വാസുമുതലാളിയും കുടുംബവും പോലീസ് കസ്റ്റഡിയില്‍ !
പത്രത്തില്‍ മുഴുത്ത വണ്ടുകളുടെ വലുപ്പത്തില്‍ വാര്‍ത്ത !!!
കല്യാണി ഞെട്ടി!!
ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പിടി കൂടിയത് സരസ്വതിയേയും മകനെയും പിന്നീടു വിട്ടു എന്നു തുടര്ന്നു വായിച്ചപ്പോള്‍ തെല്ലാശ്വാസം തോന്നി.
ബംഗ്ലാവിന്റെ മുമ്പില്‍ തടിച്ചു കൂടിയ ഇടപാടുകാര്‍ ഗേറ്റ് തല്ലിത്തകര്‍ത്തു അകത്തു കടന്നു . പോലീസ് ഉടന്‍ പാഞ്ഞെത്തിയതിനാല്‍ മുറികള്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഔട്ട് ഹൗസിലും ഷെഡിലുമൊക്കെ വെപ്പും കുടിയും തുടങ്ങിയിരുന്നു. കൊടുത്ത പണം കിട്ടാതെ മടങ്ങിപ്പോകുന്ന പ്രശ്നമില്ല . നാട്ടുകാര്‍ അവരുടെ സംരക്ഷണത്തിനു എപ്പോഴുമുണ്ട്. പലരില്‍ നിന്നും ശേഖരിക്കുന്ന ആഹാര സാധങ്ങളും മറ്റും എത്തിച്ചു കൊടൂക്കുന്നത് അവരാണ്.
പോലീസുകാരുടെ മനസ്സും വഞ്ചിക്കപ്പെട്ടവര്‍ക്ക് അനുകൂലമാണ്. മേലുദ്യോഗസ്ഥന്മാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം ഒരു തവണ എല്ലാവരേയും പുറത്താക്കി ഗേറ്റു പൂട്ടാന്‍ പോലീസ് ശ്രമിക്കാതിരുന്നില്ല.
അപ്പോള്‍ ഒരേ ശബ്ദത്തില്‍ അവര്‍ പറഞ്ഞു.
” ഞങ്ങളിറങ്ങില്ല വേണമെങ്കില്‍ വെടി വെച്ചു കൊന്നോളിന്‍ എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ എങ്ങോട്ടു പോകും?”
പോലീസിന്റെ മനസ്സലിഞ്ഞു അവര്‍ പി മാറി. വിവരം മേലധികാരികളെ അറിയിച്ചു.
എല്ലാം വായിച്ചറിഞ്ഞപ്പോള്‍ കല്യാണിക്കു ചങ്കു പൊട്ടാന്‍ പോകുന്നതു പോലെ തോന്നി
പാവം സുനി മോന്‍ പാവം സരസ്വതി
വാസു മുതലാളിയുടെ വഞ്ചനയില്‍ രണ്ടു പേര്‍ക്കും എന്തു മാത്രം പങ്കുണ്ട്? ഇല്ല ഒരു പങ്കുമില്ല. വാസുമുതലാളി വേണ്ടാഴ്ക ചെയ്യാന്‍ ഒരുങ്ങിയപ്പോഴെല്ലാം വിലക്കി. പ്രയോജനമില്ലെന്നറിയാമായിരുന്നെങ്കിലും കഴിവിന്റെ പരമാവധി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒരു പാടു ചീത്ത കേട്ടതു മാത്രം മിച്ചം. തല്ലും കുറെ കൊണ്ടു എല്ലാവര്‍ക്കും ഇതറിയാം.
നാട്ടുകാരില്‍ ആര്‍ക്കും സരസ്വതിയോടു വെറുപ്പില്ല. വല്യ കാര്യമാണ് വെറുതെയല്ല ആരേയും സഹായിക്കും. പാവങ്ങളെ പ്രത്യേകിച്ച് . ഒന്നും ഭര്‍ത്താവിന്റെ കാതിലെത്താതെ.
ഇപ്പോള്‍ സരസ്വതിയും സുനി മോനും ഏതോ ബന്ധുവിന്റെ കൂടെയാണു താമസം. തല പുറത്തു കാണിക്കാന്‍ വയ്യ. വല്ലാത്ത നാണക്കേടല്ലേ ഭര്‍ത്താവ് വരുത്തി വച്ചിരിക്കുന്നത്.
