അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഗൃഹപാഠക്കണക്കുകള്‍ ചെയ്തുകൊണ്ടിരുന്ന മോനെ അടുത്തു വിളിച്ചു ലേശം ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.
‘’ നീ എന്തു വേലയാ കാണിച്ചെ?’‘
എന്തു ചോദ്യം. ആലോചിച്ചു നോക്കി. എന്തെങ്കിലും കുരുത്തക്കേടുകാണിച്ചതായി ഓര്‍മ്മിക്കാത്തതുകൊണ്ട് സുനിമോന്‍ മറ്റൊരു ചോദ്യമാണു ചോദിച്ചത്.
‘’ എന്തു വേലേന്നാ അച്ഛന്‍ പറയുന്നെ?’‘
‘’ മണിക്കുട്ടനെ നീ കാറില്‍ പിടിച്ചു കേറ്റിയെതെന്തിനാ?’‘
ഇത്രേയുള്ളൊ? സാരമില്ല വാസുമുതലാളിയുടെ ദേഹത്ത് ഒട്ടി നിന്നു കൊണ്ടവന്‍ പറഞ്ഞു.
‘’ എന്റെ വല്യ കൂട്ടുകാരനായേതെക്കൊണ്ടാ…’‘
‘’ വല്യകൂട്ടുകാരനോ?’‘
‘’ അതേച്ഛാ…’‘
‘’ അട്ടേ പിടിച്ചാണൊ കാറിന്റെ മെത്തേലിരുത്തുന്നെ?’‘
‘’ അട്ടയല്ലച്ഛാ മണിക്കുട്ടന്‍ …എന്റെ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാ. നല്ലോണം പഠിക്കും നല്ല കളിക്കാരനും പാട്ടുകാരനുമാ… ആരോടും ചണ്ട കൂടാനും പോവൂല്ല…’‘
‘’ കുന്തം ‘’ വാസുമുതലാളി പൊട്ടിത്തെറിച്ചു. ഇങ്ങനെത്തെ അലവലാതികളുമായി മേലാ കൂട്ടുകൂടരുത് ..കാറി പിടിച്ചു കേറ്റേം ചെയ്യരുത്’‘
സുനി അനുകൂലമായോ പ്രതികൂലമായോ ഒരു മറുപടിയും പറഞ്ഞില്ല. അവന്റെ മുഖം മങ്ങി. ഗവണ്മെന്റിന്റെ സഹായമില്ലാതെ ഒരു സ്കൂള്‍ തുടങ്ങണമെന്ന് വാസു മുതലാളി കുറെക്കാലമായി ആഗ്രഹിക്കുന്നു. വളരെ കുറഞ്ഞ ശമ്പളത്തില്‍ എത്ര അദ്ധ്യാപകരെ വേണമെങ്കിലും കിട്ടും. കുട്ടികളില്‍ നിന്ന് ചേര്‍ക്കുമ്പോഴും പ്രതിമാസ ഫീസിനത്തിലും ആഗ്രഹിക്കുന്ന തുക വാങ്ങിക്കാം. ഒരു കാലത്തും നഷ്ടമുണ്ടാവുകയില്ല നല്ല ലാഭവും കിട്ടും.
പഷെ ഇതുവരെ നടന്നിട്ടില്ല. പണമില്ലാഞ്ഞല്ല മെനക്കെടാന്‍ സമയമില്ലാത്തതുകൊണ്ട്.
സുനിമോനെ സ്വന്തം സ്കൂളില്‍ പഠിപ്പിക്കുക എന്ന അതിമോഹമായിരുന്നു ആ ചിന്തയുടെ പിന്നില്‍…
അന്നതു നടന്നിരുന്നെങ്കില്‍ ഈ അലവലാതികളൊന്നും കാറില്‍ ചെമെക്കണ്ടായിരുന്നു.
ഈ നാട്ടില്‍ വേറെ ആര്‍ക്കും ആ വിചാരം ഉണ്ടായില്ലല്ലോ എന്ന ചിന്തയും മനസ്സില്‍ വന്നു.
