പച്ചിക്കേം കൂട്ടരും

” എന്റെ ദൈവമേ ! ഒരു തലമുറ മുഴുവന്‍ പെണ്ണായി പോവ്വോ?” അച്ചമ്മ അച്ചച്ചനോടു ചോദിച്ചതു ഞാന്‍ കേട്ടതാണു.

” തേരോടിച്ചില്ലേ സുഭദ്ര? നീയൊന്നു പേടിക്കാതിരി” അച്ചച്ചന്‍.

ആരാണു തേരോടിച്ചത് ? പെണ്ണുങ്ങള്‍ കാറോടിച്ചു പോണത് ഞാന്‍ കണ്ടിട്ടുണ്ട്.

കുട്യോളെല്ലാം പെണ്ണായിപ്പോയതു കൊണ്ട് പറഞ്ഞതാത്രെ അച്ചമ്മ. ഒള്ളതു പറയാലോ ഒരനിയന്‍ വേണ്ടോന്ന് ഞാനും വിചാരിക്കാറുണ്ട് ആരും കേള്‍ക്കാതെ അമ്മയോടൊരിക്കല്‍ പറയേം ചെയ്തതാ. അമ്മ പറയുവാ ഒരു വീട്ടില്‍ രണ്ടു മക്കളേ ആകാവൂ എന്ന് എന്നാലേ മക്കളൊക്കെ നന്നായി വളര്‍ത്താന്‍ പറ്റൂന്ന് പിന്നെന്തു ചെയ്യും?

അല്ല രാജനെളെച്ചനു കിങ്ങിണി മാത്രല്ലേയുള്ളു അവിടെ ഒരനിയനുണ്ടയാ മതീല്ലോ എളേച്ചനോടൊന്നു പറഞ്ഞു നോക്കണം.

ഞങ്ങടെ വീടിന്നടുത്താണു പുഴ അതിനരികില്‍ ഒരു ചീനവലേണ്ട്. വലിയ പലക ചേര്‍ത്തു വച്ച് കട്ടിലു പോലെ ഒന്നുണ്ടാക്കീട്ടുണ്ട് അച്ചച്ചന്‍ . അതില്‍ പോയിരുന്നാല്‍ നല്ല രസമാണു. കാറ്റു കൊള്ളാം , വഞ്ചികള്‍ പോണതു കാണാം, മീന്‍ പിടിക്കണതു കാണാം, മണ്ണൂ നിറച്ച വഞ്ചികള്‍ പോണതു കണ്ടാല്‍ മുങ്ങിപ്പോവ്വോന്ന് തോന്നും.

വൈകീട്ടു അച്ചച്ചന്‍റ്റെയും എളേച്ചന്റെയും കൊറെ കൂട്ടുകാരെത്തും. അച്ചച്ചന്റെയും കൂട്ടുകാരാണവര്‍, ഞങ്ങള്‍ടേം. ഇടയ്ക്കു കപ്പലണ്ടി മിട്ടായും വാങ്ങി വരും. അവരൊന്നിച്ചു പുഴക്കരേലിരുന്നു പാട്ടു പാടും തമാശ പറയും കഥപറയും വല വലിക്കും. അവരുടെ കൂട്ടത്തില്‍ ഫസലിക്കയുണ്ട് ഞങ്ങള്‍ ‘ പാച്ചിക്കാ’ ന്നു വിളിക്കും. ഇക്കാക്ക് ഓട്ടോറിക്ഷയുണ്ട് വല്ലപ്പോഴും ഞങ്ങളേം കേറ്റി ഓട്ടോയില്‍ പോവും. അടുത്തുള്ള സ്ഥലമൊക്കെ കറങ്ങും. സ്കൂള്‍, അമ്പലം, പള്ളീ, ചന്ത ,പോസ്റ്റാഫീസ്, ആശുപത്രി അങ്ങനെ പലതിന്റെം അടുത്തു കൂടിയായിരിക്കും പോക്ക് . ഞങ്ങള്‍ക്കെത്ര സന്തോഷമാണെന്നോ അതൊക്കെ!

പിന്നൊരാള്‍ അജേട്ടനാണു വാര്‍ക്കപ്പണിയാ. ജോസേട്ടനു കല്പ്പണി. ആന്റപ്പേട്ടനു മരപ്പണിയാണു. കണെക്കെഴുത്താണു അനന്തേട്ടനു. അങ്ങനെ പലരുണ്ട് എല്ലാവരും കൂടി കൂട്ടിയാല്‍ പുഴവക്കത്തൊരുത്സവമാണു.

വലിയൊരാപ്പുവിളി കേട്ടാണു ഞങ്ങള്‍ ആ രാത്രീലു പുഴക്കരികേലേക്ക് ഓടിയത്. ചെന്നു നോക്കിയപ്പോഴോ വലിയ ‘ഏഞ്ചല്‍ മീന്‍’ കിട്ടീരിക്കണു. ഇത്തരം ചെറുത് അക്വേറിയത്തീ കണ്ടിട്ടുണ്ട്.

‘ ഇത്രേം വലുതിനു വലിയ വില കിട്ടും’ അനന്തേട്ടന്‍ കണക്കു കൂട്ടിക്കഴിഞ്ഞു. ‘ ചാകാതെ സൂക്ഷിക്കണം. നേരം വെളുക്കും വരെ എങ്ങനെ സൂക്ഷിക്കും?” അച്ചച്ചന്‍ അതാണു ചോദിച്ചത്.

‘ വലിയ ടാങ്കിലിടണം. അതിനു ടാങ്കില്ലല്ലോ!” ആന്റപ്പേട്ടന്‍.

‘ കിണറ്റിലിടാം’ മീന്‍ പാത്രത്തിനു ചുറ്റും നിന്നിരുന്നവരുടെ കൂട്ടത്തില്‍ നിന്ന് ചേച്ചി വിളിച്ചു പറഞ്ഞു .

‘അതുപറ്റില്ല മീന്‍ കഴിഞ്ഞു കൂടിയ വെള്ളം വേണം’

‘ പൊഴയിലിട്ടാ മതി ‘ ഞാനൊന്നു പറഞ്ഞു പോയി ‘

‘ പിന്നെ മീനെ എവിടെത്തപ്പും ?’ എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു.

അച്ചച്ചന്‍ വലിയ വട്ടച്ചെമ്പ് കൊണ്ടുവന്നു. എല്ലാരും കൂടി അതില്‍ പുഴ വെള്ളം കോരി നിറച്ചു. മീന്‍ ചെമ്പിലെ വെള്ളത്തിലായി. പാവങ്ങള്‍ നേരെ നിന്നു തൊഴയാനാകാതെ അവ ചരിഞ്ഞ് പരക്കം പായുന്നു. എന്നിട്ടും എന്തൊരു ശേലാണു ഏഞ്ചല്‍ മീനിനു.

ഉറക്കം വരുന്നതുവരെ അവയുടെ നീന്തലും കളിയും കണ്ട് അങ്ങനെ ഇരുന്നു എപ്പോഴാണുറങ്ങീത്? ആവോ?

കാലത്ത് കണ്ണുതിരുമ്മി എഴുന്നേറ്റപ്പോഴന്വേഷിച്ചത് മീനിന്റെ കാര്യം. അവ രണ്ടും ചത്തു പോയിരുന്നു. കഷ്ടായീട്ടോ പുഴേലിട്ടാല്‍ മതിയാര്‍ന്നു.

Generated from archived content: chinnu5.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here