ഇല്ലില്ലം കാട്ടിലെ കാക്കത്തമ്പ്രാട്ടിക്ക്
കല്ല്യാണമായല്ലോ കല്ല്യാണം
പെണ്ണിനെ സുന്ദരിയാക്കിയിറക്കുവാൻ
മരംകൊത്തി സുന്ദരി നീ വരുമോ
താറാ ചേട്ടത്തിയും മാടത്ത ചേച്ചിയും
പെണ്ണിനെ സുന്ദരിയാക്കീടണേ
ഊഞ്ഞാലിലായത്തിലാട്ടി രസിപ്പിയ്‌ക്കാൻ
ഓലാഞ്ഞാലി നാത്തൂനെത്തുമല്ലോ
സദ്യയ്‌ക്ക് പുത്തരി പുഞ്ചയിൽ നിന്നും
കൊയ്തോണ്ടു പോരെടീ തത്തമ്മേ നീ
കല്ല്യാണസദ്യയ്‌ക്ക് വേണ്ടത്ര വെള്ളം
വേഴാമ്പലേ നീ വരുത്തീടണേ
കൊറ്റിയും പൊന്മാനുമുള്ളപ്പോൾ സദ്യയിൽ
മീനിൻ കുറവു വരികയില്ല
സദ്യ വിളമ്പുവാനെല്ലാരേയുമൂട്ടുവാൻ
പ്രാവും കുടുംബവും മാത്രം മതി
നേരത്തേതന്നെയുണർത്തുവാനാദിനം
പൂങ്കോഴിയമ്മാവൻ മറന്നീടല്ലേ
ഉണ്ണുവാൻ നേരത്ത് നേരമറിയിക്കാൻ
കാക്കച്ചിപ്പെണ്ണേ നീ ഓർത്തീടണേ
കച്ചേരികൂടുവാൻ കൂകിത്തെളിയാൻ
കുഞ്ഞിക്കുയിലേ നീ വരുമോ
പാട്ടിന് ശ്രുതിമീട്ടാൻ, തപ്പുകൊട്ടാൻ
സദ്യയ്‌ക്ക് ഉപ്പുമായ് ഉപ്പൻ വായോ
പാട്ടു കഴിയുമ്പോൾ ആട്ടം നടത്തുവാൻ
നേരത്തെയെത്തണേ പൊന്മയിലേ
പടയണിക്കോലമായ് ദൂരത്തുനിന്നും
ടർക്കിയും കൂട്ടരുമെത്തുമല്ലോ
താലിചാർത്തിനു നാദസ്വരമായ്
ആറ്റക്കുരുവിതൻ വായ്‌ക്കുരവ
കൂട്ടുകാരാം കിളിക്കുഞ്ഞുങ്ങളെയെല്ലാം
മഞ്ഞക്കിളിപ്പെണ്ണേ നോക്കീടണേ
ചിണുങ്ങിക്കരയുന്ന പിള്ളേരെയൊന്നും
പേടിപ്പിച്ചീടല്ലേ മൂങ്ങാത്തള്ളേ
മുഖ്യാതിഥിയായി വന്നുചേരുന്നത്
ഒട്ടകപ്പക്ഷിയപ്പൂപ്പനല്ലോ
വിദേശയാത്ര കഴിഞ്ഞെന്നാലപ്പോഴേ
ദേശാടനക്കിളിയെത്തുമല്ലോ
വാലാട്ടിപ്പോകുന്ന ശൃംഗാരിപ്പെണ്ണേ
കാലത്തേക്കൂട്ടി നീയെത്തീടണേ
നാണിച്ചു മറയുന്ന മിന്നാമിനുങ്ങേ
രാത്രിയിലാശ്രയം നീ മാത്രമേ
കല്ല്യാണമായല്ലോ എല്ലാരുമെത്തണം
കാക്കത്തമ്പ്രാട്ടീടെ കല്ല്യാണം
……………………………………………………..
Generated from archived content: kuttinadan_thampuratti.html Author: nandakumar_kayamkulam