നഴ്‌സറി സ്‌കൂളിൽ പോകാനുള്ള പ്രായമായിട്ടില്ല ടിനുമോൾക്ക്. വർണ്ണചിത്രങ്ങൾ നിറഞ്ഞ ഒരു പുസ്തകം വാങ്ങിക്കൊടുത്തു അച്ഛൻ. അത് എന്തിഷ്ടമായെന്നോ മോൾക്ക്!
കിട്ടിയപാടേ പുസ്തകം കൈയിലെടുത്ത് താളുകൾ മറിച്ചു നോക്കി. അതിന്റെ പുതുമണം മോൾക്കിഷ്ടമായെന്ന് തോന്നുന്നു. അവൾ അത് മുഖത്തോട് ചേർത്തുപിടിച്ചു.
“ഓരോരോ പടം നോക്ക്. എന്നിട്ട് ഓരോന്നും എന്താണെന്ന് മോള് പറയ്”. അച്ഛൻ പറഞ്ഞു.
അമ്മയും വന്ന് അടുത്തിരുന്നു. ആദ്യപേജിലെ ചിത്രം അമ്മ കാണിച്ചുകൊടുത്തു. മടിയിലിരുത്തി കുഞ്ഞിനെ ലാളിക്കുന്ന സ്ര്തീയുടെ ചിത്രമായിരുന്നത്.
“ഇത്… ഇത്…” കൃത്യമായി പറയാനാവാതെ ടിനുമോൾ അമ്മയെ നോക്കി.
“കൊച്ചുകുഞ്ഞല്ലേ മടിയിലിരിക്കുന്നത്? അപ്പോൾ ഇതാരാ?”
അമ്മയുടെ മടിയിലിരുന്നുകൊണ്ട് ടിനുമോൾ സന്തോഷത്തോടെ പറഞ്ഞുഃ “ അമ്മ…. അമ്മ”.
ആനയുടെ പടമാണ് പിന്നെ കണ്ടത്. മോൾ പറഞ്ഞതിങ്ങനെ ഃ “ഉത്സവം….ഉത്സവം.”
ചിരിച്ചുക്ണ്ട് അമ്മ തിരുത്തി “ഇത് ആന…ആന” പടത്തിൽ തൊട്ടുകൊണ്ട് മോൾ ഏറ്റുപറഞ്ഞു.
പശുവിന്റെ പടം കണ്ടപ്പോൾ മോൾക്ക് വലിയ സന്തോഷം. “ഉമ്പാ… ഉമ്പാ!”
“അത് പശുവാണ് മോളേ, പശു. പറഞ്ഞേ.”
പട്ടിയുടെ പടത്തിനു നേരെ നോക്കി മോൾ “ബൗ…ബൗ” എന്നായി.
“പട്ടിയുണ്ടാക്കുന്ന ശബ്ദമല്ലേ ‘ഭൗ…ഭൗ!” ഇത് പട്ടിയുടെ പടം“. മോൾ തലകുലുക്കി സമ്മതിച്ചു.
”ഇതെന്താണ്?“ പൂച്ചയുടെ ചിത്രം കാണിച്ചുകൊണ്ടാണ് അമ്മ ചോദിച്ചത്.
പടത്തിൽ തൊട്ടുകൊണ്ട് മോൾ ചോദിച്ചുഃ ”അമ്മയ്‌ക്കറീലേ?“
”ഇല്ല. എന്തിന്റെ പടമാണ്?“ അറിയാത്തപോലെ അമ്മ പറഞ്ഞപ്പോൾ മോൾക്ക് ചിരിവന്നു.
അവൾ അച്ഛന്റെ നേരെ നോക്കി. ”അമ്മയ്‌ക്കറിഞ്ഞൂടെന്ന്! ഇത് പൂച്ച…. പൂച്ച! മ്യാവൂ, മ്യാവൂ!“
പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മ മോളുടെ കവിളിൽ ഉമ്മ നൽകി.
Generated from archived content: unnikatha1_july30_07.html Author: muralidharan_anapuzha