കൂട്ടത്തില്‍ കളിക്കാന്‍ വല്ലപ്പോഴും ഒരാള്‍ കൂടിയുണ്ടാവും ആരാ? മിന്നു . ആരാ മിന്നൂന്ന് പറയാന്‍ പറ്റുമോ പറ്റില്ല ഷീജാന്റീടെ മോളാ മിന്നു.
അച്ഛന്റെ അനിയത്തിയാണ് ഷീജാന്റി. ആന്റിക്ക് ജോലീണ്ട്. ഒഴിവു ദിവസം മാത്രേ മിന്നൂം ഷീജാന്റീം വരു. കുറുമ്പെടുത്താല്‍ ഞങ്ങളെയൊക്കെ വരച്ച വരേല്‍ നിര്‍ത്തും. ഷീജാന്റി ജോലി കിട്ടണേനു മുമ്പ് ട്യൂഷന്‍ ടീച്ചറായിരുന്നു. എന്നാലേ ഒരാളോട് ഷീജാന്റി തോറ്റു പോകും ആരോടാ മിന്നൂനോട്!
ആന്റി ഇങ്ങോട്ടു വിളീച്ചാല്‍ മിന്നു അങ്ങോട്ടോടും. വടിയെങ്ങാനെടുത്താല്‍ ഇടതു കൈകൊണ്ട് കണ്ണുതുടച്ച് കരച്ചില്‍ തുടങ്ങും അപ്പോള്‍ ഞങ്ങള്‍ ചിരിക്കും.
” ഇപ്പോ കാണിച്ചു തരാമെടി നിന്റെയൊരു സൂത്രം !”
ഷീജാന്റി വടിയുമായി അടുത്ത് ചെല്ലും മിന്നു ആന്റിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും
” കുറുമ്പെടുത്തിട്ടല്ലേ?” ഇതും പറഞ്ഞ് മോളെ വാരിയെടുത്ത് ഒരുമ്മ ! ഹയ്യടാ! ഞങ്ങളാരുന്നേ കാണാര്‍ന്നു കടിച്ചു പിടിച്ചു പെണങ്ങുന്നതിനെടേല്‍ ഓരോന്ന് തന്നേനെ.
മിന്നു കരയുമ്പോഴാണ് കുഴപ്പം ചിരിച്ചാലൂണ്ട്.മോളിലെ രണ്ടു പല്ല് കേടാ. മിട്ടായി തിന്നിട്ടാത്രെ ഞങ്ങളും തിന്നാറുണ്ട് ഞങ്ങള്‍ക്ക് കുഴപ്പമില്ല. പല്ല് നല്ലോണം തേക്കാഞ്ഞിട്ടായിരിക്കും.
ഇവിടെ ഓരോരുത്തര്‍ ഓരോ തരത്തിലാണു പല്ലു തേക്കുന്നത്. അച്ഛച്ചന്‍ മാവില കൊണ്ട്, അച്ഛമ്മക്ക് ഉമിക്കരി, മറ്റെല്ലാര്‍ക്കും പേസ്റ്റോ പൊടിയോ. കുട്യോള്‍ക്ക് ചെറിയ ബ്രഷുണ്ട്. എനിക്ക് വെളുത്ത പേസ്റ്റാണിടം. ചില ദിവസം അച്ചമ്മ ഉമിക്കരികൊണ്ട് ഞങ്ങളുടെ പല്ലു തേപ്പിക്കും. വെളുത്തു കിട്ടാനാണത്രെ. ഞങ്ങള്‍ പേസ്റ്റോണ്ടു പിന്നേം തേക്കും.
രാവിലെ എണീക്കാന്‍ വൈകിയാലാണു പാട്. നല്ല വെശപ്പായിരിക്കും പല്ലു തേപ്പു കഴിയാതെ തിന്നാനൊന്നും തരൂല്ലല്ലോ ആരാണാവോ ഈ പല്ലു തേപ്പ് കണ്ടെത്തിയത്!
ഒരു തവണ മിന്നു വന്നപ്പോള്‍ തലയിലൊരു സ്വര്‍ണ്ണ പൂമ്പാറ്റ . അതിലിരുന്ന് ചിറകാട്ടി മിന്നുന്നു. ഞങ്ങളെ കാണിക്കാന്‍ ഷീജാന്റിക്കു മുമ്പേ മിന്നു ഓടി വന്നതാണ്. പൂമ്പാറ്റയെ ഞാനെടുത്തു കിങ്ങിണിയത് പിടിച്ചു വാങ്ങി. ചേച്ചിയത് തട്ടിപ്പറിച്ചോണ്ടു ഓടി.
കരച്ചിലായി മിന്നു. അവള്‍ക്ക് പൂമ്പാറ്റയെ ഞാന്‍ തന്നെ കൊടുക്കണോന്ന് ഞാനല്ലേ അവളുടെ കയ്യീന്നു ആദ്യം വാങ്ങീത്. ചേച്ചിയാണെങ്കി അതും തലേല്‍ വച്ച് പറപ്പിച്ച് നടക്കാണ്. ഞാനെന്തു ചെയ്യും
ഷീജാന്റിയെത്തി ” ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു എനിക്കറിയാമായിരുന്നു ” ബാഗ് തുറന്ന് മൂന്ന് പൂമ്പാറ്റകള്‍ കൂടി ഷീജാന്റി പുറത്തെടുത്തു.
എല്ലാവര്‍ക്കും കിട്ടി , പുതിയതോരോന്ന്. അപ്പോള്‍ ചേച്ചിക്കൊരു വിഷമം ‘ എനിക്കും പുതീത് വേണം മിന്നു തലേല്‍ വച്ചത് വേണ്ട ”
” തട്ടിപ്പറിച്ചോണ്ടോടീട്ടല്ലേ അതു തന്നെ മതി”
ഷീജാന്റി പറഞ്ഞു.
പിന്നെ ചേച്ചി മിണ്ടിയില്ല.
പൂമ്പാറ്റകള്‍ തലയില്‍ ചേര്‍ത്തു വച്ച് ഞങ്ങള്‍ ഓടിക്കളിച്ചു
‘ പൂമ്പാറ്റകള്‍ തന്നെ ‘ ഷീജാന്റി അകത്തേക്ക് കയറി.
Generated from archived content: chinnu4.html Author: muraleedharan_aanappuzha