സുനിമോന്‍ പള്ളിക്കൂടത്തില്‍ പോക്കും നിറുത്തി.
അഭിമാനത്തിനു മുറിവേറ്റാല്‍ ചിലരെ അത് ഏല്‍ക്കുകയേ ഇല്ല. ചിലരെ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കാന്‍ പ്രേരിപ്പിക്കും ആദ്യം പറഞ്ഞ കൂട്ടത്തിലാണ് വാസുമുതലാളി. സരസ്വതി രണ്ടാമത്തെ കൂട്ടത്തിലും.
ആ സ്ത്രീ വല്ല സാഹസവും ചെയ്യുമോ?
കല്യാണിയുടെ പേടി അതായിരുന്നു
പരമുവേട്ടന്‍ ” ഞാന്‍ ഇതൊന്നും അറിഞ്ഞില്ല രാമനാരായണ” എന്ന പരുവത്തിലാണ്.
ആഹ്ലാദത്തിമിര്‍പ്പില്‍ അഹങ്കരിച്ചു പരസ്യമായി പൊട്ടിച്ചിരിക്കുന്നില്ല എന്നു മാത്രം.
ഇതെന്തു മനുഷ്യന്‍ ഏതു ദുഷ്ടന്‍ ആപത്തില്‍ പെട്ടാലും സംസ്ക്കാരമുള്ളവന്‍ അതു മുതലെടുക്കാന്‍ ശ്രമിക്കുമോ? സഹായിക്കും സഹാനുഭൂതി കാട്ടും ബുദ്ധനും ക്രിസ്തുവും നബിയും കൃഷ്ണനുമൊക്കെ നമ്മെ പഠിപ്പിച്ച പാഠങ്ങള്‍
പോട്ടെ
എന്തിനു വെറുതെ തലയ്ക്കകത്തു വല്ലാത്ത ഭാരം വലിച്ചു കേറ്റി പുണ്ണാക്കുന്നു.
കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ ചെയ്യാന്‍.
ഈ മനുഷ്യന്‍ ഇന്നലെകളെ മറക്കുകയാണ്. തന്റെ ഭര്‍ത്താവ് നല്ലമനുഷ്യനാണെന്ന വിശ്വാസമായിരുന്നു ഇന്നു വരെ. ഇതോടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിയിരിക്കുന്നു.
അടുത്ത പ്രഭാതം ഒരു പുതിയ വൃത്താന്തവുമായാണ് പിറന്നത്. വാസുമുതലാളി ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയിരിക്കുന്നു. പ്രശ്നം സമ്പൂര്‍ണ്ണമായി പരിഹരിക്കാം എന്നു സമ്മതിച്ചിരിക്കുന്നു. തന്റെ സ്വത്തും ബംഗ്ലാവും കടകളുമൊക്കെ വിറ്റ് ഇടപാടുകാര്‍ക്കു കൊടുക്കും എല്ലാം വിറ്റാലും അതിനു തികയുമോ എന്നു സംശയം ശേഷിക്കുന്നു.
പോരാതെ വരുന്ന തുകയില്‍ വിട്ടു വീഴ്ചക്കു ഇടപാടുകാര്‍ സമ്മതിച്ചു.
അങ്ങനെ സരസ്വതിയുടെ അഭ്യര്‍ത്ഥന വാസുമുതലാളി ആദ്യമായി അംഗീകരിച്ചു.
കനത്ത മുഖവും കലങ്ങിയ കണ്ണുകളുമായി വീട്ടില്‍ വന്നു കയറിയ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചുകൊണ്ട് സരസ്വതി പറഞ്ഞു.
”നിങ്ങള്‍ വിഷമിക്കാണ്ടിരിക്ക്. നമുക്ക് സ്വത്തും പൊന്നും ബംഗ്ലാവുമൊന്നുമല്ല പ്രധാനം മനസ്സമാധാനമാണ്. എല്ലാം നഷ്ടപ്പെട്ട ആളുകളുടെ ശാപം നരകത്തീയേക്കാള്‍ ഭയങ്കരമാ ഞങ്ങള്‍ക്ക് നിങ്ങള്‍ മാത്രം മതി. ജനിച്ചപ്പം നമ്മളീ സ്വത്തും മുതലും കൊണ്ടല്ലല്ലോ വന്നത് ”
പൊട്ടിക്കരഞ്ഞുപോയ ഭര്‍ത്താവിന്റെ മാറില്‍ തല ചരിച്ചു നിന്നു. സരസ്വതി നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത സംതൃപ്തി ആ മനസില്‍ തിളങ്ങി.
