ചില ദിവസം എന്റെ കൂട്ടിനു ഉണ്ണിമായേണ്ടാവും
ഓ ഉണ്ണിമായയെപ്പറ്റി പറഞ്ഞില്ല ജയാന്റീടെ മോളാ ഉണ്ണിമായ. ആന്റി വരുമ്പോഴാണ് ഉണ്ണിമായേം വരാ. വന്നാല്‍ കൊറച്ചു ദിവസം ഇവിടുണ്ടാവും ഒരു വയസാവണതേയുള്ളു.
എന്നെപ്പോലെയല്ല ഉണ്ണിമായ നല്ല പോലെ വെളുത്തിട്ടാ. ജയാന്റീമതേ. എങ്ങനെ കിട്ടീത്ര വെളുപ്പെന്നു ചോദിച്ചിട്ട് ജയാന്റി പറഞ്ഞത് ഒരു തരം സൊപ്പ് തേച്ചു കുളിച്ചിട്ടാണെന്നാ. അങ്ങനേണ്ടോ ഒരു സോപ്പ്. അമ്മയോട് പറഞ്ഞ് അത് വാങ്ങീട്ടൊന്നു കുളിക്കണം. അമ്മയ്ക്കും കൊടുക്കണം പിന്നെയാകട്ടെ.
ഉണ്ണിമായ എന്നെ കണ്ടാല്‍ മതി ചിരി തൊടങ്ങും. ഉണ്ണിമായേന്നു വിളിച്ച് ഞാനും ചിരിക്കും പിന്നെ ചിരിയൊടു ചിരിയാണ് നേരം പോണതറിയില്ല.
ഉറക്കത്തീന്നെണീറ്റാല്‍ ഉണ്ണിമായ കരയും. വെറും കരച്ചിലല്ല കരച്ചിലോടു കരച്ചില്‍ ഞാന്‍ പാട്ടു പാടി കൊടുക്കും.
‘’ വാ ..വാ… വോ.. വാവോ .. വാ…വാ… വോ ‘’
ചിലപ്പോഴുണ്ണിമായ എന്റെ പാട്ടുകേട്ടുറങ്ങും. എനിക്കെന്തു സന്തോഷമാവൂന്നോ. ഉണ്ണിമായേടമ്മ അപ്പുറത്ത് പണീലാവും ഞാന്‍ ഓടിച്ചെന്ന് വിവരം പറേം. ഞാന്‍ പാടീട്ട് ഉണ്ണിമായ ഉറങ്ങീലോ ഓട്ടത്തിനിടേല്‍ ഉണ്ണിമായ വീണ്ടും എണീറ്റ് കരഞ്ഞിട്ടുണ്ടാവും. പിന്നെ ആന്റി വന്നെടുത്ത് പാല്‍ കൊടുത്താലേ അവളുറങ്ങു.
ഒരു ദിവസം ഉണ്ണിമായ കട്ടിലില്‍ കിടന്നുറങ്ങുന്നു. ഞാന്‍ മാത്രമേ അടുത്തുള്ളു രണ്ടുവശത്തും തലയണ എടുത്തു വച്ചിട്ടുണ്ട്. പെട്ടന്ന് ഉണ്ണീമായ കണ്ണു തുറന്നു അങ്ങോട്ടുമിങ്ങോട്ടും നോക്കി ഒറ്റ കരച്ചില്‍. ഞാന്‍ പാടീട്ടും കരച്ചില്‍ നിര്‍ത്തണില്ല പതിവുള്ള പാട്ട് പോരായിരിക്കും. ടീവീല്‍ പാടണപോലെ മൈക്ക് പിടിച്ചു പാടിയാലോ? അങ്ങനെ പാട്ടുകേട്ട് ഞങ്ങളിരിക്കാറുണ്ടല്ലോ അതിനു മൈക്ക് വേണ്ടേ? ഉണ്ണിമായ എണീറ്റിരുന്നായി കരച്ചില്‍.
മൂലയിലിരുന്ന ഒരു കോലെടുത്തു ഞാന്‍ കോലിലൊരു പ്ലാസ്റ്റിക് ഗ്ലാസെടുത്തു കമഴ്ത്തി. അങ്ങനെ മൈക്കായി. ഞാന്‍ കൊറച്ചുറക്കെത്തന്നെ പാടി.
‘’ഉണ്ണീ വാവാ വോ പൊന്നുണ്ണി വാ വാ വോ ..’‘
ഉണ്ണിമായ എന്നിട്ടും കരച്ചില്‍ തന്നെ ഇനി എന്താ ചെയ്ക?
ഞാന്‍ മൈക്ക് താഴെയിട്ടു. ആന്റി കൊടുക്കണപോലെ ഇത്തിരി പാല്‍ കൊടുക്കാന്‍ നോക്കിയാലോ? മോള്‍ക്കിപ്പോ പാല്‍ തരാട്ടോ കരേണ്ടാ. ഞാന്‍ ഉണ്ണിമായയെ എടുത്ത്‍ മടീല്‍ വയ്ക്കാന്‍ നോക്കി എന്നിട്ടു വേണ്ടേ പാല്‍ കൊടുക്കാന്‍.
വാതിക്കല്‍ ഒരനക്കം ഞാന്‍ തിരിഞ്ഞു നോക്കി എല്ലാവരും വാതിലിനു പിന്നില്‍ നിന്ന് എന്നെ കളിയാക്കി ചിരിക്കുന്നു. ഞാനങ്ങു നാണിച്ചു പോയി.
Generated from archived content: chinnu3.html Author: muraleedharan_aanappuzha