കടിപിടിക്കാട്ടിലെ രാജാവാണ് കടികണ്ടൻപുലി. അക്രമവും അനീതിയും എവിടെ കണ്ടാലും കടികണ്ടൻ ചാടിവീഴും. കടിച്ചൊതുക്കുകയും ചെയ്യും. അതിനാലാണ് കടികണ്ടൻപുലി എന്ന പേരുവീണത്. കടികണ്ടന്റെ മന്ത്രിയാണ് ജുമ്പൻ ചെന്നായ. പ്രധാനമന്ത്രിസ്ഥാനം ജുമ്പനു നൽകിയതിൽ പിണങ്ങിനടക്കുന്ന ഒരുത്തൻ കാട്ടിലുണ്ടായിരുന്നു. ഡംഭൻ കുറുക്കൻ! കടികണ്ടന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഡംഭൻ. പക്ഷേ അവനൊരു തരികിടയാണെന്ന് ആരെക്കാളും നന്നായി കടികണ്ടനറിയാം. അതുകൊണ്ടുതന്നെ കൊട്ടാരം കാര്യങ്ങളിൽ നിന്നും ഡംഭനെ അകറ്റിനിർത്തി. അന്നുമുതൽ കടികണ്ടനോടുള്ള ഒടുങ്ങാത്ത പകയുമായാണ് ഡംഭന്റെ നടപ്പ്. “തല്ലുകൊള്ളി”ത്തരങ്ങൾക്കെല്ലാം ഡംഭനെ സഹായിക്കുന്നവനാണ് വേലാണ്ടികുറുക്കൻ. രണ്ടുപേരും തമ്മിൽ കണ്ടാൽ ആദ്യം സംസാരിക്കുന്ന കാര്യവും അതുതന്നെ.
“വേലാണ്ടി…. ഇനിയും പിടിച്ചുനിൽക്കാൻ എനിക്കു കഴിയില്ല. കടികണ്ടനെ തകർത്തേ ഒക്കൂ…. അതിന് നീയൊരു വഴി പറഞ്ഞു താടാ….”
വേലാണ്ടി തലകുത്തിനിന്ന് ആലോചിച്ചു.
“ഹുറേ…… കിട്ടിപ്പോയ്…..”
ചാടിയെഴുന്നേറ്റ് അവൻ വിളിച്ചുകൂവി.
“എന്താടാ… കിട്ടീത്….? ഡംഭൻ തിരക്കി.
”അളിയാ സന്യാസി സൂത്രം…. സന്യാസി സൂത്രം….“ തന്റെ സൂത്രം വേലാണ്ടി വിവരിച്ചു. അതുകേട്ട് ഡംഭൻ കുളിരുകോരി.
”സംഭവം നടക്കുവോടേ……..“
”നടക്കുമോന്ന്… ലവന്റെ കൊട്ടാരത്തിലെ സമ്പത്തെല്ലാം നമ്മുടെ കൈയിലായാൽ ആരാ അടുത്ത രാജാവ്. ഈ ഡംഭനണ്ണൻ!“ അതു കേട്ടപ്പോൾ ഡംഭന് രണ്ടാം വട്ടവും കുളിരുകോരി.
പിറ്റേന്ന് നേരം പൊട്ടിവിടർന്നത് ആ വാർത്തയുമായാണ്. കാട്ടിൽ ദിവ്യന്മാരായ രണ്ട് സന്യാസിമാർ എത്തിയിരിക്കുന്നു. അത് മറ്റാരുമായിരുന്നില്ല. ഡംഭനും വേലാണ്ടിയുമായിരുന്നു. പക്ഷേ വേഷം മാറിയെത്തിയ വീരന്മാരെ ആരറിയാൻ…..! സന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനും കാടുമൊത്തമെത്തി. വിവരം കൊട്ടാരത്തിലും അറിഞ്ഞു. കൊട്ടാരത്തിൽനിന്നും കടികണ്ട രാജാവിന്റെ പ്രത്യേകദൂതൻ ഗിമ്മൻ കുരുങ്ങൻ സ്വാമിമാരെ കാണാനെത്തി.
”ഇന്ന് കൊട്ടാരത്തിലെ തിരുമേനിയേയും കുടുംബത്തെയും അനുഗ്രഹിക്കണം.“ ദൂതൻ പറഞ്ഞു. അതുകേട്ട് സ്വാമിമാർ പരസ്പരം നോക്കി കണ്ണിറുക്കി.
”പൊയ്ക്കോളൂ ദൂതാ…. നമ്മൾ ഇന്ന് അവിടെയെത്തുന്നതാണെന്ന് പൊന്നുതിരുമേനിയെ അറിയിച്ചോളൂ…..“ സ്വാമിമാർ അറിയിച്ചു.