വസ്തുവകകള്‍ മിക്കതും വിറ്റു കടകളും വിറ്റു.
എല്ലാം നിസംഗതയോടെ പരമുവേട്ടന്‍ കേട്ടു നിന്നു.
ഒരല്പ്പം സഹതാപമെങ്കിലും കൂട്ടുകാരനോടു കാട്ടിയില്ലല്ലോ എന്ന സങ്കടം കല്യാണിയെ വല്ലാതെ ഉലച്ചു.
ഇപ്പോള്‍ പരമുവേട്ടനു ഒത്തിരി പണമുണ്ടായി സ്വത്തുണ്ടായി കാറുണ്ടായി വലിയ കച്ചവടമുണ്ടായി ഇതൊക്കെ വര്‍ദ്ധിച്ചാല്‍ ആര്‍ക്കായാലും ഉണ്ടാവുന്ന മാറ്റമാണോ ഇത്?
ഈ മനുഷ്യന്റെ മനസിപ്പോള്‍ കല്ലാണ്. ” ദൈവമേ ” സരസ്വതി ഉള്ളു നൊന്തു പ്രാര്‍ത്ഥിച്ചു ” ഇനിയെങ്കിലും ഈ മനുഷ്യനു നല്ല ബുദ്ധി തോന്നിക്കണേ”
എല്ലാം വിറ്റു കഴിഞ്ഞപ്പോള്‍ വാസുമുതലാളിക്കു ശേഷിച്ചത് ഒരു ബംഗ്ലാവു മാത്രം. പട്ടിണിയാണെങ്കിലും ചുരുണ്ടു കിടക്കാന്‍ ഒരു സൗകര്യം വേണമല്ലോ എന്ന വിചാരത്തിലാണ്. അതും വില്‍ക്കാതെ വയ്യ എന്ന അവസ്ഥ വന്നു. അസ്വസ്ഥത അടക്കാനാവാതെ നിന്നു തേങ്ങിയ ഭര്‍ത്താവിനെ സരസ്വതി വീണ്ടും ആശ്വസിപ്പിച്ചു.
വാസുമുതലാളിക്ക് അവസാനമായി ശേഷിച്ച ബംഗ്ലാവിന്റെ വില പറയാന്‍ പരമുവേട്ടന്‍ എത്തി. സ്വന്തം പണത്തിന്റെ ശക്തിയില്‍ കഴിവിന്റെ ബലത്തില്‍ കണ്‍ മുന്‍പിലൂടെ ഒന്നുമല്ലാത്തവനായി വാസുമുതലാളി പെരുവഴിയിലിറങ്ങുന്നതു കാണണം. അങ്ങനെ പ്രതികാരം വീട്ടണം അതിനായി കല്യാണിയെ കൂടി കൊണ്ടു പോയി. പോകാതിരിക്കാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും സമ്മതിച്ചില്ല.
അതു കണ്ടു നിന്നപ്പോള്‍ തല ചുറ്റുന്നതു പോലെ തോന്നി കല്യാണിക്ക്. കണ്ണൂകള്‍ നിറഞ്ഞു വില ഉറച്ചു.
എഴുത്തു കഴിഞ്ഞ് ഒരാഴ്ചക്കകം ഒഴിയാമെന്നു പറഞ്ഞ ദിവസം താക്കോല്‍ വാങ്ങാനായി പോയപ്പോഴും പരമുവേട്ടന്‍ കല്യാണിയെ കൂടി കൊണ്ടുപോയി .
അതു പ്രതീക്ഷിച്ചു നിന്ന വാസുമുതലാളി വീട് ഒഴിഞ്ഞ് ഭാര്യയേയും മകനേയും കൊണ്ട് മുറ്റത്തേക്കിറക്കി.
അപ്പോള്‍ ഒരു കടലാസു പൊതി വാസു മുതലാളിയുടെ നേര്‍ക്കു നീട്ടിക്കൊണ്ടു പരമുവേട്ടന്‍ പറഞ്ഞു.
