സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ അണിനിരന്നു. പ്രാര്‍ത്ഥനയും പ്രതിഞ്ജയും കഴിഞ്ഞ് ഹെഡ്മാസ്റ്റര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു.
”സാറെ…. ഒരു കുട്ടി വീണു ”
ഓടുകയും ചാടുകയും ചെയ്യാതെ വീഴുന്നതെങ്ങനെയെന്നു വിസ്മയിച്ചു നിന്നപ്പോള്‍ ഒരദ്ധ്യാപകന്‍ ഓടിയെത്തി ആ കുട്ടിയെ പിടിച്ചെഴുന്നേല്പ്പിച്ചു താങ്ങി നടത്തി വരാന്തയില്‍ ഇരുത്തി. അതിനു സഹായിച്ച കുട്ടികള്‍ ചുറ്റിനും നിന്നതിനാല്‍ വീണ കുട്ടിയുടെ മുഖം മറഞ്ഞു…
അസംബ്ലി കഴിഞ്ഞു കുട്ടികള്‍ ക്ലാസ്സിലേക്കു ‘ക്യൂ’ തെറ്റിക്കാതെ നീങ്ങി. വീണ കുട്ടിയുടെ അടുത്തു നിന്നും എതിരെ വന്ന കൂട്ടുകാരനോട് സുനിമോന്‍ ചോദിച്ചു.
‘ ആരാ വീണത്?”
” മണിക്കുട്ടന്‍”
ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി. ഉള്ളു പിടഞ്ഞു പിന്നെ ഒരോട്ടമായിരുന്നു മണീക്കുട്ടന്റെ അടുത്തേക്ക്. ഒരദ്ധ്യാപകന്‍ അവനെ നെഞ്ചില്‍ ചരിച്ചിരുത്തിയിരിക്കുന്നു….
പകുതി തുറന്ന കണ്ണുകളിലേക്കു സുനിമോന്‍ വിഷമത്തോടെ നോക്കി.
വിറയ്ക്കുന്ന ദേഹം …വിയര്‍പ്പല് കുതിര്‍ന്ന ശരീരം…
എന്തോ കാര്യമായ സുഖക്കേടു തന്നെ.
എന്തൊക്കെ ചോദിച്ചിട്ടും മിണ്ടുന്നില്ല…നാവുയരുന്നില്ല.
കുട്ടികളെ ക്ലാസ്സലേക്കയച്ചിട്ട് വെപ്രാളപ്പെട്ട് ആടിയെത്തിയ ഹെഡ്മാസ്റ്റര്‍ സ്കൂള്‍ ലീഡറോടായി ആജ്ഞാപിച്ചു.
” പെട്ടന്ന് പോയി ഒരു ഓട്ടോ വിളിച്ചോണ്ടു വാ…”
ഓടാന്‍ തിരിഞ്ഞ അവനെ തടഞ്ഞതിനു ശേഷം ഡ്രില്‍ മാസ്റ്റര്‍ അറിയിച്ചു.
” മണിക്കുട്ടനെ ഞാനൊന്നു നോക്കട്ടെ …എല്ലാവരും ഒന്നു മാറി നില്‍ക്കണം ”
അവന്റെ മുഖത്തേയ്ക്കു ശക്തിയായി തണുത്ത വെള്ളം തളിച്ചു. രക്ഷയില്ല പിന്നെയും തളിച്ചു …കണ്‍പോളകള്‍ കുറെക്കൂടി മുകളിലേക്കുയര്‍ന്നപ്പോള്‍ ഡ്രില്‍ മാസ്റ്റര്‍ കാതില്‍ വളരെ രഹസ്യമായി എന്തെല്ലാമോ മന്ത്രിച്ചു. അവന്‍ മെല്ലെ തലകുലുക്കി. അദ്ദേഹം പെട്ടന്ന് എഴുന്നേറ്റ് ചെന്ന് ഹെഡ്മാസ്റ്ററോട് പറഞ്ഞു.
‘’ മണിക്കുട്ടനു വേണ്ടത് മരുന്നല്ല’‘
പുതിയ കണ്ടുപിടുത്തം.
രോഗത്തിനു മരുന്നില്ലെങ്കില്‍ പിന്നെ മന്ത്രവാദമോ?
‘’ മരുന്നല്ലാതെ…?’‘
‘’അല്‍പ്പം ആഹാരം…രാവിലെ വെറും വയറോടെയാ അവന്‍ വന്നത്’‘
ഞെട്ടിയത് സുനിമോന്‍…!
രാവിലെ അച്ഛന്‍ വന്ന വഴിയില്‍ ഡോക്ടറെ കാണാന്‍ കയറി. അച്ഛനെ കുറെ നേരം പരിശോധിച്ചതിനു ശേഷം ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
‘’ ഞാന്‍ കുഴപ്പമൊന്നും കാണുന്നില്ല’‘
അച്ഛന്‍ പറഞ്ഞു.
‘’ കാണത്തക്ക കുഴപ്പമല്ല എന്റേത്?’‘
‘’ എങ്കില്‍ ഇ. സി. ജി യും എക്സറേയും….’‘
‘’അതുകൊണ്ടും അറിയാന്‍ പറ്റൂല ഡോക്ടര്‍…’‘
‘’ പിന്നെന്താണെന്നു പറയു…?’‘
‘’ ഒട്ടും വിശപ്പില്ല …അത് എനിക്കല്ലാതെ മറ്റാര്‍ക്കും അറിയാന്‍ സാധിക്കുകയില്ല…’‘
ഡോക്ടര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു….
