കാട്ടിലെ കരുത്തൻ

പുല്ലാനി കാട്ടിലെ പ്രതാപിയാണ്‌ വീരൻസിംഹം. വീരൻ ഒന്നലറിയാൽ കാടു വിറയ്‌ക്കും. പിന്നെ ഒരുത്തനും പുറത്തിറങ്ങില്ല. അടുത്ത കാട്ടിലുള്ളവർക്കും ഈ വിവരം അറിയാം. അതിനാൽ ഒരുത്തനും പുല്ലാനിക്കാട്ടിലേക്കു തിരിഞ്ഞുനോക്കില്ല. ഇതൊന്നും അറിയാതെ ഒരിക്കൽ ചെങ്കീരൻ എന്നു പേരായ ഒരു കടുവ പുല്ലാനിക്കാട്ടിലെത്തി. ജഗജില്ലിയാണ്‌ ചെങ്കീരൻ. വന്നപാടെ ഒരു പാവം മാനിനെ അവൻ അടിച്ചിട്ടു. ഈ വിവരമറിഞ്ഞ വീരൻ സംഭവസ്‌ഥലത്ത്‌ കുതിച്ചെത്തി. ‘എന്തെങ്കിലും പറഞ്ഞ്‌ വീരനെ ആശ്വസിപ്പിക്കാം.’ എന്നു കരുതിയിരിക്കുകയായിരുന്നു ചെങ്കീരൻ. പക്ഷേ പെട്ടെന്നാണതുണ്ടായത്‌.

‘ഗർർർ… വീരൻ അലറി. കാടു നടുങ്ങി. ചെങ്കീരൻ പേടിച്ചു വിറച്ച്‌ പൂച്ചയെപ്പോലെ പതുങ്ങി. ഈ തക്കത്തിന്‌ മാൻ കുതറിയോടി. കാഴ്‌ചകണ്ട്‌ പുല്ലാനിക്കാട്ടിലെ മൃഗങ്ങളൊന്നാകെ പൊട്ടിച്ചിരിച്ചു. ചെങ്കീരനുണ്ടായ അപമാനം പറഞ്ഞറിയിക്കാനാകില്ല. ഒരുവിധത്തിൽ തട്ടിപ്പിണഞ്ഞെണീറ്റ്‌ അവൻ സ്‌ഥലം വിട്ടു. പോകുമ്പോൾ ഒരുകാര്യം മനസ്സിൽ ഉറപ്പിച്ചു. ’ഒരിക്കൽ…. ഒരു തവണ ഈ വീരനെ മുട്ടു കുത്തിക്കും.

അന്നുമുതൽ ചെങ്കീരന്റെ ജീവിതം അതിനുവേണ്ടി മാത്രമായി. വീരന്റെ ശക്തി അവന്റെ അലറലാണ്‌. അതുമാറ്റിയാൽ വീരന്റെ പാതി കരുത്തു നഷ്‌ടമാകും. ചെങ്കീരൻ ഉറപ്പിച്ചു. അവൻ നേരെ മരങ്ങോട്ടിക്കാവിലെ തേമൻകുരങ്ങന്റെയടുത്തേക്ക്‌ പുറപ്പെട്ടു. കേമൻ മന്ത്രവാദിയാണ്‌ തേമൻ! ചെങ്കീരൻ തേമനെ കണ്ടു.

“മരുന്നുണ്ട്‌ ചെങ്കീരാ…. ഉഗ്രൻ മരുന്ന്‌. പച്ചിലയിൽ ചേർത്ത്‌ അരച്ച്‌ കൊടുത്താൽ ‘കീ കീ’ ന്ന്‌ എലി കരയുമ്പോലെ കരയും അവൻ.” തേമൻ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

“പക്ഷേ… മന്ത്രവാദീ എങ്ങനെ ആ മരുന്ന്‌ വീരന്‌ നൽകും. ആർക്കാണ്‌ അവന്റെ മുന്നിൽ പോകാൻ ധൈര്യം!” ചെമ്പല്ലൻ ചോദിച്ചു.

