സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ് ദീപിക. ആറാം ക്ലാസിൽ ദീപികയേക്കാൾ കൂടുതൽ മാർക്ക് നേടുന്നവർ രണ്ടോ മൂന്നോ മാത്രം.
ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം. മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകൾ കുട്ടികൾക്ക് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ് ജോസഫ് സാർ. കുട്ടികൾ അവരവർക്ക് ലഭിച്ച മാർക്ക് കൂട്ടിനോക്കുന്ന തിരക്കിലാണ്. അല്പം കഴിഞ്ഞ് ഓരോരുത്തരുടേയും മാർക്കും ഗ്രേഡും സാർ രജിസ്റ്ററിൽ എഴുതിത്തുടങ്ങി.
ദീപികയുടെ പേര് വിളിച്ചു. അവൾ തന്റെ പേപ്പറുമായി സാറിനടുത്തെത്തി. “ഈ ഉത്തരത്തിന് മാർക്കിട്ടിട്ടില്ല, സാർ.”
“നോക്കട്ടെ.” സാർ പേപ്പർ വാങ്ങിനോക്കി. ശരിയാണ്. ഒറ്റവാക്കിൽ ഉത്തരം എഴുതേണ്ടുന്ന രണ്ട് ചോദ്യങ്ങൾക്ക് മാർക്ക് നല്കിയിട്ടില്ല. ദീപികയ്ക്ക് രണ്ടുമാർക്ക് കൂടി നൽകി. തന്റെ നോട്ടത്തിൽ പിശക് പറ്റിയതാണെന്ന് സാർ പറയുകയും ചെയ്തു.
ഇടവേളയിൽ ടീച്ചേഴ്സ് റൂമിലിരിക്കുമ്പോൾ ഇക്കാര്യം ജോസഫ്സാർ മറ്റുളളവരോട് പറഞ്ഞു. താൻ പേപ്പർ കൊടുത്തപ്പോഴും മൂന്നുമാർക്ക് വീണ്ടും കൊടുക്കേണ്ടിവന്ന കാര്യം ട്രീസ ടീച്ചർ ഓർത്തു. അതും ദീപികയ്ക്ക് തന്നെ.
വിവരമറിഞ്ഞപ്പോൾ സാറിനൊരു സംശയം. ഇതിലൊരു പന്തികേടില്ലേ? ദീപികയെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു. രണ്ടുപേപ്പറും ഒന്നുകൂടി പരിശോധിച്ചു. ഉത്തരക്കടലാസിൽ ചിലയിടത്ത് കുറേശ്ശെ സ്ഥലം വിട്ടിരിക്കുന്നു!
“എന്തിനാണിങ്ങനെ സ്ഥലം വിട്ടിരിക്കുന്നത്?”
ദീപിക ആദ്യമൊന്ന് പരുങ്ങിയെങ്കിലും പറഞ്ഞുഃ “പരീക്ഷാസമയത്ത് ഓർമ്മവരാത്ത ഉത്തരങ്ങൾ അവസാന സമയത്ത് കിട്ടിയാലെഴുതിച്ചേർക്കാൻ.”
രണ്ടിലേയും കൈയക്ഷരം സൂക്ഷ്മതയോടെ പരിശോധിച്ച സാർ ചോദിച്ചുഃ “അത് ഒടുവിൽ നമ്പറിട്ട് എഴുതിയാൽ പോരേ? ഈ പേപ്പറിൽ എപ്പോഴാണെഴുതിയത്?”
ദീപിക മിണ്ടിയില്ല.
“പരീക്ഷാവേളയിൽ കുട്ടി വേഗത്തിലെഴുതിയ പോലെയല്ല, ഈ പേപ്പറുകളിൽ പുതിയ മാർക്കിനുളള ഉത്തരങ്ങൾ! സത്യം പറഞ്ഞോളൂ. ഇതെപ്പോഴാണ് എഴുതിച്ചേർത്തത്?”
ദീപികയുടെ കണ്ണുകൾ നിറഞ്ഞു. എല്ലാവരും മാർക്ക് കൂട്ടിനോക്കുന്ന തിരക്കിൽ അവൾ മറ്റാരും കാണാതെ ചെറിയ ഉത്തരങ്ങൾ എഴുതിച്ചേർക്കുകയായിരുന്നു. ഇത് മനസ്സിലാക്കാൻ സാറിന് അധികസമയം വേണ്ടിവന്നില്ല.
ഇനിയൊരിക്കലും ഇപ്രകാരം ചെയ്യില്ലെന്ന് സമ്മതിപ്പിച്ച ശേഷമേ ദീപികയെ സാർ ക്ലാസിലേക്ക് പോകാൻ അനുവദിച്ചുളളൂ.
ഉത്തരക്കടലാസുകളിൽ സ്ഥലം ഒഴിച്ചിട്ടിരിക്കുന്നത് കണ്ടാൽ ഉടനെ തന്നെ ചുവന്ന മഷിയിൽ വെട്ടിക്കളയണമെന്ന് അധ്യാപകർക്ക് പ്രത്യേക നിർദ്ദേശമെത്തിയത് അതിനുശേഷമാണ്.
Generated from archived content: unnikatha1_july5_08.html Author: muralidharan_anapuzha