“ചിത്തിരച്ചേച്ചീ, വാ, നമുക്ക് കളിക്കാം. വാ.” ഊണ് കഴിഞ്ഞപ്പോൾ അഞ്ഞ്‌ജുവിളിച്ചു.
“അതെങ്ങനെയാ മോളേ, ചേച്ചിയിപ്പൊ വർവാ? ചേച്ചിയ്‌ക്കേ, പാത്രം കഴുകേണ്ടേ, മേശതുടയ്‌ക്കേണ്ടേ? അങ്ങനെയെന്തൊക്കെ ചെയ്യാനുണ്ട്! പണിയൊക്കെ തീർത്തിട്ട് ചേച്ചി വരാട്ടോ.”
ഇത്തിരി വാശി കൂടുതലാണഞ്ഞ്‌ജൂന്. എങ്കിലും ചിത്തിരയെ വലിയ കാര്യമാണ്. എന്തിനും ഏതിനും അവൾ വേണം. അഞ്ഞ്‌ജു ചിത്തിരയുടെ കൈപിടിച്ചു വലിച്ചു.
“എന്താ കുട്ടീയിക്കാണിക്കണേ? കൈവിട്.” മക്കളുടെ ബഹളം കേട്ട് അമ്മ ഊണു മുറിയിൽ കടന്നുവന്നു. “അച്ഛനിവിടില്ലെങ്കിൽ കൊച്ചിന്റെയൊരു വാശി!” അഞ്ഞ്‌ജു നിന്നു ചിണുങ്ങി. ചിത്തിര മേശപ്പുറത്തിരുന്ന പാത്രങ്ങളെടുത്ത് അടുക്കാൻ തുടങ്ങി.
“മോളൊരു കാര്യം ചെയ്യ്. പാത്രങ്ങളെല്ലാം അടുക്കളേൽവെച്ച് അഞ്ഞ്‌ജൂന്റെകൂടെ ചെല്ല്. ഞാൻ കഴുകിക്കോളാം. ചെല്ല്.”
“മേശ തുടച്ചിട്ട് ഞാൻ ചെല്ലാം.” അമ്മയെ സഹായിക്കുന്ന ശീലമുളള ആ നാലാം ക്ലാസ്സുകാരി പറഞ്ഞു.
അത്ര സമയമൊന്നും ചേച്ചിയെ കാത്തുനിൽക്കാൻ മൂന്നുവയസ്സുകാരി അഞ്ഞ്‌ജു തയ്യാറല്ല. അവൾ പിണങ്ങി മുറിയ്‌ക്കകത്തുകയറി വാതിലടച്ചു.
മേശ തൂത്തുവൃത്തിയാക്കി ചിത്തിര വേഗം ചെന്ന് കതകിൽ മുട്ടിവിളിച്ചു. എത്ര വിളിച്ചിട്ടും അഞ്ഞ്‌ജു വാതിൽ തുറക്കുന്നില്ല. ചിത്തിരയ്‌ക്ക് കരച്ചിൽ വന്നു. അമ്മയും വന്നു വിളിച്ചു നോക്കി. വാതിലിൽ കൈകൊണ്ട് ഇടിച്ചുനോക്കി. ഒരു ഫലവുമില്ല. അകത്തു നിന്ന് നേരിയ കരച്ചിൽ ശബ്‌ദം. ചിത്തിര ചെവി വാതിലിൽ ചേർത്തുവെച്ചുനോക്കി. അമ്മ അപ്പോഴേക്കും ബോധംകെട്ടു പോയിരുന്നു. ചിത്തിര നിലവിളിച്ചുകൊണ്ട് മുറ്റത്തേക്കോടി പിൻവശത്തെ ജനൽപ്പാളിയിൽത്തട്ടി വിളിച്ചു. ഭാഗ്യത്തിന് ഒരു പാളിയുടെ കൊളുത്ത് വീണിരുന്നില്ല. പാളി തുറന്നു നോക്കിയപ്പോൾ എന്താ കണ്ടത്! വാതിൽ എങ്ങനെയോ പൂട്ടുവീണു പോയിരിക്കുന്നു. താക്കോൽ, പഴുതിലിരിപ്പുണ്ട്. അതെടുക്കാനാകാതെ കൈ ഉയർത്തി അഞ്ഞ്‌ജു കരയുന്നു!
കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയവരിൽ ചിലർ അമ്മയുടെ മുഖത്ത് വെളളം തളിച്ചുണർത്തി. ചിലർ പിൻവശത്ത് ചിത്തിരയുടെ അടുത്തെത്തി. അഞ്ഞ്‌ജു ജനലിലൂടെ ചേച്ചിയുടെ കൈപിടിച്ചുനിന്ന് കരയുന്നു. ചിത്തിരയും നല്ല കരച്ചിൽ തന്നെ.
“മോളേ, മുറിയുടെ മറ്റൊരു താക്കോൽ കാണും. അതെവിടെയാ?” ഒരാൾ തിരക്കി.
“അത് അഞ്ഞ്‌ജു നിൽക്കണമുറീലെ മേശേലാണ്. വേറെയെന്തെങ്കിലും കൊണ്ടീ താക്കോൽ തളളിത്താഴെയിടാൻ പറ്റൂലേ?” രണ്ടുപേരുടേയും കരച്ചിൽ ഉച്ചത്തിലായി.
“സമാധാനിക്ക് മക്കളേ, വാതിലെങ്ങനെയും തുറക്കാം.” മറ്റൊരാൾ പറഞ്ഞു. അയാൾ അകത്തുചെന്നു. അവിടെയിരുന്ന ഏതൊ താക്കോലെടുത്ത് ഒരു പരീക്ഷണം നടത്തി. ഭാഗ്യം! പഴുതിലിരുന്ന താക്കോൽ മുറിക്കുളളിൽ വീണു.
“മോളേ അഞ്ഞ്‌ജു, താഴെവീണ താക്കോലിങ്ങെടുക്ക്.” ചിത്തിര അഞ്ഞ്‌ജുവിന്റെ കൈവിട്ടു. ബോധം വീണ അമ്മയും അവിടേക്കെത്തി.
ചേച്ചിയുടെ കൈവിട്ട് താക്കോലെടുത്തുകൊണ്ട് അഞ്ഞ്‌ജു വീണ്ടും ജനലിനടുത്തെത്തി. താക്കോൽ വാങ്ങി മുറിതുറന്ന് അമ്മ കുഞ്ഞിനെ വാരിയെടുത്തു. ചിത്തിര ഓടിച്ചെന്ന് കുഞ്ഞിനെ തെരുതെരെ ഉമ്മവെച്ചു. കൂടിനിന്നിരുന്നവരുടെ കണ്ണുകളും നിറഞ്ഞുപോയി.
Generated from archived content: unni_anjuvasi.html Author: muralidharan_anapuzha