മാല

രണ്ട് ദിവസമായി ഞങ്ങളെല്ലാവരും തറവാട്ടിലാ ജലജ എളേമ്മക്കു പാടില്ല ശര്‍ദ്ദീം തലവേദനേം.

സ്കൂളിനു മൂന്നു ദിവസം ഒഴിവ് . അമ്മ അടുക്കളേല്‍ നല്ല പണീലാണ്. ഞാനും കിങ്ങിണീം നേരം വെളുത്തെണീറ്റപ്പോള്‍ തുടങ്ങീതാണ് കളി. ഇന്നലെ മാമന്‍ വന്നപ്പോള്‍ ചേച്ചി കൂടെപ്പോയി.

കളിക്കിടയില്‍ പല്ലു തേപ്പും ചായകുടീം ഞങ്ങള്‍ നടത്തിയിരുന്നു.

അമ്മ കുളികഴിഞ്ഞെത്തിയപ്പോള്‍ നേരം ഉച്ചയായി. മേശ തുറന്ന് മാലയെടുക്കാന്‍ നോക്കി . അത് മേശമേലില്ല . മേശപ്പുറത്തും മുറിയിലുമൊക്കെ എല്ലാരും നോക്കി അച്ഛമ്മ കുളിമുറിയില്‍ നോക്കി.

” ഇന്നലെ ഞാന്‍ മാല മുറീല്‍‍ ഊരിവെച്ചതാണമ്മേ എനിക്ക് നല്ല ഓര്‍മേണ്ട്”അമ്മ പറഞ്ഞു .

” ആരും പുറമെ നിന്ന് ഇവിടെ വന്നില്ലല്ലോ” അച്ചമ്മ . അമ്മ കരയുന്ന മട്ടായി എല്ലാരും കൂടി മുറീലും മുറ്റത്തും പറമ്പിലും നോട്ടം തുടങ്ങി.

അച്ചച്ചന്‍ വന്നപ്പോള്‍ പെണങ്ങിക്കൊണ്ടു പറഞ്ഞു .

” മാലയിട്ടു നടക്കുന്നവര്‍ക്ക് അതെവിടെ ഊരിവെക്കണമെന്ന വിവരം വേണം ”

പിന്നെ ഞങ്ങളോടായി ” നിങ്ങളെങ്ങാനുമെടുത്തോടി?”

വലിയ ദേഷ്യത്തിലാണ് ചോദിച്ചത് ഞങ്ങളൊന്നും മിണ്ടിയില്ല.

രാജെളെച്ചന്‍ ഞങ്ങളെ വിളിച്ചു നിര്‍ത്തി വടിയെടുത്തായി ചോദ്യം . കിങ്ങിണി കരച്ചിലായി ഞാനും കരയുമെന്ന മട്ടായി.

” കുട്ട്യോളെന്തിനെടുക്കുന്നു? നീ അവരെ പേടിപ്പിക്കണ്ട” അച്ചമ്മ വന്നില്ലെങ്കില്‍ തല്ലുകൊണ്ടേനെ.

” മക്കളിങ്ങുവാ . നമുക്കു പുറത്തു പോയി ഒന്നൂടെ നോക്കാം” ഞങ്ങളെയും കൊണ്ട് അച്ചമ്മ പുറത്തിറങ്ങി.

” മാല നിങ്ങളെടുക്കില്ലെന്നു അച്ചമ്മക്കറിയാം . നിങ്ങളെവിടേങ്കിലും മാല കണ്ടോ? അച്ചമ്മയോട് പറയ്”

” കണ്ടോന്നോ? വല്യമ്മച്ചീടെ മാലേല്ലേ ? അതൊരു കവറിനുള്ളി കണ്ടു ” കിങ്ങിണിയാണതു പറഞ്ഞത്.

” കവറിലോ! കുഞ്ഞുമോളേ എവിടെയാണീ കവറ്?”

” കട്ടിലിനടീല്‍”

” എന്റീശ്വരാ! അതൊക്കെ അടിച്ചുവാരി പുഴേക്കളഞ്ഞോ, ആവോ ?” അച്ചമ്മ വേഗം മുറിക്കകത്തേക്കോടി .കട്ടിലിനടിയില്‍ കിടന്നിരുന്ന കവറുകള്‍ എടുത്തു നോക്കി. അപ്പോഴേക്കും എല്ലാവരും ആ മുറിയിലെത്തി. കൂടിക്കിടന്ന കവറുകളോരോന്ന് തുറന്നു നോക്കാന്‍ തുടങ്ങി.

ഒരു സോപ്പ് കൂടിനുള്ളീന്ന് അച്ചമ്മയ്ക്കു മാല കിട്ടി.

” ഹോ!! ആശ്വാസമായി ” അച്ചച്ചന്‍.

അമ്മയുടെ മുഖത്ത് ചിരിയും കണ്ണീരും.

” ഇത്രേംനേരം മക്കളെന്തേ പറഞ്ഞില്ല ”? അച്ചച്ചമ്മ കിങ്ങിണിയോടു ചോദിച്ചു.

” മാലയെടുത്തോന്നു ചോദിച്ചു ഞാന്‍ മാലയെടുത്തിട്ടില്ലല്ലോ”

” കവറിനുള്ളിലിട്ടതാരാ?”

” അത് ഞാനാണ്”

” ആരാ മോള്‍ക്കിതു തന്നത്?”

” ചിന്നു ” എല്ലാവരുടേയും നോട്ടം എന്റെ നേരെ .

” ഹമ്പടി ! ഈ വായാടി മിണ്ടാതിരുന്നപ്പോള്‍ നേരത്തെ എനിക്കു സംശയം തോന്നീരുന്നു ” എളേച്ചന്‍.

കിട്ടുന്നതൊക്കെ കൂട്ടിവയ്ക്കും കിങ്ങിണി. മേശപ്പുറത്തുന്ന് കടലാസും കവറുമൊക്കെ എടുത്തുകൊടുത്തത് ഞാന. അതില്‍ മാലേണ്ടാര്‍ന്നെന്ന് ഞാനറിഞ്ഞോ മാലയെടുത്ത് കൊടുത്തതായിട്ടോര്‍മ്മേം വരണില്ല.

” സാരമില്ല അറിഞ്ഞോണ്ടായിരിക്കില്ല കുട്യോള് ചെയ്തത്” അച്ചമ്മ അങ്ങനെ പറഞ്ഞ കാരണം തല്ല് കിട്ടിയില്ല.

Generated from archived content: chinnu7.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English