അന്ന് കൊട്ടാരത്തിൽ സ്വാമിമാരെ വരവേൽക്കാൻ പ്രത്യേക സദ്യയും ഏർപ്പാടാക്കിയിരുന്നു. സദ്യ കഴിഞ്ഞ് എല്ലാവരെയും സ്വാമിമാർ അനുഗ്രഹിച്ചു. ഒപ്പം പ്രസാദവും നൽകി. അതു കഴിച്ചവർ ഒന്നൊന്നായി മയങ്ങി വീണു.
”ഹിഹി…. മയക്കുമരുന്നു പ്രസാദം ഏറ്റളിയാ. ഇനി വേഗം എല്ലാം വാരിക്കെട്ട്…..“ വേലാണ്ടി പറഞ്ഞു. പക്ഷേ ഡംഭൻ സമ്മതിച്ചില്ല. ”അതു വേണ്ട… അവർ വേഗം ഉണരും. അതിനു മുമ്പ് കടികണ്ടന്റെ മകളെയുംകൊണ്ട് സ്ഥലം വിടാം.“ ഡംഭനും വേലാണ്ടിയും രാജകുമാരിയേയും കൊണ്ട് സ്ഥലം വിട്ടു.
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഒരു തുണ്ട് കടലാസുമായി രാജ്ഞി അലറിക്കരഞ്ഞുകൊണ്ടെത്തി. ”തിരുമേനീ… നോക്ക്….. നമ്മുടെ പുന്നാരമോൾ….“ കടികണ്ടൻ കടലാസുതുണ്ട് വാങ്ങി വായിച്ചു.
”കടികണ്ടാ…. നിന്റെ മകൾ ഞങ്ങളുടെ കസ്റ്റഡിയിലാണ്. കൊട്ടാരത്തിലുള്ള സകല ആഭരണങ്ങളും പേടകത്തിലാക്കി നാളെ കൂന്താലിപ്പുഴയുടെ തീരത്ത് എത്തുക. സ്വാമിമാർ….“ കത്തു വായിച്ച് തിരുമേനി പുറകോട്ടു മറിഞ്ഞു. കടികണ്ടനെ മന്ത്രി ജുമ്പൻ സമാധാനിപ്പിച്ചു.
”വിഷമിക്കേണ്ട തിരുമേനീ…. നാളെ അങ്ങയുടെ പുത്രി സുരക്ഷിതയായി ഇവിടെ തിരിച്ചെത്തും.“ രാജാവ് വീണ്ടും തേങ്ങി.
”യ്യോ…. അപ്പോൾ എന്റെ പൊന്നും പണവും….“
”ഒന്നും അങ്ങേയ്ക്ക് നഷ്ടമാകില്ല. അങ്ങ് വിശ്രമിക്കൂ….“ രാജാവ് പള്ളിയറിയിൽ വിശ്രമിച്ചു. പിറ്റേന്ന് ഒരു കിടിലൻ പേടകം കൂന്താലിപ്പുഴയിലൂടെ ഒഴുകിനീങ്ങി. പുഴക്കരയിൽ കാത്ത് നില്ക്കയായിരുന്ന ഡംഭനും വേലാണ്ടിയും അതുകണ്ട് കോരിത്തരിച്ചു.
”കണ്ടോ…. കണ്ടോ…. കൊട്ടാരത്തിലെ പൊന്നും പണവുമെല്ലാം വരുന്നതു കണ്ടോ….“ ഉറക്കെ പറഞ്ഞുകൊണ്ട് ഡംഭൻ പെട്ടി കരയ്ക്കടുപ്പിച്ചു.
”വാടാ…. വന്നു തുറക്കെടാ…. എനിക്കു തനിയെ തുറക്കാൻ വയ്യാ….“ വേലാണ്ടിയും ഡംഭനും ചേർന്ന് സർവ്വശക്തിയും പ്രയോഗിച്ച് പേടകം തുറന്നു. പെട്ടെന്ന് അതിൽ നിന്നും രണ്ട് കടുവ മല്ലന്മാർ ചാടി വീണു.
”തകിം… തികും“ ഡംഭനെയും വേലാണ്ടിയേയും അവർ ഇടിച്ചുനിരപ്പാക്കി. എന്നിട്ട് അതേ പേടകത്തിൽ അടച്ച് കൂന്താലിപ്പുഴയിൽ ഒഴുക്കി. അപ്പോഴേയ്ക്കും കടികണ്ടനും പരിവാരങ്ങളും അവിടെ എത്തിയിരുന്നു. അവർ രാജകുമാരിയെ വാരിപ്പുണർന്നു. മകളെയും രാജ്യത്തെയും രക്ഷിച്ച ധീരനായ ജുമ്പൻ ചെന്നായ്ക്ക് ഒരാഴ്ച കോഴിസൂപ്പു നൽകുവാനും തിരുമേനി ഉത്തരവിട്ടു.
Generated from archived content: kattu1_may19_11.html Author: manu_prathap