നഗരത്തിലെ ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോല്‍ ഭാര്യ സരസ്വതി സമ്മതിച്ചില്ല. എന്നും അവര്‍ക്കു പൊന്നുമോനെ കാണണം. അതുകൊണ്ട് താരതമ്യേന മെച്ചമെന്നു തോന്നിയ സ്കൂളില്‍ ചേര്‍ത്തു. പോരായ്ക പരിഹരിക്കാന്‍ വേണ്ടെത്ര ട്യൂഷനും ഏര്‍പ്പാടാക്കി.
മുതലാളി ഈ അനുഭവങ്ങളെല്ലാം വലിയ ദു:ഖത്തോടെ പറഞ്ഞപ്പോള്‍ ഒരു സുഹൃത്തു ചോദിച്ചു.
‘’ നമ്മുടെ രാഷ്ട്രപതി പഠിച്ചതും വെറും സാധാരണ പള്ളിക്കൂടത്തിലല്ലായിരുന്നോ?’‘
‘’ അതുവേറെ കാര്യം… അതു പള്ളിക്കൂടത്തിന്റെ മെച്ചമല്ല അങ്ങേരുടെ ഭാഗ്യമാ’‘
ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെ എന്തുചെയ്യാനാണ് സുഹൃത്ത് സ്വയം ആശ്വസിച്ചു. തര്‍ക്കം മതിയാക്കി. കുടലെടുത്ത് കാണിച്ചാലും വാഴനാരാണെന്നു പറയാന്‍ മടിക്കാത്ത സ്വഭാവം.
കിടന്നിട്ടു സുനിമോന് അന്നു ഉറക്കം വന്നില്ല. നേരം വെളുത്തു തലേന്നു രാത്രി കണ്ട സ്വപ്നം അവന്‍ ഓര്‍മ്മിച്ചു.
അച്ഛന്‍ ഒരു ഭീകരരൂപമായി അവന്റെ മുമ്പില്‍ നിന്നു. കൊമ്പല്ലുകള്‍. പുറത്തുകാട്ടി അട്ടഹസിച്ചു നീണ്ടുവളഞ്ഞ നഖങ്ങള്‍ കഴുത്തിലിറക്കിക്കൊരുത്തു മുകളിലേക്കുയര്‍ത്തി.
വലിയ വായില്‍ നിലവിളിച്ചിട്ടും വിട്ടില്ല. ചുറ്റിനും കണ്ടു നിന്നവരെ നോക്കി സഹായിക്കണേ എന്നു കരഞ്ഞു നിലവിളിച്ചിട്ടും ആരും മുമ്പോട്ടു വന്നില്ല. അച്ഛന്‍ കൊന്നുകളയുമെന്ന പേടിയായിരുന്നു എല്ലാവര്‍ക്കും.
പെട്ടന്ന് സ്വപ്നവേഷം മാറ്റി.
അച്ഛന്‍ ഒരു പുതിയ കാര്‍ വാങ്ങി. ടി. വി യിലെ ഇംഗ്ലീഷ് സിനിമയില്‍ കണ്ട കാറു പോലെ അകത്തു കൊട്ടാരം പോലത്തെ സൗകര്യങ്ങള്‍.
ടി. വി , ഫാന്‍, ബാത്ത് റൂം കിടക്കയെല്ലാം…
ഓടുമ്പോള്‍ എന്തൊരു സുഖം!
കുറെക്കഴിഞ്ഞപ്പോള്‍ അത് ആകാശത്തേക്കുയര്‍ന്നു.
ഒന്നാമാകാശം …രണ്ടാമാകാശം… മൂന്നാമാകാശം…
കഴിഞ്ഞ ആഴ്ച വാങ്ങിച്ച ചിത്രകഥയിലെ ഭൂതത്തേപ്പോലെ നാലാമാകാശത്തിലേക്കു കയറിയപ്പോള്‍ ഉണര്‍ന്നുപോയി.
ഭയവും അത്ഭുതവും മാത്രം മനസില്‍ ബാക്കിയായി!
