അണക്കെട്ടും പൂന്തോട്ടവും മറ്റും കാണാനെത്തിയതാണ് കുട്ടികൾ. എന്താ തിരക്ക്! ബസ്സിൽ നിന്നിറങ്ങിയപ്പോഴേ ഹെഡ്‌മാസ്‌റ്റർ പറഞ്ഞുഃ “ഏറ്റവും അടുത്ത മൂന്ന് കൂട്ടുകാർ വീതം കൈപിടിച്ചേ നടക്കാവൂ. കൂട്ടം തെറ്റാതിരിക്കാനാണ്. ബസ്സിൽ തിരികെ കയറുന്നതുവരെ ഇവർ എപ്പോഴുമടുത്തടുത്തു വേണം.” ഇങ്ങനെയുളള മൂന്നാൾക്കൂട്ടത്തെ നോക്കാൻ ഓരോ അധ്യാപികയെ ചുമതലപ്പെടുത്തി.
അക്വേറിയം കാണാനാണ് ആദ്യം കയറിയത്. പലനിറത്തിലും വലിപ്പത്തിലും മത്സ്യങ്ങൾ എത്രയാണ് നീന്തിക്കളിക്കുന്നത്! കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.
ടിക്കറ്റെടുത്ത് തോട്ടത്തിന്റെ ചുറ്റുമതിലിനുളളിലേക്ക് കടന്നപ്പോൾ കൈവിട്ട് ഓട്ടമായിരുന്നു. പാർക്കിലെ ഊഞ്ഞാലിലും സീസായിലും മറ്റും കളിയോടുകളിതന്നെ. ടീച്ചർമാർ മാറിയിരുന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൂന്തോട്ടത്തിലേക്ക് പോകുംമുമ്പേ വീണ്ടും മൂന്നാൾസംഘങ്ങളായി.
തടാകത്തിലെ കൂടാരത്തിലൊരുക്കിയ ഭൂഗോളവും തുടർന്ന് യക്ഷിയുടെ വലിയ ശില്‌പവും കണ്ട് തൂക്കുപാലത്തിലൂടെ തിരിച്ചുവരുമ്പോൾ സ്‌നേഹിതർ പരസ്‌പരം മുറുകെ പിടിച്ചു. പാലത്തിന്റെ ചലനം ചെറിയ പേടിയുണ്ടാക്കാതിരുന്നില്ല.
തോട്ടത്തിലെ വൈദ്യുത വിളക്കുകൾ മുഴുവൻ പെട്ടെന്ന് കൺതുറന്നു.
“ഹായ്!” കുട്ടികൾ ഒന്നടങ്കം ആഹ്ലാദാരവം പുറപ്പെടുവിച്ചു. വർണ്ണശോഭയിൽ മുങ്ങിക്കുളിച്ച് തോട്ടത്തിൽ നിന്നപ്പോൾ ഏതോ മായികലോകത്തെത്തിച്ചേർന്ന തോന്നലായിരുന്നു.
കടല വാങ്ങിക്കൊറിച്ച് കൂട്ടുകാരുമായി സന്തോഷത്തോടെ ചുറ്റിക്കറങ്ങുന്നതിനിടയിലാണ് കുരങ്ങുകളേയും മറ്റും സൂക്ഷിച്ചിരിക്കുന്നതിന്നടുത്ത് എത്തിയത്. ചെറിയൊരു മൃഗശാല തന്നെ. പല്ലിളിച്ചു കാണിക്കുന്ന കുരങ്ങുകളെ കണ്ടപ്പോൾ പല കൂട്ടുകാരും പല്ലിളിച്ചു കാണിച്ചു.
അല്‌പമകലെ ഒരു കൂട്ടിൽ ഒരു പുളളിപ്പുലി. അയ്യോ! അത് അമറുകയല്ലേ? എല്ലാവരും അങ്ങോട്ടു ചെന്നു. അടുത്തുചെന്നപ്പോഴല്ലേ മനസ്സിലായത്, പുലിയല്ല, പുലിയുടെ പടമാണ് കൂട്ടിലെന്ന്! പടം നന്നായി വരച്ചിരിക്കുന്നു.
ഒരു കൊച്ചുകുട്ടിയെ ആ കൂടിന്റെ കമ്പിയിൽ പിടിപ്പിച്ച് നിർത്തിയിരിക്കയാണ്. ഫോട്ടോയെടുക്കാനുളള ശ്രമത്തിലാണ് അവളുടെ മാതാപിതാക്കൾ. കൂട്ടിൽ കൈയിട്ട് കുട്ടി പുലിയുടെ നേരെ കൈചൂണ്ടി ചിരിച്ചുകൊണ്ട് നോക്കിനിൽക്കുന്നു. അമ്മ തൊട്ടടുത്തുണ്ട്. അച്‌ഛൻ ക്യാമറയുമായി അല്‌പമകലെ.
സ്‌കൂളിലെ മിമിക്രിക്കാരനായ സനോജ് തന്റെ കൈത്തലം മുഖത്തോട് ചേർത്തുപിടിച്ചു. പിന്നെ കേട്ടത് ശരിക്കും ഒരു പുലിയൊച്ച! കുട്ടികളൊക്കെ ഞെട്ടിത്തിരിഞ്ഞു. ഫോട്ടോയെടുക്കാൻ നിന്ന കുട്ടി പേടിച്ചു നിലവിളിച്ചു. കമ്പിയിലെ പിടിവിട്ട് അവൾ താഴേക്ക് പോന്നതും “എന്റെ പൊന്നുമോളേ…” എന്നാർത്തുവിളിച്ചുകൊണ്ട് അമ്മ എത്തിപ്പിടിച്ചതും ഒന്നിച്ചായിരുന്നു. അപകടമൊന്നുമുണ്ടായില്ല.
കുട്ടിയുടെ അച്‌ഛൻ സനോജിനെ കടുപ്പിച്ചൊന്ന് നോക്കി.
“എന്തിനാ അങ്ങനെ ചെയ്‌തത്? കുട്ടിയെങ്ങാൻ വീണിരുന്നെങ്കിലോ?” ഹെഡ്‌മാസ്‌റ്റർ ചോദിച്ചപ്പോൾ അവൻ മിണ്ടിയില്ല.
“ആ കുട്ടിക്ക് പേടീണ്ടോന്നറിയാൻ ഞാനൊരു നമ്പറിറക്കിയതല്ലേ?” കൂട്ടുകാരന്റെ ചെവിയിൽ സനോജ് പിന്നീട് പറഞ്ഞു.
Generated from archived content: unnikatha1_apr3_08.html Author: muralidharan_anapuzha