ഭംഗിയായി പെയിന്റടിച്ച മതിൽ. കാവൽക്കാരനില്ലാത്ത ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ഇരുവശങ്ങളിലുമുളള കെട്ടിടങ്ങൾക്ക് താഴെ ചോരപ്പൂക്കൾ വിതറിയപോലെ മുറുക്കിത്തുപ്പിയതിന്റെ പാടുകൾ. അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പഴന്തുണിത്തുണ്ടുകൾ. ശുചിത്വത്തിന്റെ ബാലപാഠമറിയാത്ത സർക്കാർ ആശുപത്രി!
കൂട്ടുകാരനെ കാണാൻ കയറിയതാണവിടെ. ഒറ്റവിജാഗിരിയിൽ തൂങ്ങിനിൽക്കുന്ന ജനലിന്റെ അരികിൽ നിന്ന് പുഞ്ചിരിക്കുന്ന കുട്ടി ഏതാണ്? ഓ….. എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന, പൊക്കം കുറഞ്ഞ കുട്ടി. സൂര്യ! രണ്ട് വർഷം മുമ്പ് തന്റെ ക്ലാസ്സിൽ പഠിച്ചിരുന്നു.
“എന്താ സൂര്യേ, ഇവിടെ?” പുറത്തുനിന്നുകൊണ്ട് ചോദിച്ചു.
“അനിയന് സുഖോല്യാ.”
“എന്താണസുഖം?”
“ടൈഫോയ്‌ഡ്.”
രണ്ട് മാസം മുമ്പ് തനിക്കിതേരോഗം വന്നതോർത്തു. ആശുപത്രിയിൽനിന്ന് പനിമാറി വീട്ടിൽച്ചെന്നശേഷം രണ്ടാമതും പനി തുടങ്ങിയപ്പോഴാണ് അന്ന് ഏറെ വിഷമിച്ചത്. സൂര്യ നിന്നിരുന്ന മുറിയിലേക്ക് ഞാൻ കയറി. രോഗികൾക്കിടയിലൂടെ സൂര്യേടനിയന്റെ അടുത്തെത്താൻ നന്നേ പണിപ്പെട്ടു. വിഴുപ്പ് തുണികളുടേയും വിസർജ്ജ്യവസ്‌തുക്കളുടേയും മരുന്നുകളുടേയും മണം മടുപ്പിക്കുന്നതായിരുന്നു.
“നോക്കൂ മോനേ, എന്നെ പഠിപ്പിച്ച മാഷ്!” കഴുത്തറ്റം മൂടിപ്പുതച്ച് കണ്ണടച്ചുകിടന്നിരുന്ന അനിയൻ കണ്ണുതുറന്നു. കൺകോണുകളിൽ നീർക്കണങ്ങൾ. പല്ലിറുക്കിപ്പിടിച്ചു കൊണ്ട് അവൻ പറഞ്ഞുഃ “ഞാൻ വിറക്കുന്നു, ചേച്ചി!”
ശരിയാണ്. പുതപ്പിനടിയിലും ആ കൊച്ചുശരീരം വല്ലാതെ വിറക്കാൻ തുടങ്ങിയിരുന്നു. സൂര്യ തന്റെ ശരീരത്തോട് അവനെ ചേർത്തുപിടിച്ചു. വിറയൽ കൂടിവന്നു. ടൈഫോയ്‌ഡായിരുന്നപ്പോൾ എനിക്കുണ്ടായ അനുഭവം ഞാനോർത്തു.
“പൊന്നുമോനേ, കരയല്ലേടാ!” ഒലിച്ചിറങ്ങിയ കണ്ണീർ തുടയ്‌ക്കുന്നതിനിടയിൽ സൂര്യ പറഞ്ഞു. അവൻ കൂടുതൽ വിറക്കാൻ തുടങ്ങി. കണ്ണുകൾ വീണ്ടും സജലങ്ങളായി. ദയനീയമായി അവൻ എന്നെ നോക്കി. ആശ്വസിപ്പിക്കാനുളള വാക്കുകൾക്കായി ഞാൻ പരതി.
“സാരോല്യാ മോനേ, അൽപ്പസമയം കഴിയുമ്പോ മാറിക്കോളും.” എന്നിട്ട് സൂര്യയോട് ചോദിച്ചുഃ “കൂടെ വേറെയാരൂല്യേ?”
“അമ്മയുണ്ടായിരുന്നിവിടെ. പുറത്തേക്ക് പോയി.”
കുട്ടിയുടെ അവസ്ഥ കണ്ട് മറ്റുരോഗികളുടെ ശൂശ്രൂഷകർ അടുത്തുവന്നു. അവർ പറഞ്ഞുഃ “ഇന്നലെ രാത്രീം ഇങ്ങനേണ്ടായി. ഡോക്‌ടറു വന്ന് കുത്തിവെച്ചതിനുശേഷമാ കുറഞ്ഞത്.”
“മരുന്നിവ്‌ട്‌ണ്ട്. നഴ്‌സവിട്‌ല്ലെന്നാ തോന്നണേ.” സൂര്യ.
ഞാൻ പോയി നോക്കി. ആ സമയംവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്‌റ്റർ പോയിരിക്കുന്നു. അടുത്ത ഡ്യൂട്ടിക്ക് ആളെത്തിയിട്ടില്ല. ഒ.പി.യിൽ ഇഞ്ചക്ഷൻ കൊടുക്കുന്നിടത്തേക്ക് ചെന്നു. ഭാഗ്യം. അവിടെയൊരു സിസ്‌റ്ററുണ്ട്.
