പൂരപ്പറമ്പിലെ മേളങ്ങൾ കാണുവാ –
നെന്നെക്കൂടൊന്നങ്ങ് കൊണ്ടുപോകൂ
കൂട്ടിയാൽ കാട്ടില്ല തെല്ലും വികൃതികൾ
അച്ഛനുമമ്മയുമാണെ സത്യം
കൊഞ്ചിയും കെഞ്ചിയും തഞ്ചത്തിൽ പഞ്ചാര –
വാക്കിലും അച്ഛനോടൊത്തു കൂടി
കാഴ്‌ചകൾ കാണവേ കോപ്പുകളൊന്നുമേ
നിൻ മനസ്സിൽ കൊതിയൂറരുത്
കുസൃതിത്തരങ്ങൾ നീ കാട്ടിക്കൂട്ടീടുകിൽ
കാട്ടില്ല പൂരങ്ങൾ നിന്നെ മേലിൽ
അച്ഛന്റെ വാക്കുകൾ കർക്കശമാകവേ
ഒക്കെ തലയാട്ടി നല്ല കുട്ടി
അമ്മയ്‌ക്ക് മുത്തങ്ങൾ നൽകി നടക്കവേ
മന്ത്രിച്ചു അച്ഛന്റെ കാതിലമ്മ
തന്നുണ്ണി തന്നുള്ളം കണ്ടു നിറവാർന്ന –
തമ്മമാരല്ലാതെയാര് ഭൂവിൽ
കാഴ്‌ചകൾ കണ്ടു നടക്കവേ കേട്ടാൻ ഃ
“പാവ വേണോ യന്ത്രപ്പാവ വേണോ
കൈ തൊട്ടാൽ പൊട്ടിച്ചിരിക്കുന്ന പാവ
കൈവിട്ടാൽ പൊട്ടിക്കരയുന്ന പാവ”
കണ്ടപ്പോളാശിച്ചു കുഞ്ഞുമനസ്സേറെ
അച്ഛനോടെല്ലാം മറന്നു ചൊല്ലി
“മറന്നുവോ വീട്ടിൽ പറഞ്ഞതെല്ലാം നീ
തല്ലു വേണ്ടെങ്കിൽ നടക്കൂ വേഗം”
ദുഷ്‌ടനാണച്ഛൻ മനസ്സിൽ പറഞ്ഞു
ഇങ്ങനൊരച്ഛനെ വേണ്ടേ വേണ്ട
കോപം മനസ്സിലൊതുക്കിയ ഉണ്ണിതൻ
കുഞ്ഞുമുഖം ചെമ്പരത്തിപ്പൂപോൽ
തിക്കിത്തിരക്കി നടക്കവേയച്ഛന്റെ
കയ്യയഞ്ഞുണ്ണി കൈ വിട്ടുപോയി
വായിലെ വാക്കു വരില്ലല്ലോ പോയെന്നാൽ
ആഴിയിൽവീണ പൊൻസൂചി പോലെ
പേടിച്ചരണ്ടു തളർന്നു പോയാമുഖം
വാടിയ ചെമ്പരത്തിപ്പൂപോലെ
ആളുകൾ ചുറ്റിലും കൂടിയെന്നാകിലും
പൊന്നുണ്ണിയാൾക്കൂട്ടത്തിൽ തനിയെ
ചാരത്തും നോക്കെത്താ ദൂരത്തും കണ്ടില്ല
ഉണ്ണിക്കു മാത്രമായുള്ളൊരച്ഛൻ
എത്ര താതന്മാർ നടക്കുന്നവിടെങ്ങും
ഉപ്പോളം പോരുമോ ഉപ്പിലിട്ടാൽ
“പാവ വേണോ യന്ത്രപ്പാവ വേണോ……”
കേൾക്കുന്നപശബ്‌ദം ദൂരെയെങ്ങോ
പാവയും വേണ്ടൊരീ പൂരവും കാണണ്ട
അച്ഛനല്ലാതെ മറ്റൊന്നും വേണ്ട
ചൊല്ലിടാറുണ്ടമ്മ പൂരപ്പറമ്പിൽ
കിട്ടാത്തതായൊന്നുപോലുമില്ല
എത്ര തെരഞ്ഞാലുമെത്ര കൊടുത്താലും
കിട്ടുമോ ദൈവമേയെന്നച്ഛനെ
അമ്മയ്‌ക്കുമച്ഛനുമുള്ളിൽ തിമർക്കുന്നു
ഉണ്ണിയില്ലാത്തൊരു പൂരമേളം
ഇന്നുമാപൂരപ്പറമ്പിൽ കരയുന്നു
ഉണ്ണിയൊരു കളിപ്പാവ പോലെ
Generated from archived content: kuttinadan_aug14.html Author: nandakumar_kayamkulam