നല്ല ഈണത്തിൽ നാരായണൻ മാഷ് കവിത ചൊല്ലി അവസാനിപ്പിച്ചു. കുട്ടികൾ കാതോർത്തിരുന്നു.
“എല്ലാവരും മൗനമായി കവിത ഒരു പ്രാവശ്യം വായിച്ചേ.” മാഷ് പറഞ്ഞു.
കുട്ടികൾ മൗനവായനയിലാണ്. പെട്ടെന്ന് ഷൈമോൻ ചാടിയെണീറ്റ് ഒരു ചോദ്യം; “ മാഷേ, മാഷ്‌ക്ക് ഒരു മകനില്ലേ”
“ഉണ്ട്. എന്താ കാര്യം?” ഇതെന്തു ചോദ്യമെന്ന മട്ടിലായിരുന്നു മാഷ്.
“ആ ചേട്ടൻ നന്നായി ബൈക്കോടിക്കും. അല്ലേ? നല്ല ചെത്ത് സ്റ്റലാ!”
കുട്ടികളെ പഠിപ്പിക്കുന്നതിൽ തനിക്കുള്ള സാമർത്ഥ്യക്കുറവിനെക്കുറിച്ച് മാഷിന് തന്നോടുതന്നെ നിന്ദ തോന്നി. എല്ലാവരും ശ്രദ്ധിച്ചിരിക്കത്തക്കവിധം കവിത ചൊല്ലിക്കൊടുത്തതാണ് താൻ. എങ്കിലും ഷൈമോന്റെ മനസ്സ് തന്റെ മകനോടിക്കുന്ന ബൈക്കിനുചുറ്റും കറങ്ങുകയായിരുന്നിരിക്കണം.
ഷൈമോന്റെ അനവസരത്തിലുള്ള ചോദ്യങ്ങളെക്കുറിച്ച് മാഷ് മറ്റ് അധ്യാപകരോട് പറഞ്ഞു. ക്ലാസെടുക്കുന്നതിനിടയിൽ ഇങ്ങനെ ബന്ധമില്ലാത്ത എന്തെങ്കിലും ചോദിക്കുന്ന ശീലം അവനുണ്ടെന്ന് അവരും പറഞ്ഞു. ഒരു ദിവസം ഒരു ടീച്ചറിന്റെ മകളുടെ പല്ലിനെ കുറിച്ചായിരുന്നത്രേ ചോദ്യം!
പിറ്റേന്ന് ക്ലാസിലെത്തിയപ്പോൾ മാഷ് ആദ്യം തിരക്കിയത് ഷൈമോനെയാണ്. അവൻ എഴുന്നേറ്റു നിന്ന് ഷർട്ടിന്റെ ചുളിവ് നേരെയാക്കി ചിരിച്ചു.
“നല്ലപോലെ തേച്ചുമിനുക്കിയ ഷർട്ടാണല്ലോ ഇട്ടിരിക്കുന്നത്! നന്നായി”. മാഷിന്റെ അഭിപ്രായം അവനെ സന്തുഷ്‌ടനാക്കിയെന്ന് അവന്റെ മുഖം വിളിച്ചു പറഞ്ഞു.
“ഇരുന്നോളു. ആളെത്തിയില്ലേ എന്ന് നോക്കിയതാ? മാഷ് പറഞ്ഞു.
അന്നത്തെ ക്ലാസിൽ ഷൈമോൻ പ്രത്യേകമായൊന്നും ചോദിച്ചില്ല. ഇക്കാര്യം മറ്റ് അധ്യാപകരും അറിഞ്ഞു.
ക്ലാസിലെത്തിയാൽ അധ്യാപകർ കണ്ടതായും ശ്രദ്ധിച്ചതായും തോന്നുന്ന ദിവസങ്ങളിൽ അവൻ ഒരു കുസൃതിയും ഒപ്പിച്ചില്ല. തന്നെ എല്ലാ അധ്യാപകരും ശ്രദ്ധയോടെ നിരീക്ഷിക്കുന്നുവെന്ന തോന്നൽ അവനിൽ നല്ല മാറ്റങ്ങൾ വരുത്തി. അവൻ പാഠങ്ങൾ ചിട്ടയോടെ പഠിക്കാൻ തുടങ്ങി.
Generated from archived content: unni1_nov19_08.html Author: muralidharan_anapuzha