“വാർഡ് സിസ്‌റ്ററോട് പറഞ്ഞില്ലേ? ഏതാ വാർഡ്?”
ഞാൻ വാർഡ് ചൂണ്ടിക്കാട്ടി. “സിസ്റ്റർ്, കുട്ടി വല്ലാതെ വിറക്കുന്നു.”
“ഓ, ‘ബി’ വാർഡാണല്ലേ. ഞാൻ വരാം. സിസ്‌റ്റർ എന്നോട് പറഞ്ഞിട്ടാ പോയത്.”
കട്ടിലിനുചുറ്റും കൂടിനിന്നവർ രോഗകാഠിന്യത്തേയും ഇതുപോലുളള സംഭവങ്ങളേയും കോർത്തിണക്കി കഥകൾ മെനഞ്ഞുകൊണ്ടിരുന്നു. സിസ്‌റ്ററെത്തിയപ്പോൾ അവരകന്നു നിന്നു. സൂര്യയും അനിയനും കരച്ചിൽ തന്നെ.
ഇഞ്ചക്ഷനെടുത്തു. ശ്വാസോച്ഛാസം സാവധാനം സാധാരണഗതിയിലായി. വിറയലും നിന്നു. ശുശ്രൂഷകർ അടുത്തുകൂടി. വീണ്ടും കഥകൾ കൊരുക്കാനുളള ശ്രമത്തിലാകാം.
“ദയവുചെയ്‌ത് അൽപ്പം അകന്നു നിൽക്കൂ. സംസാരമൊക്കെ പിന്നീടാകാം. കുട്ടിയെ ശല്യപ്പെടുത്തരുത്!” നഴ്‌സ് പറഞ്ഞത് പലർക്കും തീരെ ഇഷ്‌ടപ്പെട്ടില്ലെന്ന് വ്യക്തം.
പുറത്തിറങ്ങാൻ ഭാവിച്ചപ്പോഴേക്കും സൂര്യയുടെ അമ്മ. കൂടിപ്പിരിയുന്നവരെ കണ്ടതേ എന്തോ പന്തികേടുണ്ടെന്ന തോന്നൽ. കണ്ണുനീർ. മകനരികിലേക്ക് അവർ ഓടിയെത്തി.
“ഇപ്പൊഴൊന്നൂല്യാമ്മേ!” സൂര്യയുടെ വാക്കുകൾ.
കണ്ണുകൾ മേലോട്ടാക്കി അവർ കൈകൂപ്പി. കൊണ്ടുവന്നിരുന്ന ഇലപ്പൊതിയഴിച്ചു. ഇത്തിരി ചന്ദനമെടുത്ത് കുഞ്ഞിനെ തൊടുവിച്ചു. തുളസിയിലകൊണ്ട് കുഞ്ഞിന്റെ ശരീരത്തിലുഴിഞ്ഞു. വീണ്ടും കൈകൾ കൂപ്പി പ്രാർത്ഥിച്ചു. മരണത്തെ ജയിക്കാനൊരു ‘മൃത്യുഞ്ഞ്‌ജയഹവനം’ നടത്തിയെത്തിയതാണവർ. മരണഭീതി പിന്തുടരുന്ന നിമിഷങ്ങളിൽ ആശ്വാസത്തിന്റെ പച്ചത്തുരുത്ത് തേടിയതാകണം. യാത്ര പറയാതെ തന്നെ ഞാനിറങ്ങി.
സുഹൃത്തിനെ കണ്ട് പോരുമ്പോഴും മനസ്സിൽ അന്ന് സൂര്യയും അനിയനുമായിരുന്നു.
ദിവസങ്ങൾ എത്രയോ കടന്നുപോയി!
തിരക്കേറിയ റോഡ്. മറുവശത്തുകൂടി നടന്നുവരുന്ന സൂര്യയെ കണ്ടു. കൈയ്യിലൊരു ചോറുപാത്രം. വാടിയ മുഖം.
“എവിടേയ്‌ക്കാ സൂര്യേ?” റോഡിനിപ്പുറത്തുനിന്നുകൊണ്ട് വിളിച്ചു ചോദിച്ചു.
“ആസ്‌പത്രീലേക്ക്.”
“ഇതേവരെ കൊണ്ടുപോയില്ലേ അനിയനെ? പനി മാറീല്ലേ?”
“അവൻ പോയി മാഷേ! മാഷ് കണ്ടതിന്റെ പിറ്റേന്ന്! ഇത് അച്‌ഛനാ!” ഗദ്‌ഗദം അവളുടെ വാക്കുകളെ തടഞ്ഞു.
നിമിഷങ്ങൾ തരിച്ചു നിന്നു. പനിപിടിച്ച് വിറച്ചുകിടക്കുന്ന ഒരു കുട്ടിയുടെയും പൂജാപുഷ്‌പങ്ങൾ കൊണ്ട് മകനെയുഴിയുന്ന അമ്മയുടെയും ചിത്രങ്ങൾ മനസ്സിലുടക്കി നിന്നു.
റോഡിലൂടെ കടന്നുപോയ ഫാസ്‌റ്റ് പാസഞ്ചറിന്റെ ഇരമ്പം. സമനില വീണ്ടെടുത്തു.
“എന്റെ കുട്ടീ……” എന്തൊക്കെയോ പറയണമെന്നുണ്ട്. നാവുയരുന്നില്ല.
കണ്ണുനീർ തുടച്ചുകൊണ്ട് നടന്നകലുന്ന സൂര്യയെ നോക്കി എത്രസമയമാണ് നിന്നത്! ഓർമ്മയില്ല!
Generated from archived content: story_sooryedaniyan.html Author: muralidharan_anapuzha