെ കൂടെ ഇരുത്തി ഊട്ടിയത്.

വാസുമുതലാളിക്കു മനസ്സലിവുണ്ടായി എന്നതിന്റെ തെളിവുകളല്ലേ രണ്ടും? അദ്ദേഹം അറിഞ്ഞു തന്നെയാകണം.

ഇഷ്ടക്കേടുണ്ടെങ്കില്‍ കാറില്‍ നിന്ന് അപ്പഴേ ഇറക്കി വിട്ടേനെ കൂടെ ഇരുത്തി ഊട്ടിച്ചത് സുനിമോന്‍ വീട്ടില്‍ പോയി പറഞ്ഞപ്പോള്‍ വാസുമുതലാളിയും സരസ്വതിയും സന്തോഷിച്ചു കാണും.

എത്രകാലമായി തന്റെ മനസ്സില്‍ വളര്‍ന്നു വരുന്ന ഒരാഗ്രഹം വാസുമുതലാളിയും പരമുവേട്ടനും തമ്മില്‍ മുമ്പുണ്ടായിരുന്ന സ്നേഹം ഇടയ്ക്കു സംഭവിച്ച തടസ്സം പണ്ടത്തേതിനേക്കാള്‍ പല മടങ്ങായി മണിക്കുട്ടനിലൂടെയും സുനിമോനിലൂടെയും ആ സൗഹാര്‍ദ്ദവും സന്തോഷവും തഴച്ചു വളരും. വളരണം അത്രയും മനസില്‍ നിറഞ്ഞപ്പോള്‍ കല്യാണി സ്വയം മറന്നു കണ്ണുകളില്‍ നനവുണ്ടായി.

ആവേശം കയറിയതുപോലെ അടുക്കളയില്‍കയറി രാവിലത്തെ കഞ്ഞിയില്‍ നിന്നും മാറ്റി വച്ച ചോറ് മണിക്കുട്ടനു കൊടുത്തു. അതു വാരിതിന്നുന്നതിനിടയില്‍ അവന്‍ ചോദിച്ചു.

‘’അമ്മച്ചി എന്തിനാ കരേണെ’‘

കല്യാണി പറഞ്ഞു ‘’ കരേവല്ല മോനേ കണ്ണിലെന്തോ വീണതാ‘’

അതു കേള്‍ക്കാത്ത താമസം ചാടിയെഴുന്നേറ്റ് അമ്മച്ചിയെ പിടിച്ചുയര്‍ത്തി ചുവപ്പു പടര്‍ന്ന കണ്ണുകളില്‍ പല തവണ ശക്തിയായി ഊതുന്നതിനിടയില്‍ ചോദിച്ചു.

‘’ ഇപ്പം പൊടിപോയോമ്മേ?’‘

‘’ പോയി മോനേ’ ‘ അവര്‍ പിന്നെയും കണ്‍തടങ്ങളില്‍ ഈറനകറ്റി.

കുറച്ചു പഴഞ്ചോറുണ്ടായിരുന്നതും കഴിച്ചു കൊണ്ടാണ് അടുത്ത ദിവസം രാവിലെ മണിക്കുട്ടന്‍ സ്കൂളില്‍ പോയത്.

എല്ലാ ആഹാരവും അവന് ഇഷ്ടമാണ്. ഒരു നേരമോ രണ്ടു നേരമോ ഒന്നുമില്ലെങ്കില്‍ പോലും ഒന്നു ചിണുങ്ങുക കൂടി ചെയ്യുകയില്ല ആ തിരിച്ചറിവാണ് കല്യാണിക്ക് ആശ്വാസം.

ഇല്ലായ്മകളുടെ കടന്നാക്രമണം അധികമാവുമ്പോള്‍ വല്ലായ്മയോടെയിരിക്കുന്ന അമ്മച്ചിയുടെ മൂര്‍ദ്ധാവില്‍ ഉമ്മ നല്‍കിക്കൊണ്ട് അവന്‍ പറയും ‘ എന്റമ്മച്ചി കരേരരുത് ഞാനൊന്നു വലുതായിക്കോട്ടെ അമ്മേടെ സങ്കടമെല്ലാം മാറ്റും…’‘

വീട്ടില്‍ വലിയ സഹായിയാണവന്‍. അമ്മച്ചിക്കും അയല്‍ക്കാര്‍ക്കും ഉപകാരിയാണ്. എന്തു ജോലി ചെയ്യാനും മടിയില്ല ആരും പറയണമെന്നില്ല കണ്ടറിഞ്ഞു ചെയ്യും.

അടുത്ത ബംഗ്ലാവില്‍ മുറ്റം‍ തൂക്കുന്ന സ്ത്രീ പല നാളായി വരുന്നില്ല ഗൃഹനാഥ മണിക്കുട്ടനെ വിളിച്ച് ആ സ്ത്രീയെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞു അവന്‍ ചോദിച്ചു.

‘’ എന്തിനാമ്മേ അവരു വന്നില്ലേല്‍ നമ്മുടെ കാ‍ര്യം നടക്കേണ്ടായോ?’‘

‘’ അതെങ്ങനെ?’‘

‘’ അതിനു ഞാന്‍ പോരായോ? മുറ്റം തൂക്കാന്‍ എനിക്കും നല്ലോണം അറിയും’‘

തെല്ലകലെ ചാരി വച്ചിരുന്ന ചൂല്‍ ഓടിച്ചെന്നെടുത്തു മുറ്റം കണ്ണാടി പോലെ വെടിപ്പാക്കിയതിനു ശേഷം ‘’ ഇനിയെന്നും ഞാന്‍ തൂത്തോളാം ആ കാശ് അമ്മേടെ കയ്യീ കൊടുത്താ മതി’‘

പള്ളിക്കൂടത്തില്‍ പോകുന്ന കുട്ടി. പഠിച്ചാലും പഠിച്ചാലും തീരാത്രയത്രയുണ്ട് പലര്‍ക്കും രണ്ടും മൂന്നും പേര്‍ ട്യൂഷനെടുക്കാന്‍. ഇവനു പറഞ്ഞു കൊടുക്കാന്‍ ഇവന്‍ മാത്രം കല്യാണി വളരെ നിര്‍ബന്ധിച്ചതിനു ശേഷമാണ് ഇവന്‍ തൂപ്പ് മതിയാക്കിയത്. അതിനും ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. അമ്മച്ചി മുടങ്ങാതെ മുറ്റം തൂത്തു കൊടുക്കണം.

Generated from archived content: chellakili4.html Author: nooranad_haneef

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English