പുതുവർഷപ്പിറവി. ക്രിസ്തുമസ് കഴിഞ്ഞ് സ്‌കൂൾ തുറന്ന ദിവസം. പ്രകാശിന് ക്ലാസിലിരിക്കാൻ ഒരു സുഖവും തോന്നിയില്ല. ഉറ്റ സുഹൃത്ത് അശോക് ഇന്നെത്തിയിട്ടില്ല. എന്താണാവോ കാരണം? ഒഴിവു ദിവസങ്ങളിലെ വിശേഷങ്ങൾ എത്രയാണ് അവനോട് പറയാനുള്ളത്!
ക്ലാസ് ടീച്ചർ പറഞ്ഞാണറിഞ്ഞത് അശോകിന് പനിയായി തൊട്ടടുത്ത ആശുപത്രിയിൽ കിടത്തിയിരിക്കയാണെന്ന്. ഉച്ചയ്‌ക്കുള്ള ഇടവേളയിങ്ങെത്തിയെങ്കിൽ! പ്രകാശിന് ആകെ ഒരസ്വസ്ഥത!
ഒരു കണക്കിൽ ഭക്ഷണം കഴിച്ച് ആശുപത്രിയിലേക്ക് ചെന്നു. അധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ല അവിടെ. അശോകിന്റെ കട്ടിൽ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടിവന്നില്ല. കണ്ടതേ അശോക് ചിരിച്ചു. അമ്മയെ പരിചയപ്പെടുത്തി.
“എന്റെ കൂട്ടുകാരൻ പ്രകാശ്”.
അമ്മ ചിരിച്ചു. അശോക് ആകെ മെലിഞ്ഞിരിക്കുന്നു. ചിരിക്ക് പഴയ പ്രസരിപ്പില്ല.
“നാളെയ്‌ക്ക് ഒരാഴ്‌ച തികയും പനി പിടിച്ചിട്ട്. വലിയ കുഴപ്പമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ പോകാമായിരിക്കും.” അമ്മയ്‌ക്ക് ആത്മവിശ്വാസം.
പിന്നീടാണറിയുന്നത്, പനി ടൈഫോയ്‌ഡ് ആയെന്ന്. അസുഖം മാറിയാലും വളരെ സൂക്ഷിക്കണം.
“അടുത്ത ദിവസങ്ങളിലൊന്നും സ്‌കൂളിൽ പോകാനൊക്കില്ലല്ലോ. പിന്നെ പരീക്ഷയെങ്ങനെയെഴുതും? എനിക്ക് ഒരെത്തും പിടിയുമില്ല!” അശോക് നിരാശനായി.
“നീ വിഷമിക്കേണ്ട. പാഠങ്ങളുടെ നോട്ട് പകർത്തി പിറ്റേന്നുതന്നെ ഞാൻ എത്തിക്കാം. സൗകര്യംപോലെ പഠിക്കാല്ലോ.” പ്രകാശ് സമാധാനിപ്പിച്ചു.
വൈകിട്ട് അശോകിന്റെ നോട്ടുപുസ്തകം വാങ്ങിക്കൊണ്ടുപോകും. പിറ്റേന്ന് എഴുതിയത് തിരിച്ചുകൊടുക്കും. രണ്ടാഴ്‌ചയിലേറെയെടുത്തു അശോകിന്റെ പനി മാറി വീട്ടിലെത്താൻ.
ഒരാഴ്‌ചകൂടി വിശ്രമിച്ച ശേഷമേ അവന് സ്‌കൂളിലെത്താനായുള്ളു. ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി അടുത്തെത്തിയപ്പോൾ ക്ലാസ് ടീച്ചർ ചോദിച്ചു ഃ “ഇതേവരെ എഴുതിക്കൊടുത്തതെല്ലാം പകർത്തേണ്ടേ?”
ഒരാഴ്‌ചവരെയുള്ളത് അതാതു സമയം പ്രകാശ് എഴുതി തന്നിട്ടുണ്ട് ടീച്ചർ. ബാക്കിയുള്ളത് ഞങ്ങൾ രണ്ടുപേരും കൂടി വേഗം എഴുതിക്കോളാം“.
ആശുപത്രിയിൽ കിടക്കുമ്പോഴേ അതാത് ദിവസത്തേത് എഴുതിക്കൊടുത്തുവെന്ന് അറിഞ്ഞപ്പോൾ ടീച്ചർ എല്ലാവരോടുമായി പറഞ്ഞുഃ ”കുട്ടികളേ, ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായല്ലോ, അല്ലേ?“
അക്കൊല്ലം സ്‌കൂൾ വാർഷികത്തിന് നല്ല സ്വഭാവത്തിനുള്ള സമ്മാനം പ്രകാശിന് ലഭിച്ചപ്പോൾ ഏറെ സന്തോഷിച്ചത് അശോകായിരുന്നു!
Generated from archived content: unnikatha1_sept11_07.html Author: muralidharan_anapuzha