‘’ താങ്കള്‍ക്കു വിശപ്പില്ല എന്നു മനസിലാക്കാന്‍ പ്രത്യേകമായി ഒരു പരിശോധന എന്തിനാണ്?’‘
‘’ എങ്കില്‍ എനിക്കു വേണ്ടതു വിശപ്പാണ്.. അതിനു പറ്റിയ എന്തെങ്കിലും…’‘
ആ രംഗം സുനിമോന്‍ ഓര്‍മ്മിച്ചപ്പോള്‍ ഹെഡ്മാസ്റ്ററിന്റെ ശബ്ദം…
‘’കവലയിലെ ഹോട്ടലില്‍ ചെന്ന് പെട്ടന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ടു വരിന്‍…’‘
ഹെഡ്മാസ്റ്ററിന്റെ കൈ പോക്കറ്റിലേക്കു കടന്നപ്പോള്‍ ഡ്രില്‍ മാസ്റ്റര്‍ പറഞ്ഞു.
‘’ ഞാന്‍ രൂപയും കൊടുത്തു ആളിനെ അയച്ചു കഴിഞ്ഞു സാര്‍!’‘
പാവം മണിക്കുട്ടന്‍.
സുനിമോന്‍ അവന്റെ അടുത്തിരുന്നു.
താന്‍ രാവിലെ കുളിച്ചൊരുങ്ങി വന്നപ്പോള്‍…
തീന്മേശ നിറയെ പലതരം പലഹാരങ്ങളും കറികളും….
അച്ഛന്‍ ഒന്നു തൊട്ടു നോക്കിയിട്ടു എഴുന്നേറ്റു എന്നു പറയുന്നതാവും ശരി.
വിശപ്പില്ലാത്ത ആളിന് ആഹാരം എന്തിനാണ്?
അമ്മ അടിച്ചു തീറ്റിക്കുകയായിരുന്നു തന്നെകൊണ്ട്…
നിര്‍ബന്ധവും ഭയപ്പെടുത്തലും സഹിക്കവയ്യാതെ ഒന്നര ഇഡ്ഡലി വളരെ പ്രയാസപ്പെട്ടു കഴിച്ചു. എന്തൊക്കെയോ വില കൂടിയ സാധങ്ങള്‍ കലക്കിയ പാലില്‍ നിന്നും രണ്ടു കവിള്‍ മാത്രം മനസില്ലാമനസ്സോടെ കുടിച്ചിറക്കി. ബാക്കി വന്ന പലഹാരങ്ങളെല്ലാം എടുത്തു വേലക്കാരി ദൂരെക്കളഞ്ഞു.. പട്ടിക്കു പോലും കൊടുക്കില്ല അതിനു പ്രത്യേകതരത്തിലുള്ള ആഹാരവും സൂപ്പുമാണ്.
മണിക്കുട്ടനെ കൂടി വീട്ടില്‍ വരുത്താന്‍ അനുവദിച്ചിരുന്നെങ്കില്‍.
പുറത്തേക്കെറിയുന്നതിന്റെ ഒരു ഭാഗം അവനു കൂടി കൊടുത്തിരുന്നെങ്കില്‍.
ഇല്ല അനുവദിക്കില്ല എന്തു ചെയ്യാം?
ഹോട്ടലില്‍ നിന്നും കൊണ്ടുവന്ന അപ്പവും ഉരുളക്കിഴങ്ങു കറിയു.ആര്‍ത്തിയോടെ കഴിച്ചുകൊണ്ടിരുന്ന മണിക്കുട്ടനെ കണ്ടപ്പോള്‍ സുനിമോന് കൊതി വന്നു…
ഇതുപോലെ തനിക്കും വിശപ്പുണ്ടായിരുന്നെങ്കില്‍ … മണിക്കുട്ടനോടൊപ്പമിരുന്നു തമാശകള്‍ പറഞ്ഞു കഴിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ …
പെട്രോള്‍ ടാങ്ക് കാലിയായി ഓടാതെ കിടക്കുന്ന വാഹനം പെട്രോള്‍ ഒഴിക്കുമ്പോള്‍ സ്റ്റാര്‍ട്ടാകുന്നതുപോലെ മണിക്കുട്ടന്‍ ചാടി എഴുന്നേറ്റു. അവന്റെ ചുണ്ടുകള്‍ വിടര്‍ന്നു പ്രസരിച്ച് ഓരോ അവയവത്തിലുമെത്തി അവന്റെ വിരലുകളില്‍ വിരലുകള്‍ കോര്‍ത്താണ് സുനിമോന്‍ ക്ലാസ്സിലേക്ക് നടന്നത്.
വീട്ടില്‍ നിന്നും കൊണ്ടു വന്ന ചൂടുമാറാത്ത വിഭവസമൃദ്ധമായ ആഹാരം കഴിക്കാന്‍ സുനിമോന്‍ പോയത് വളരെ നിര്‍ബന്ധിച്ചു വിളിച്ചു മണിക്കുട്ടനെയും പിടിച്ചു വലിച്ചുകൊണ്ടായിരുന്നു.
Generated from archived content: chellakili3.html Author: nooranad_haneef