മൂന്നാംക്ലാസുകാരി മിനിക്കുട്ടിയ്‌ക്ക് വഴിക്കണക്കുകൾ എന്നും തലവേദനയായിരുന്നു. എണ്ണൽ സംഖ്യകൾ തമ്മിൽ വെറുതെ കൂട്ടാനോ കുറയ്‌ക്കാനോ മറ്റോ പ്രയാസമില്ല. വഴിക്കണക്കാകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പിടികിട്ടില്ല. അതാണ് കുഴപ്പം!
‘മിനിക്കുട്ടിക്കും ഉണ്ണിക്കുട്ടനും കൂടി നാല് മിഠായി കിട്ടി. രണ്ടുപേർക്കുമായി പങ്കുവെച്ചാൽ ഓരോരുത്തർക്കും എത്ര മിഠായി വീതം കിട്ടും?’ ടീച്ചർ നൽകിയ ഈ കണക്ക് വളരെ എളുപ്പമായി തോന്നി. രണ്ടുദിവസം മുമ്പ് രണ്ടുപേർക്കുകൂടി മാമ്പഴം പങ്കുവെക്കുന്ന കണക്ക് ചെയ്തതാണ്.
പക്ഷെ, ഉണ്ണിക്കുട്ടൻ മിനിക്കുട്ടിയുടെ കുഞ്ഞനിയനാണ്. അവനെ സ്‌കൂളിൽ ചേർത്തിട്ടില്ല. ഈ വക കണക്കൊന്നും അവനറിയില്ല. പറഞ്ഞുകൊടുക്കാമെന്നുവച്ചാൽ അവന് മനസ്സിലാവില്ല. ഇവിടെ മിഠായി പങ്കുവെക്കേണ്ടത് ഉണ്ണിക്കുട്ടനുമായിട്ടാണ്്്. മിനിക്കുട്ടി വളരെ ആലോചിച്ചു. ഒടുവിൽ ഉത്തരമെഴുതി ടീച്ചറെ കാണിച്ചു.
ആകെ മിഠായിയുടെ എണ്ണം = 4
ഉണ്ണിക്കുട്ടന് കിട്ടുന്ന മിഠായി = 4
മിനിക്കുട്ടിക്ക് കിട്ടുന്ന മിഠായി = 0
“എന്താ മിനിക്കുട്ടീയിത്”? ഇതുപോലെത്ര കണക്കുകൾ ക്ലാസ്സിൽ ചെയ്യിച്ചതാണ്? ഇക്കുട്ടിയ്‌ക്കൊന്നുമറീല്ലല്ലോ ദൈവമേ!“ ടീച്ചർ അറിയാതെ പറഞ്ഞുപോയി.
”ടീച്ചറിനേ, ഉണ്ണിക്കുട്ടനെ അറിയാമ്പാടില്ലാഞ്ഞിട്ടാ. എന്ത് കിട്ടിയാലും അവന് മുഴുവൻ വേണം! എന്റെ കുഞ്ഞനിയനല്ലേ? അവൻ കരയരുത്. വേറെയാരെങ്കിലുമാണേൽ എനിക്കും കിട്ടുമായിരുന്നു രണ്ടെണ്ണം!“
”അതുകൊളളാലോ! അപ്പോൾ കണക്കറിയാം! മിനിക്കുട്ടീടെ സ്വന്തം അനിയനാണല്ലേ ഉണ്ണിക്കുട്ടൻ? അവനെ ഞാനൊന്ന് കാണട്ടെ. ഉണ്ണിക്കുട്ടന്റെ ഈ രീതി അത്ര നന്നല്ലെന്ന് ടീച്ചർ പറഞ്ഞുകൊടുക്കാം, കെട്ടോ?. മിനിക്കുട്ടിയുടെ ശിരസ്സിൽ തലോടി ടീച്ചർ സ്‌നേഹത്തോടെ പറഞ്ഞു.
Generated from archived content: unnikatha2_feb24_07.html Author: muralidharan_anapuzha