വയ്ക്കോല്‍ കൂനയില്‍

ഒരൊഴിവു ദിവസം . വലിയൊരു വള്ളം കടവിലടുത്തു കുറെ വയ്ക്കോല്‍ പുഴവക്കിലിറക്കി . അച്ചച്ചന്‍ പണം കൊടുത്തു. വള്ളക്കാര്‍ പോയി.

” വയ്ക്കോല്‍ കൂന ഇവിടെയാക്കാം” അച്ചച്ചന്‍ തൊഴുത്തിനടുത്ത് ചൂണ്ടിക്കാട്ടി അഞ്ചാറ് കെട്ട് അച്ചച്ചന്‍ തന്നെ എടുത്തോണ്ടു പോയി കൂട്ടിയിടാന്‍ തുടങ്ങി അച്ചമ്മ വന്ന് മൂന്നാല് കെട്ടെടുത്തു. ചെറിയ കെട്ടാണ്. ഞാനും ചേച്ചീം കിങ്ങിണീം ഓരോന്നെടുത്തു.

ഇത്തിരി കഴിഞ്ഞപ്പോള്‍ ആരാണ് വേഗം കൊണ്ടോയി ഇടുകയെന്നായി ചേച്ചി. പിന്നെ ചെറിയൊരു ഓട്ടമത്സരം തന്നെ.

” കുട്യോളു കൂടി സഹായിച്ചതോണ്ടു പണി വേഗം തീര്‍ന്നു”അച്ചച്ചന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു .

” നിങ്ങളൊക്കെ വേഗം പോയി കുളിക്ക് ചിലപ്പോള്‍ ചൊറിഞ്ഞെന്നു വരും വയ്ക്കോലെടുത്തതല്ലേ!” ഞങ്ങള്‍ പോയിട്ട് കെട്ട് ഓരോന്നായി എടുത്തു കൊടുക്കുന്നതിനിടയില്‍ അച്ചമ്മ വിളിച്ചു പറഞ്ഞു .

അമ്മ ഞങ്ങളെ കുളിപ്പിച്ചു.

സൈക്കിളിന്റെ നിര്‍ത്താത്ത ബെല്ലടി ” ഹായ് ഐസ്ക്രീം !” ഞങ്ങള്‍ വിളീച്ചു പറഞ്ഞു. പണി കഴിഞ്ഞിറങ്ങിയ ഞങ്ങള്‍ക്ക് ഓരോ ഐസ്ക്രീം അച്ചച്ചന്‍ വാങ്ങിത്തന്നു . അച്ചച്ചനും തിന്നു ഒന്ന് നല്ല രസം.

” അച്ചമ്മക്കും വാങ്ങിക്കൊടുക്ക് അച്ചച്ചാ” നിമിഷച്ചേച്ചി.

” എനിക്കെങ്ങും വേണ്ടപ്പാ വല്യ തണുപ്പായിരിക്കും ”

ഇതെന്തച്ചമ്മ വേണ്ടെങ്കി എനിക്കു വാങ്ങിത്തന്നാപ്പോരേ ഞാന്‍ അച്ചമ്മയുടെ നേരെ നോക്കി കിങ്ങിണിയുടെയും രേവതിയുടെയും നോട്ടവും അങ്ങോട്ടു തന്നെ. അവരുടെ വിചാരവും അതു തന്നെയായിരിക്കണം.

ഐസ്ക്രീം നുണയുന്നതിനിടയില്‍ വയ്ക്കോല്‍ കൂട്ടിയിരിക്കുന്നതൊന്നു നോക്കി. നല്ല ശേല് അകന്നു നിന്ന് നോക്കുമ്പോ വലിയൊരു മഞ്ഞപ്പൂക്കാവടി പോലുണ്ട് അതിന്റെ മോളിലൊന്നു കേറണം പിന്നെയാകട്ടെ.

വൈകീട്ട് ഞാനും കിങ്ങിണീം കളിക്കായിരുന്നു ” നമ്മക്ക് വൈക്കോലില്‍ കേറിയാലോ?” ഞാന്‍ ചോദിച്ചു.

കിങ്ങിണി റെഡി ഞാനാദ്യം പിടിച്ചു കേറി അത്ര എളുപ്പമല്ല പിടിക്കുനിടത്തു നിന്ന് വയ്ക്കോല്‍ ഊര്‍ന്നു പോരുന്നു എന്നാലും നല്ല രസോള്ള കാര്യം തന്നെ.

ഞാന്‍ മോളിലെത്തി കിങ്ങിണീ പകുതിയേ കേറീട്ടൊള്ളു ഞാന്‍ ചുറ്റും നോക്കി. അച്ചച്ചന്‍ അകലേന്നു വരുന്നുണ്ടായിരുന്നു . എന്റെ തല മോളില്‍ കണ്ടതേ , താഴെയിറങ്ങാന്‍‍ കൈകൊണ്ടൂ കാണിച്ചു. മറ്റേ വശത്തൂടെ ഞാന്‍ ശറേന്ന് താഴെയിറങ്ങി. ഭാഗ്യം വീണീല്ല.

” അച്ചച്ചന്‍ വരണൊണ്ട് പിന്നെക്കേറാം വേഗമിറങ്ങിക്കോ ” ഞാന്‍ കിങ്ങിണിയോട് വിളിച്ചു പറഞ്ഞു.

” ങും ഞാന്‍ മോളിലെത്തട്ടെ ” അവള്‍ വാശിയിലായിരുന്നു.

ദേഷ്യപ്പെട്ടാണ് അച്ചച്ചന്‍ എത്തീത്. വന്നപാടെ കിങ്ങിണീനെ പൊക്കി താഴെയിറക്കി ” ഇനി കേറോ?വയ്ക്കോല്‍ മുഴുവന്‍ താഴെയാക്കി ഇനി എത്ര നേരം പണിയണം ഇതു ശരിയാക്കാന്‍ ” പറയുന്നതിനിടയില്‍ കിങ്ങിണിക്ക് ഒരടീം കൊടുത്തു.

” അപ്പോ ചിന്നു കേറീതോ?” എനിക്കു തല്ല് കിട്ടാത്തതിലാണ് അവള്‍ക്കു വിഷമം. പറഞ്ഞപ്പോഴിറങ്ങീട്ട് അച്ചച്ചനില്ലാത്തപ്പോ മാത്രം കേറിയാല്‍ പോരായിരുന്നോ?

Generated from archived content: chinnu6.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here