” ഇത് ഈ ബംഗ്ലാവിന്റെ വിലയാധാരമാണ്. എന്റെ പേരിലല്ല വാസുവിന്റെ പേരിലുള്ളതാണ്. സാമ്പത്തികമായി അത്ര കണ്ടു കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റുള്ള വസ്തുക്കളും ഇതു പോലെ ചെയ്തേനെ. പക്ഷെ എന്റെ ബിസ്സിനസ്സിനു കോട്ടം തട്ടാതെ ഇത്രമാത്രമേ എനിക്ക് ആകുമായിരുന്നുള്ളു. മറ്റു വകകളെല്ലാം തീറെഴുതിയപ്പോള്‍ ആ വിഷമം കൊണ്ടാണ് ഞാന്‍ ഒന്നും മിണ്ടാതെ ഒന്നും കാണാതെ ഒതുങ്ങിക്കഴിഞ്ഞത്”
” വേണ്ടാ” അതൊരു പൊട്ടിത്തെറി ആയിരുന്നു ” എനിക്കാരുടേയും സഹതാപോം സഹായോ ആവശ്യമില്ല നടന്നു തെണ്ടിയാലും എനിക്കാവശ്യമില്ല”
ഉടനെ ശാന്തനായി ഒരു നേരിയ പുഞ്ചിരിയോടെ പരമുവേട്ടന്‍ തുടര്‍ന്നു.
” ഇത് മറ്റാരുടേയും മുതലല്ല എന്റെ വാസുവിന്റേതു തന്നെയാണ്”
അതുകേട്ടപ്പോള്‍ കളിയാക്കുകയാണെന്നു തോന്നിയത്. തിരിച്ചടിച്ചു.
”എന്റെ മുതല്‍ എന്നോടൊപ്പമുണ്ട് എന്റെ ഭാര്യയും മകനും എനിക്കതു മതി ഇനി ഒന്നും വേണ്ട എല്ലാം മതിയായി”
” ഞാന്‍ വെറുതെ പറഞ്ഞതല്ല ” പരമുവേട്ടന്‍ വീണ്ടും പറഞ്ഞു ” എന്റെ ചെറിയ കച്ചവടം തുടങ്ങിയതെങ്ങനെയാണെന്ന് അറിയാമോ വാസുവിന്. എന്റെ കഷ്ടപ്പാടു കണ്ട് മനസലിഞ്ഞു സരസ്വതി മണിക്കുട്ടന്റെ കയ്യില്‍ രഹസ്യമായി കൊടുത്തയച്ച രൂപ കൊണ്ടാ അതുപോലെ സുനിമോന്റെ കയ്യില്‍ രഹസ്യമായി കൊടുത്തയച്ച ചോറുപൊതി കൊണ്ടാ മണിക്കുട്ടന്‍ വിശപ്പടക്കിയത്”
കുറെക്കൂടി അടുത്തേക്കു നീങ്ങി നിന്നു വാസുവിനെ മാറിലേക്കടുപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പരമുവേട്ടന്‍ പിന്നെയും പറഞ്ഞു.
” എന്റെ വാസുവിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല പട്ടിണിയും കഷ്ടടപ്പാടും മാത്രമായിരുന്നു നമ്മുടെ കൈമുതല്‍. നമുക്കു വേണ്ടതെല്ലാം ഇപ്പോള്‍ ഉണ്ട്. ഈ മുതലും ബംഗ്ലാവുകളും കച്ചവടക്കാറുമെല്ലാം നമ്മുടെ രണ്ടു കുടുംബങ്ങളുടേതും കൂടിയാണ്”
” വേണ്ട… വേണ്ട ..” വീണ്ടും അട്ടഹസിക്കാന്‍ വാസു ആഗ്രഹിച്ചു അപ്പോഴും നാവു ചലിച്ചില്ല. തെല്ലകലെയായി കെട്ടിപ്പിടിച്ചു നിന്ന മണിക്കുട്ടന്റെയും സുനിമോന്റെയും കവിള്‍ത്തടങ്ങളില്‍ മാറി മാറി ഉമ്മ വച്ചു കൊണ്ടു നിന്ന കല്യാണിയുടെ അടുത്തേക്കു സരസ്വതി നടന്നു.
ഉടനെ മണിക്കുട്ടന്‍ ഓര്‍മ്മിച്ചു. മുത്തശ്ശി പറഞ്ഞ നഷ്ടപ്പെട്ട ചിറകുകള്‍ക്കു പകരം രണ്ടു സ്വര്‍ണ്ണ ചിറകുകളും സമ്മാനമായി കിട്ടിയ കിളിക്കുഞ്ഞിന്റെ കഥ .
Generated from archived content: chellakili12.html Author: nooranad_haneef
Click this button or press Ctrl+G to toggle between Malayalam and English