കാട്ടിലെ വേട്ടക്കാരനാണ് ചിമ്പുക്കുറുക്കൻ. പതിവുപോലെ അവൻ അന്നും വേട്ടയ്‌ക്കിറങ്ങി. കുറച്ചുദൂരം ചെന്നപ്പോൾ ഒരു മുയലിനെ കിട്ടി. ആ മുയലിനെ ഒരു ചാക്കിലാക്കി ചെമ്പരത്തിപ്പുഴയുടെ പാലം കടക്കുകയായിരുന്നു ചിമ്പു. “രക്ഷിക്കണേ…. എന്നെ രക്ഷിക്കണേ.” മുയൽ ഉറക്കെ കരയുന്നുണ്ട്. മുയലിന്റെ കരച്ചിൽ പുഴക്കരയിലെ അത്തിമരത്തിലിരുന്ന കൊമ്പൻ കുരങ്ങനും കേട്ടു. “ഹോ…. ആ ദുഷ്‌ടൻ കുറുക്കൻ ഇന്നും മുയലുകളെ പിടിക്കാനിറങ്ങീട്ടുണ്ട്. എങ്ങനെയെങ്കിലും മുയലിനെ രക്ഷിക്കണം.” കൊമ്പൻ കുരങ്ങൻ തീരുമാനിച്ചു.
“ചിമ്പു കുറുക്കാ…. നീയിതെങ്ങോട്ടാ മുയലിനെയും കൊണ്ടു പോകുന്നത്…? കൊമ്പൻ വിളിച്ചു ചോദിച്ചു..
”ഹി ഹി….. അടുത്തദിവസം എന്റെ പൊന്നുമോൻ പാച്ചുക്കുറുക്കന്റെ പിറന്നാളാ…. അതിന് പൊരിക്കാനുള്ള മുയലാണിവൾ. ഇനീം കുറെയെണ്ണത്തിനെക്കൂടി പിടിക്കണം.“ പോകുന്ന പോക്കിൽ ചിമ്പു പറഞ്ഞു. ”ഇവനെ കുടുക്കാൻ ഒരു വഴീം കാണുന്നില്ലല്ലോ.‘ കൊമ്പൻ കുരങ്ങന് വിഷമമായി. ’കുറച്ചു സമയംകൂടി എന്തായാലും അവനീ കാട്ടിൽ കാണും. അപ്പോഴേക്കും എന്തെങ്കിലും വഴി കണ്ടെത്താം.‘ കൊമ്പൻ അടുത്ത മരക്കൊമ്പിലേക്കു ചാടി. അപ്പോഴാണ് കൊമ്പന് ഒരു സൂത്രം തോന്നിയത്.
അവൻ കൊമ്പുകളിലൂടെ ചാടിച്ചാടി ചിമ്പുക്കുറുക്കന്റെ അടുത്തെത്തി.
“ചിമ്പു…. എടാ ചിമ്പു…. ദാ, അവിടെയൊരു മാളത്തിൽ മൂന്നു മുയലുകൾ. വേഗം ചെന്നാൽ അവരെ പിടികൂടാം…”
മുയലുകൾ എന്നു കേട്ടതും ചിമ്പു മാളത്തിനരികിലേക്കു കുതിച്ചു. സാമാന്യം വലിയ മാളമാണ്. അതിനാൽ അവനും അതിനകത്തു കടക്കാനായി. മുയലുകളെ പൊരിച്ചു തിന്നുന്നത് സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു ചിമ്പു മാളത്തിനകത്തു കടന്നത്. അതിനുള്ളിൽ കനത്ത ഇരുട്ടാണ്. അതിനാൽ ഒന്നും വ്യക്തമല്ല. ഒരു കൈയിൽ ചാക്കും പിടിച്ച് അവൻ മാളത്തിന്റെ മുക്കും മൂലയും തപ്പാൻ തുടങ്ങി. പെട്ടെന്നാണ് ചിമ്പുവിന്റെ മൂക്കിൽ എന്തോ തറച്ചത്. “യ്യോ…. അമ്പോ….” അടുത്തനിമിഷം അവന്റെ ശരീരമാകെ അമ്പുകൾപോലെ എന്തോ തറച്ചുകയറി. ചിമ്പു ചാക്ക് വലിച്ചെറിഞ്ഞ് മാളത്തിനു പുറത്തേക്കോടി. അപ്പോൾ ശരീരത്തിലാകെ കൂർത്ത മുള്ളുകൾ തറച്ച രൂപത്തിലായിരുന്നു അവൻ.
അതുകണ്ട് പുറത്തുനിന്ന കൊമ്പന്റെ കൂട്ടുകാർ വിളിച്ചുകൂവി. “കിടിലൻ മുള്ളൻ പന്നീടെ മുള്ളുപറിക്കാൻ ആളെ വേണോ ചിമ്പുച്ചേട്ടാ.” അപ്പോഴാണ് താൻ കയറിയത് മുള്ളൻപന്നിയുടെ ഗുഹയിലായിരുന്നുവെന്ന് ചിമ്പുവിന് മനസ്സിലായത്.
“ഹും…. എടാ കൊമ്പൻ കുരങ്ങാ…. എന്നെങ്കിലും നിന്നെ എന്റെ കൈയിൽ കിട്ടും. അന്ന് ഞാനിതിന് പകരം ചോദിച്ചോളാം.” മുള്ളുകൾ തറച്ച ശരീരവുമായി ചിമ്പു വീട്ടിലേക്കോടി.
Generated from archived content: kattu1_oct21_10.html Author: manu_prathap