ഉച്ചയൂണ് കഴിഞ്ഞയുടനെ വിദ്യാഭ്യാസ ഓഫീസിൽ മീറ്റിങ്ങിന് പോയതാണ് പ്രധാനാധ്യാപിക. ടീച്ചറുടെ ക്ലാസ് തൊട്ടടുത്തായതുകൊണ്ട് മീര ടീച്ചർ തന്നെയാണ് ആ ക്ലാസിലും പോവുക. ഒരു ക്ലാസിലെത്തുമ്പോൾ മറ്റെതിൽ ബഹളം തുടങ്ങും. ചെറിയ കുട്ടികളല്ലേ? ഒന്നിലും മൂന്നിലും പഠിക്കുന്നവർ. എത്രനേരമാണ് അവരെ അടക്കിയിരുത്താനാവുക!
വൈകുന്നേരത്തെ ചെറിയ ഇടവേള. മണിയടിച്ചപ്പോൾ കുട്ടികൾ ആർത്തുവിളിച്ച് പുറത്തേക്ക് ഓടി. ടീച്ചർ ഓഫീസ് മുറിയിലേക്ക് നടന്നു. നാല് അധ്യാപകർ മാത്രമുളള എൽ.പി. സ്‌കൂളാണ്. ഓഫീസ് മുറിയിൽത്തന്നെയാണ് എല്ലാവരും ഇരിക്കുക. മീര ടീച്ചർ ചെല്ലുമ്പോൾ രണ്ട് അധ്യാപകരും അവിടെ എത്തിയിട്ടുണ്ട്. പതിവുളള ചായ എത്തിയിട്ടില്ല.
“ടീച്ചറേ, ആ വേണു എന്നെ ചീത്ത പറഞ്ഞു.” മൂന്നാം ക്ലാസിൽ പുതുതായി വന്നുചേർന്ന വിനു പരാതിയുമായി വാതിൽക്കലെത്തി.
ചായ കാത്തിരുന്ന മീര ടീച്ചർ പറഞ്ഞു. “കുട്ടി പൊയ്‌ക്കോളൂ. ടീച്ചർ ക്ലാസിൽ വരുമ്പോൾ ചോദിക്കാം, കേട്ടോ.”
വിഷാദഭാവത്തോടെ വിനു തിരിച്ചുപോയി. ചായ കുടിച്ചശേഷം വേഗം ക്ലാസിലേക്ക് പോകാമെന്നോർത്ത് ടീച്ചറിരുന്നു. ചായ എത്തിയില്ല.
അല്‌പസമയം കഴിഞ്ഞ് വിനു ഓടിക്കിതച്ചുകൊണ്ട് വന്നു. “ടീച്ചറേ, ദേ അവൻ പിന്നേം ചീത്ത വിളിക്ക്യേണ്!”
“നിന്നോടല്ലേ പറഞ്ഞത്, ക്ലാസിൽ വരുമ്പോൾ ചോദിക്കാന്ന്.” അറിയാതെയെങ്കിലും ടീച്ചറുടെ ശബ്‌ദം അല്‌പം ഉയർന്നു.
വിനു ഒരു നിമിഷം ടീച്ചറുടെ മുഖത്തേക്ക് വിഷമത്തോടെ നോക്കി. പിന്നെ മുഖം തിരിച്ച് തന്നോടുതന്നെ പതുക്കെ പറഞ്ഞു. “ഒരു ശല്യവുമില്ലാതെ മറ്റേ സ്‌കൂളിൽ പഠിച്ചിരുന്ന ഞാനാ. വീട്ടിൽ വന്ന് പുസ്‌തകോം യൂണിഫോറോം തന്ന് ഇങ്ങോട്ട് കൊണ്ട്വന്നതാ. അവിടെത്തന്നെ പഠിച്ചാൽ മതിയായിരുന്നു!”
വിനു പറഞ്ഞത് പതുക്കെയായിരുന്നെങ്കിലും ടീച്ചർ അത് കേട്ടു. തന്റെ വീഴ്‌ച അപ്പോഴാണ് ടീച്ചർക്ക് ബോധ്യമായത്.
“വിനു, എവിടെ വേണു? ടീച്ചർ അവനോട് ഇപ്പോൾത്തന്നെ ചോദിക്കാം.” ചായ കുടിച്ചില്ലെങ്കിലും മീര ടീച്ചർ ധൃതിയിൽ വിനുവിനൊപ്പം വേണുവിനെ തേടിയിറങ്ങി.
Generated from archived content: unnikatha1_mar11_08.html Author: muralidharan_anapuzha