കിങ്ങിണി

രാജെളെച്ചന്റെ മോളാണ് കിങ്ങിണി. വിഷ്ണുപ്രിയാന്നാത്രെ നെഴ്സറീലെ പേര്‍. ഒരാള്‍ടെ പേര്‍ ഇങ്ങനെ മാറുമോ? അങ്ങനേങ്കി എന്റെ പേരെന്താവും? ശിവപ്രിയാന്നോ! എനിക്കെന്റെ പേരു മതി , ചിന്നൂന്ന് എന്താ നല്ല പേരല്ലേ ?

നാല് വയസ്സ് കഴിഞ്ഞതേയുള്ളു കിങ്ങിണിക്ക്. വല്യ പത്രാസിലാണ് നെഴ്സറീ പോയി വരണത്. പുത്തനുടുപ്പും കൊടേം ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായി ഓട്ടോയില്‍ക്കേറിപ്പോണതു കാണുമ്പോ…എനിക്ക്… കൊതിയാകും. സാരല്യ നാലുവയസ്സൊന്നു കഴിഞ്ഞോട്ടെ പൂജവയ്പ്പോണത്തിനു ഞാനും പോയിത്തുടങ്ങൂലോ നഴ്സറീല്‍.

സ്കൂളീന്ന് കിങ്ങിണിയെത്തിക്കഴിഞ്ഞാല്‍ ഞങ്ങളൊരുമിച്ചാ കളി. ടീച്ചര്‍ പാടിയ പാട്ടൊക്കെ എന്നെ കേള്‍പ്പിക്കും. കഥേം പറഞ്ഞു തരും. ഞാനൊക്കെ മൂളിക്കേക്കും.

അതൊക്കെയൊന്ന് പഠിപ്പിച്ചു തരാന്‍ പറഞ്ഞാലുണ്ടല്ലോ പിന്നെ പറയേണ്ട. ടീച്ചറായി ഒരു നടത്തോം കസേരേക്കേറി ഒരിരുത്തോം ! എന്തിനുമേതിനും ‘’ കുട്ടിവിവിടെ വരൂ, കുട്ടി അവിടെ നില്‍ക്കു ‘’ ഞാനത്ര പൊട്ടിയൊന്നുമല്ല എനിക്ക് നല്ല പേരില്ലേ ചിന്നൂന്ന്? അത് വിളിച്ചാല്‍പ്പോരെ ടീച്ചറായാല്‍ കുട്ട്യോള്‍ടെ പേര് വിളിക്കാമ്പാടില്ലേ?

പിന്നേണ്ട് ടീച്ചറായാല്‍ പുസ്തകോം വടീല്‍ കയ്യിലെടുക്കും. ഇടക്കിടക്ക് വടികൊണ്ടോങ്ങും. എന്നെ അടിച്ചാലുണ്ടല്ലോ കൂട്ടുകൂടാന്‍ എന്നെ കിട്ടില്ല.

എന്താ ടീച്ചറായാല്‍ അടിക്കണോന്നുണ്ടോ?

ഒരു ദിവസം പഠിപ്പിക്കുമ്പോ പുറകോട്ടുനോക്കീന്നും പറഞ്ഞ് എന്നെയൊരടി. എനിക്ക് നന്നായി വേദനിച്ചൂട്ടോ ഞാന്‍ കരയാന്‍ തുടങ്ങി.

‘’ അയ്യേ ടീച്ചറന്മാര്‍ തല്ലിയാ കുട്ട്യോള്‍ കരയാന്‍ പാടില്ല. വേറെ കുട്ട്യോള്‍ കളിയാക്കും ‘’ കിങ്ങിണി പറഞ്ഞതാ. അങ്ങനേണ്ടോ? വേദനിച്ചാ കരായാമ്പാടില്ലേ?

ഒരു കണക്കിനു ഞാന്‍ കരച്ചില്‍ നിര്‍ത്തി.

ഇനി ഞാന്‍ ടീച്ചറായി പാട്ടു പഠിപ്പിക്കാന്ന് പറഞ്ഞു. കിങ്ങിണി പുസ്തകോം വടീം എനിക്കു തന്നു. അച്ചമ്മ പാടിത്തന്ന പാട്ട് ഞാന്‍ പാടി.

‘’ മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ’‘

കിങ്ങിണിയും പാടി. എന്നാല്‍ ‘മാനുസരെല്ലാരും’എന്നാണ് കിങ്ങിണി പാടിയത്. ‘ ഷ…ഷ.. മാനുഷ’ ഞാന്‍ പറഞ്ഞു കൊടുത്തു.

പശൂന് പുല്ലരിഞ്ഞുകൊണ്ട് കിങ്ങിണിയുടെ പിന്നിലായി അച്ചമ്മ നില്‍പ്പുണ്ടായിരുന്നു. അച്ചമ്മ ചിരിച്ചു.

കിങ്ങിണി തിരിഞ്ഞു നോക്കി ഞാന്‍ ടീച്ചറല്ലേ കുട്ടി തിരിഞ്ഞു നോക്കാന്‍ പാടുണ്ടോ. ഞാനൊരടി കൊടുത്തു. വലിയ വായിലേ നെലവിളിച്ചോണ്ട് കിങ്ങിണി അച്ചമ്മയെ കെട്ടിപ്പിടിച്ചു. ടീച്ചറന്മാര്‍ തല്ലിയാ നെലോളിക്കാന്‍ പാടില്ലെന്നു പറഞ്ഞയാളാ.

അച്ചമ്മ രണ്ടു പേരേയും അടുത്തു നിര്‍ത്തി. ഒടുവില്‍ ഞങ്ങളെ കളിയാക്കി ഇങ്ങനെ പാടി.

‘’ മാവേലി നാടു വാണീടും കാലം – കുഞ്ഞി- ടീച്ചറന്മാരെല്ലാരുമൊന്നു പോലെ ‘’

Generated from archived content: chinnu2.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here