പ്രശസ്തമായ ഒരു പ്രൈമറി സ്‌കൂൾ. അച്ചടക്കത്തിന്റെ കാര്യത്തിൽ വലിയ ചിട്ട. ലിസി ടീച്ചർ അവിടെ രണ്ടാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. നേരം വൈകി വരുന്നവരോട് ടീച്ചറിന് ഒരു ദയവുമില്ല. കുറ്റം പറയരുതല്ലോ, സമയനിഷ്‌ഠ പാലിക്കുന്നതിൽ ടീച്ചർ കണിശക്കാരിയാണ്.
മണിയടിച്ചതിനുശേഷമാണ് ക്ലാസിൽ വരുന്നതെങ്കിൽ ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. പത്രക്കടലാസ് കൊണ്ടുണ്ടാക്കിയ വലിയ കൂമ്പൻതൊപ്പി തലയിൽ വെപ്പിച്ച് മറ്റു ക്ലാസുകളുടെ മുന്നിലൂടെ സ്‌കൂളിനു ചുറ്റും ഒരു പ്രാവശ്യമെങ്കിലും നടത്തുമെന്നുറപ്പ്!
ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊപ്പിയുണ്ടാക്കി ടീച്ചർ മടുത്തു. വൈകിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ചിലർ നേരത്തേ വന്നാലും മണിയടിക്കുന്നതും കാത്ത് അകലെമാറി നിൽക്കും. എന്താ കാര്യം? തൊപ്പിയും തലയിൽവെച്ച് മറ്റു ക്ലാസുകാരുടെ മുന്നിലൂടെ ‘ഇന്നത്തെ താരം ഞാനാണെടാ!’ എന്ന മട്ടിൽ ഒന്നു നടക്കാമല്ലോ. സിനിമയിൽ നായകൻ നടക്കുമ്പോലെയുള്ള ഒരു സ്‌റ്റൈലും!
ടീച്ചർ അടവൊന്ന് മാറ്റി. വൈകിയാൽ, ക്ലാസിലെ പിൻബഞ്ചിൽ കയറ്റി നിർത്തുന്ന പതിവാക്കി. ആന്റുവെന്ന ആന്റണി മാത്രം അപ്പോഴും സന്തോഷിച്ചു. മറ്റുള്ളവരേക്കാൾ ഉയരത്തിലാണ് തന്റെ സ്ഥാനം എന്ന് അവൻ അഹങ്കരിച്ചു. പക്ഷേ, അങ്ങോട്ടോ ഇങ്ങോട്ടോ ടീച്ചർ ഒന്നു തിരിഞ്ഞാൽ മതി, അടുത്തിരിക്കുന്നവരെ തോണ്ടാനോ തലയിൽ കിഴുക്കാനോ അവൻ ശ്രമിക്കും.
കുട്ടികൾ പരാതിപ്പെട്ടു.
“വെറുതെ പറയുന്നതാ ടീച്ചർ!” പാവത്താനെപ്പോലെ കൈകെട്ടിനിന്ന് അവൻ പറഞ്ഞു.
“അസൂയയാ ടീച്ചറേ! ഇത്രേം ഉയരത്തിൽ നിൽക്കാൻ മറ്റാർക്കും പറ്റണില്ലല്ലോ!”
പക്ഷേ, അവനൊപ്പിച്ച കുസൃതികൾ ടീച്ചർ കണ്ടിരുന്നു. ടീച്ചർ അവനെ താക്കീത് ചെയ്തുഃ “ഇനി നീ ഇതാവർത്തിച്ചാൽ…”
“ആവർത്തിച്ചാൽ…?” കൈപ്പത്തികൾ കക്ഷത്തിനിടയിലേക്ക് ചേർത്തുവെച്ചുകൊണ്ട് ആന്റു ആകാംക്ഷയോടെ ചോദിച്ചു.
“അങ്ങനെ ചെയ്താൽ നിന്നെ ഞാൻ പെൺകുട്ടികൾക്കിടയിലിരുത്തും! നോക്കിക്കോ.”
കുട്ടികളെല്ലാം ആന്റുവിനെ നോക്കി ചിരിച്ചു. താൻ പഠിച്ചിരുന്ന കാലത്തെ ഏറ്റവും വലിയ ശിക്ഷയായിരുന്നു അതെന്ന് ടീച്ചർ ഓർത്തു.
സന്തോഷം നിറഞ്ഞ കണ്ണുകളോടെ ആന്റു പറഞ്ഞുഃ “ചുമ്മാ കൊതിപ്പിക്കല്ലേ ടീച്ചറേ!”
Generated from archived content: unni2_feb4_08.html Author: muralidharan_anapuzha