‘’ എളുപ്പം കഴിക്കു മോനെ…’‘ വാസുമുതലാളി തേന്‍ കുഴമ്പു തുളുമ്പുന്ന സ്വരത്തില്‍ പറഞ്ഞു. തീന്‍ മേശയില്‍ എന്തെല്ലാം വിഭവങ്ങള്‍.
‘’ കേട്ടോടീ…’‘
അമ്മ ശ്രദ്ധിച്ചപ്പോള്‍ അച്ഛന്‍…
‘’ ഇവന്‍ ഒരു അലവലാതി ചെറുക്കനെ കാറില്‍ പിടിച്ചു കയറ്റി..’‘
‘’അലവലാതിച്ചെറുക്കനല്ലമ്മേ’‘ അവന്‍ ഇടയ്ക്കു കടന്നു പറഞ്ഞു. ”എന്റെ ഏറ്റവും വല്യ കൂട്ടാ… നല്ല കൂട്ടാ..’‘
അമ്മ ചോദിച്ചു.
‘’ ഒരു കൂട്ടുകാരനെ മോന്‍ കൂടെ കൊണ്ടുപോകുന്നതി തെറ്റ് ന്ത്വാവ്വാ?’‘
ആ ചോദ്യം മുതലാളിയ്ക്ക് ഒട്ടും ഇഷടപ്പെട്ടില്ല.
‘’ സുനിമോന് ഏറെ ഇഷ്ടമായി …’‘ അവന്റെ ചുണ്ടുകള്‍ വിടര്‍ന്നപ്പോള്‍ കോപത്തോടെ മുതലാളി പറഞ്ഞു.
‘’ നിന്റെ വയറ്റി കെടന്നവനല്ലേ ഇവന്‍ …’‘ കുറെകൂടി ദേഷ്യത്തില്‍ സുനിയുടെ നേര്‍ക്കു തിരിഞ്ഞു മുന്നറിയിപ്പു കൊടുത്തു.
‘’ കേട്ടോടാ …ആദ്യമായേനക്കൊണ്ട് എറക്കിവിട്ടില്ല ..ഇനി കേറ്റ്യാലൊണ്ടല്ല്’‘
അതു മുഴുവന്‍ ആക്കിയില്ല.
‘’ ഇനി പറയാനുള്ളത് എന്താണെന്ന് അവന്‍ ഊഹിച്ചപ്പോള്‍ കണ്ണുകള്‍ കലങ്ങി …ഉം ..എളുപ്പം’‘ നിര്‍ബന്ധിച്ചപ്പോള്‍ രണ്ട് ഇഡ്ഡലി മാത്രം അവന്‍ തിന്നു…
പെട്ടന്ന് ഒരുങ്ങി വന്ന പൊന്നുമോനെ മുതലാളി സ്നേഹവായ്പ്പോടെ പൊക്കിയെടുത്ത് കവിളില്‍ പഞ്ചാരയുമ്മകള്‍ പകര്‍ന്നുകൊണ്ട് കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി. അപ്പോഴും അവന്റെ മുഖം തെളിഞ്ഞില്ല.
കാര്‍ നീങ്ങി അവന്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും നോക്കിയില്ല. മണിക്കുട്ടനെ കണ്ടാല്‍ ഇന്നലത്തെ അനുഭവം വച്ച് ഇങ്ങോട്ട് അവന്‍ നോക്കിയാല്‍…
അച്ഛന്റെ മുഖത്തേയ്ക്കു തന്നെ സുനിമോന്‍ നോക്കിക്കൊണ്ടിരുന്നു. ഇന്നലെ രാതി കണ്ട സ്വപ്നം അപ്പോള്‍ അച്ഛന്റെ മുഖത്തു കണ്ട ഉണ്ടക്കണ്ണുകളെവിടെ ? തേറ്റപല്ലുകളെവിടെ ? പര്‍വതം പോലത്തെ ശരീരമെവിടെ? വല്ലാത്ത ശബ്ദമെവിടെ?
Generated from archived content: chellakili2.html Author: nooranad_haneef