കുളം കലക്കിയാല്‍

മുക്കണംകാട്ടില്‍ ചെമ്പല്ലന്‍ എന്നൊരു കാട്ടുപോത്തുണ്ടായിരുന്നു. കൂര്‍ത്തകൊമ്പുകളും കരിമ്പാറ ശരീരവുമുള്ള അവനെ എല്ലാവര്‍ക്കും പേടിയായിരുന്നു. അതുകൊണ്ടുതന്നെ അഹങ്കാരിയുമായിരുന്നു അവന്‍.

അങ്ങനെയിരിക്കെ കാട്ടില്‍ കൊടിയ വേനലെത്തി. പുഴകളും തോടുകളും വറ്റി. പിന്നീട് ആകെയുള്ളത് പാറയിടുക്കിലെ കൂറ്റന്‍ കുളമാണ്. അതില്‍ എപ്പോഴും തെളിനീരുണ്ടാകും. അതിനാല്‍ മൃഗങ്ങളെല്ലാം ഉറവക്കുളത്തിലേക്ക് പുറപ്പെട്ടു. അവിടെ ചെന്നപ്പോഴല്ലേ ചെമ്പല്ലന്‍ കുളത്തിലിറങ്ങിക്കിടന്ന് നീന്തിക്കുളിക്കുന്നു. അതുകണ്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായി. ‘’ഇതെന്തൊരു ദ്രോഹമാ ചെമ്പല്ലന്‍ ചേട്ടാ ഞങ്ങള്‍ക്കു കൂടി കുടിക്കാനുള്ള വെള്ളമല്ലേ അത്. കലക്കി മറിച്ചാല്‍ ഞങ്ങളെങ്ങനെയാ കുടിക്കുക….’‘ നീറന്‍ മുയല്‍ ചോദിച്ചു. അതുകേട്ടപ്പോള്‍ ചെമ്പല്ലന്‍ വെള്ളം ഒന്നു കൂടി കുത്തിക്കലക്കി. എന്നിട്ടു പറഞ്ഞു.

”ങ്ഹാ… ഇത് എന്റെ കുളമാ…എനിക്ക് സൗകര്യമുള്ളത് ഞാന്‍ ചെയ്യും. പോടാ നരുന്തുകളെ…’‘

പലരും ചെമ്പല്ലനെ ഉപദേശിച്ചു നോക്കി. നോ രക്ഷ…! ചെമ്പല്ലന്‍ കേട്ടമട്ടുപോലും ഭാവിക്കുന്നില്ല.

‘’ഇനി നമ്മള്‍ എന്തു ചെയ്യും…?’‘

‘’ സംശയിക്കണ്ട…നമ്മള്‍ വെള്ളം കുടിക്കാതെ മരിച്ചതു തന്നെ…’‘ മൃഗങ്ങള്‍ പരസ്പരം പറഞ്ഞു.

ചെമ്പന്‍ കുരങ്ങന്‍ അവരെ ആശ്വസിപ്പിച്ചു.

‘’വിഷമിക്കാതെ അവനെ കരക്കു കയറ്റുന്ന കാര്യം ഞാനേറ്റു.’‘ എന്നിട്ട് ചെമ്പല്ലനോട് വിളിച്ചു പറഞ്ഞു.

‘’ചേട്ടാ.. അതു കണ്ടോ… കുളക്കരയില്‍ നില്‍ക്കുന്ന കാട്ടുപ്ലാവില്‍ നിറയെ ചക്കകളാ… ചേട്ടന്‍ കരക്കു കയറിയാല്‍ അതില്‍ നിന്നും കുറെ ചക്കകള്‍ പറിച്ചു തരാം…’‘ അതുകേട്ട് ചെമ്പല്ലന്‍ തലയുയര്‍ത്തി നോക്കി. ശരിയാണ് പ്ലാവില്‍ നിറയെ ചക്കകളുണ്ട് കിട്ടിയാല്‍ നല്ലതു തന്നെ. ഒട്ടും ഗൗരവം വിടാതെ ചെമ്പല്ലന്‍ പറഞ്ഞു. ‘’ആദ്യം ഒരു ചക്ക പറിച്ച് താഴെയിട് .അതു തിന്നു നോക്കിയിട്ട് തീരുമാനിക്കാം കരയ്ക്കുകയറണോയെന്ന്…’‘ ചെമ്പന്‍ കാട്ടുപ്ലാവില്‍ ചാടിക്കയറി. എന്നിട്ട് അടുത്ത് കിടന്ന കൂറ്റന്‍ ഉറുമ്പിന്‍ കൂട് പറിച്ചെടുത്തു. ‘’ചേട്ടാ…വാ പൊളിച്ചോ ..ഇതാ വരുന്നു ചക്ക…’‘ പറഞ്ഞതും ഉറുമ്പിന്‍ കൂട് താഴേക്ക് വലിച്ചെറിഞ്ഞു. കൂട് ചെമ്പല്ലന്റെ വായില്‍ തന്നെ വീണു. ‘’യ്യോ..അമ്മോ…’‘ചെമ്പല്ലന്റെ വായിലും തലയിലും ആകെ ഉറുമ്പുകള്‍ . കുളത്തില്‍ നിന്നും അലറിക്കൊണ്ട് അവന്‍ കരക്കുകയറി. എന്നിട്ടോ…? ‘ചടപടാന്നൊരു ഓട്ടം…! മറ്റു മൃഗങ്ങള്‍ക്കെല്ലാം സന്തോഷമായി .അവര്‍ കുളത്തിലിറങ്ങി വയറു നിറയെ വെള്ളം കുടിച്ചു.

Generated from archived content: kattu1_oct24_11.html Author: manu_prathap

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here