സ്‌കൂളിൽ കാർഷികവിദ്യാഭ്യാസ പ്രദർശനം വരുന്നു. ക്ലാസിൽ നോട്ടീസ് വായിച്ചപ്പോൾ എന്തെങ്കിലും ഉണ്ടാക്കി പ്രദർശിപ്പിച്ചാൽ കൊള്ളാമെന്ന് തോന്നി മഹേഷിന്.
റോഡിൽ ഒലിച്ചിറങ്ങിയ കളിമണ്ണ് എടുത്തുകൊണ്ടുവന്നു. അല്പം പൊടിമണ്ണ് കൂടി കൂട്ടിക്കുഴച്ച് പല രൂപങ്ങൾ ഉണ്ടാക്കി നോക്കി. കാക്ക, കോഴി, താറാവ് അങ്ങനെ പലതും. തൃപ്തി വരുന്നില്ല. ഒടുവിലാണ് ഒരു ആൾരൂപം നിർമ്മിച്ചത്. തല മുതൽ നെഞ്ചുവരെയുള്ള ഭാഗം മാത്രം.
“ഇതെന്താണുണ്ടാക്കുന്നത്? ഗാന്ധിപ്രതിമയോ?” ചേട്ടൻ ചോദിച്ചു.
“ശരിക്കും ഗാന്ധിയുടേതെന്ന് തോന്നുന്നുണ്ടോ, ചേട്ടാ?” മഹേഷ്.
ചേട്ടൻ സമ്മതഭാവത്തിൽ മൂളി.
മഹേഷ് ഏതാനും മിനുക്കുപണികൾ കൂടി ചെയ്ത് പ്രതിമ ഉണക്കിയെടുത്തു. ചേട്ടന്റെ കൈവശമുണ്ടായിരുന്ന പെയിന്റ് എടുത്ത് പൂശി. കണ്ണട കൂടി വരച്ചപ്പോൾ എന്തതിശയം, ശരിക്കും ഗാന്ധിപ്രതിമ തന്നെ!
പ്രതിമയും ബാഗിലാക്കിയാണ് പിറ്റേന്ന് സ്‌കൂളിൽ പോയത്. അത് കണ്ടപ്പോൾ കുട്ടികൾക്ക് സംശയം. “ഇവനിതൊക്കെയുണ്ടാക്കുമോ?”
ക്ലാസ് ടീച്ചറും ചോദിച്ചുഃ “നീ തന്നെയുണ്ടാക്കിയതാണോ?”
“അതെ.”
“പ്രത്യേകതകളുള്ള കാർഷികവിളകളും മറ്റുമാണ് പ്രദർശനത്തിൽ ഉണ്ടാവുക. കർഷകരോട് വലിയ സ്നേഹവും ആദരവും പുലർത്തിയിരുന്നയാളല്ലേ ഗാന്ധിജി! ഏതായാലും ഹെഡ്‌മാസ്‌റ്ററെ കാണിക്ക്.” ടീച്ചർ.
ഓഫീസ് മുറിയിൽ തിരക്കിട്ട് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ് ഹെഡ്‌മാസ്‌റ്റർ. തലയുയർത്താതെ തന്നെ അദ്ദേഹം ചോദിച്ചുഃ “ഊം…എന്താ?”
പ്രതിമയെടുത്ത് മഹേഷ് മേശപ്പുറത്ത് വെച്ചു. “ഇത് ഞാനുണ്ടാക്കിയതാ, പ്രദർശനത്തിനു വെക്കാൻ”.
മാസ്‌റ്റർ പ്രതിമയെടുത്ത് സസൂക്ഷ്മം നോക്കി. “നന്നായിട്ടുണ്ടല്ലോ. മഹേഷ് ഉണ്ടാക്കിയതല്ലേ? കുട്ടികളുടെ വകയായി ഇതും പ്രദർശിപ്പിക്കാം”.
സന്തോഷംകൊണ്ട് ഒന്നു തുള്ളിച്ചാടണമെന്ന് തോന്നി മഹേഷിന്. വിവരമറിഞ്ഞ കൂട്ടുകാരും ആഹ്ലാദിച്ചു. പ്രദർശനദിവസം വന്നെത്തി. പ്രവേശനം സൗജന്യമാണ്. മഹേഷ് രാവിലെതന്നെ പ്രദർശനഹാളിൽ കയറി. ഭീമൻ നാളികേരം, ഒരുന്നൂറിലേറെ നാളികേരങ്ങളുള്ള ഒരു കുല തേങ്ങ, നാനൂറ്റിയിരുപത്തിമൂന്നു കായകളുള്ള ഒരു റോബസ്‌റ്റ് വാഴക്കുല, ആനച്ചേന – അങ്ങനെ ഒത്തിരി കാഴ്‌ചകളുണ്ട്.
അതാ, തെക്കുപടിഞ്ഞാറേ മൂലയിൽ തന്റെ പേരെഴുതിയ കടലാസ്, മാലപോലെ കഴുത്തിലണിഞ്ഞ് ചിരിക്കുന്ന ഗാന്ധിപ്രതിമ! ഊണുകഴിക്കാൻ പോകുന്നതിനുമുമ്പ് എത്ര തവണയാണ് പ്രദർശനഹാളിൽ കയറിയിറങ്ങിയതെന്ന് അവനുതന്നെ അറിയില്ല.
വൈകിട്ട് തിരക്കൊഴിഞ്ഞ സമയം ഒന്നുകൂടി കയറി മഹേഷ്. അങ്ങേ മൂലയ്‌ക്കൽ സ്‌കൗട്ട് ട്രൂപ്പ് ലീഡർ രവി അവന്റെ വീട്ടുകാരോടുകൂടി നിൽക്കുന്നു. രവി പ്രതിമയെ ചൂണ്ടി പരിചയപ്പെടുത്തുകയാണ്. “ഇതു കണ്ടോ, ഗാന്ധിപ്രതിമ. ആറാം ക്ലാസിലെ മഹേഷ് ഉണ്ടാക്കിയതാ. ചെറിയ പയ്യനാണ്. മിടുക്കൻ കുട്ടി.”
കുറച്ചകലെ വാതിൽക്കൽ നിന്നിരുന്ന മഹേഷിന്റെ മനസ്സ് മന്ത്രിച്ചുഃ “രവീ, ഇങ്ങോട്ടു നോക്കിയേ. എന്നെ നീ കാണുന്നില്ലേ? ഇത് ഞാനാണ്…ഞാൻ മഹേഷ്!”
Generated from archived content: unnikatha1_oct10_07.html Author: muralidharan_anapuzha