അധ്യായം ഒന്ന്- ഞാന്‍

എന്നെ അറിയില്ലേ? ഞാന്‍ ചിന്നു

നാലുവയസ്സായിട്ടില്ലെനിക്ക് അതുകൊണ്ടാത്രെ എന്നെ സ്കൂളി ചേര്‍ക്കാത്തെ നെഴ്സറി പോകാന്ന് ഞാമ്പറഞ്ഞതാ. നാലു വയസായിട്ടു മതീന്നാ എല്ലാവരും പറേണത് . ഒടുവില്‍ ഞാനുമങ്ങ് സമ്മതിച്ചു.

ആരാ എല്ലാരും? അറിയണ്ടേ ഞങ്ങടെ വീട്ടില്‍ അച്ഛന്‍, അമ്മ, ചേച്ചി, തൊട്ടടുത്താണ് തറവാട്. അവിടെ അച്ചച്ചന്‍, അച്ചമ്മ, രാജെളേച്ചന്‍, ജലജെളെമ, കിങ്ങിണി അങ്ങനെ എല്ലാരുണ്ടെനിക്ക്.

അമ്മ ടീച്ചറാണെ. അകലെയാ അടുത്താര്‍ന്നെങ്കി കൂടെപ്പോകാര്‍ന്നു. അച്ഛന്‍ ആപ്പീസിലാ ജോലി. രണ്ടു പേരും നേരം വെളുക്കുമ്പോ പോകും ഇരുട്ടാവുമ്പോഴാ വര്വാ. അതുവരെ എന്നെ നോക്കുന്നത് അച്ചമ്മേണ്.

അച്ചമ്മക്ക് പല പണികളും ചെയ്യാനുണ്ടാകും. കഞ്ഞീം കറീം വയ്ക്കണം. തൊഴുത്ത് കഴുകണം. പശൂന് പുല്ലരിയണം അങ്ങനെ എപ്പോഴും ഞാന്‍ കൂടെ വേണം. എന്നാലേ ചെയ്യുന്ന പണി നന്നാവൂന്നാ അച്ചമ്മ പറേണത്. അതോണ്ട് ഞാനേപ്പോഴും കൂടെണ്ടാവും പണി നന്നാകേണ്ടേ?

ഇതിനെടേല്‍ അച്ചമ്മ കഥ പറഞ്ഞു തരും. എന്ത് രസമുള്ള കഥകളാണെന്നോ! പാട്ടും പാടിത്തരും . നല്ല പാട്ടുകള്‍. കൊറെ പാട്ടുകള്‍ പാടാന്‍ എനിക്കറിയാലോ. അമ്മേ കാണാന്‍ കാത്തിരിക്കും ഞാന്‍ കാത്തിരുന്ന് ഇരുട്ടാവുമ്പോഴേക്കും സങ്കടം വരൂട്ടോ അപ്പോഴായിരിക്കും ‘’ ചിന്നൂ’‘ ന്ന് ഒരു വിളി! ഞാനോടിച്ചെല്ലും അപ്പോഴെന്താ കാണുന്നേ! ചേച്ചി അമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണണ്ടാവും! എനിക്ക് കരച്ചില്‍ വരും.

ചേച്ചി എപ്പഴും അങ്ങെനയാ എന്തിനും മുമ്പ്. നാളെയാകട്ടെ ഞാനാ‍ദ്യം അമ്മടടുത്ത് ചെല്ലും എന്നും ഞാനോര്‍ക്കുമിങ്ങനെ.

ചേച്ചീടെ പേരെന്തെന്നറിയോ? നിമിഷ! നിമിഷം കൊണ്ട് സ്വഭാവം മാറൂന്നാ എല്ലാരും പറേന്നേ. അത് ശരിയാണ്ട്ടോ സ്കൂളിപ്പോയി വരുമ്പഴെന്തു പവറാ!

ങ്ഹേ! അമ്മയെന്നെ പൊക്കിയെടുത്തൂലോ ! ഹായ് സന്തോഷമായി. ചേച്ചിയെ എടുത്തില്ലല്ലോ ഞാന്‍ ചേച്ചിയെ നോക്കി ചിരിച്ചു. ച്ചേച്ചി നിന്നു കിണുങ്ങി.

അച്ചമ്മ ചേച്ചിയോടു പറഞ്ഞു ‘’ സാരമില്ല മോളേ , നിന്നെയല്ലേ അമ്മ ആദ്യമെടുത്തത്. ചിന്നു ഉണ്ടാകുന്നതിനു മുമ്പ്’‘ ചേച്ചിക്കതുമതി സന്തോഷമാകാന്‍.

‘’ എന്നെയല്ലേ അമ്മ ആദ്യമെടുത്തത് ! ഹേ… ഹേ !’‘ എന്റെ നേരെ നോക്കിച്ചിരിച്ച് ചേച്ചി അമ്മേടെ ചുറ്റും ഓടി.

അല്ല ഞാനുണ്ടാകേണനും മുമ്പ് ഈ ചേച്ചി എങ്ങനെ വന്നു ? ഞാന്‍ അനിയത്തിയായതുകൊണ്ടാണ് പിന്നീടുണ്ടായതത്രെ. ആദ്യം തന്നെ ഞാനുണ്ടായിരുന്നെങ്കി അമ്മയാദ്യം എന്നെയെടുത്തേനെ. എങ്കി കാണാര്‍ന്നു ചേച്ചിടൊരു തുള്ളല്‍.

എവിടെയും അനിയത്തിമാര്‍ ആദ്യം ഉണ്ടായിട്ടുണ്ടോ, ആവോ!

Generated from archived content: chinnu1.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here