“ഹഹഹ….. ആ കാര്യമോർത്ത്‌ ഭയക്കണ്ട. അവന്റെ പാചകക്കാരൻ കൊമ്പൻകരടി എന്റെ ചങ്ങാതിയാ…. മരുന്ന്‌ ഞാൻ അവന്റെ കൈയിൽ കൊടുത്തയച്ചോളാം. നീ നാളെ വീരനുമായി യുദ്ധം പ്രഖ്യാപിക്ക്‌”

ചെങ്കീരന്‌ സന്തോഷമായി. തേമൻ വാക്കു പറഞ്ഞാൽ നടക്കും. ഉറപ്പാണ്‌. അവൻ നേരെ പുല്ലാനിക്കാട്ടിലെത്തി. വീരനെ മല്ലയുദ്ധത്തിനു വിളിച്ചു. ചെങ്കീരനോട്‌ ഏറ്റുമുട്ടാൻ വീരനും തയ്യാറായി. വാർത്ത കാടുമുഴുവനും അറിഞ്ഞു. എല്ലാവരും ആ കാഴ്‌ച കാണാൻ കാത്തിരുന്നു.

ഇതിനിടെ തേമൻ കൊമ്പൻ കരടിയെ സ്വാധീനിച്ച്‌ മരുന്ന്‌ അവന്റെ കൈയിൽ കൊടുത്തു വിട്ടിരുന്നു. വീരന്‌ കൃത്യസമയത്ത്‌ മരുന്ന്‌ നൽകുകയും ചെയ്‌തു. അന്നുരാത്രി മകനോടു ദേഷ്യപ്പെട്ട വീരന്റെ ശബ്‌ദംകേട്ട്‌ ഭാര്യ ഞെട്ടി. ‘കീ…. കീ…’ ന്നുള്ള ശബ്‌ദമാണ്‌ പുറത്തുവരുന്നത്‌.

“കാട്ടുദൈവങ്ങളെ ചതിച്ചോ, നാളെ ചെങ്കീരനുമായി യുദ്ധം ചെയ്യാനുള്ള വീരനാ…. എങ്ങനെയും കണവനെ രക്ഷപ്പെടുത്തണം.‘ വീരൻ സിംഹത്താന്റെ ഭാര്യ കാട്ടിലേക്കു കുതിച്ചു. തട്ടിയും വീണും മൂങ്ങാ വൈദ്യരുടെ മുന്നിലെത്തി വിവരം ധരിപ്പിച്ചു.

”പേടിക്കേണ്ട രാജ്ഞീ…. ഇതാ ഈ മരുന്ന്‌ മുയലിറച്ചിൽ ചേർത്തു നൽകിയാൽ മതി. വീരന്റെ ഭാര്യ രാത്രിതന്നെ മുയലിറച്ചിയിൽ ചേർത്ത്‌ മരുന്ന്‌ നൽകി.

പിറ്റേന്ന്‌ പുല്ലാനിക്കാട്ടിലെ പാറപ്പുറം മൃഗങ്ങളെക്കൊണ്ടു നിറഞ്ഞു. ചെങ്കീരൻ വലിയ ഉത്സാഹത്തിലായിരുന്നു. തന്റെ നേർക്ക്‌ അലറിചാടിവീഴുന്ന വീരന്റെ ’കീകീ ‘ ശബ്‌ദം അവൻ മനസിൽ കണ്ടു. അതോർത്തപ്പഴേ ചെങ്കീരന്‌ ചിരിപൊട്ടി. അതാ വീരൻ വന്നു കഴിഞ്ഞു. “എടാ…. വീരാ… ഇന്നു നിന്നെ തറപറ്റിച്ച്‌ ഞാൻ പുല്ലാനിക്കാട്ടിലെ രാജാവാകും. വരിനെടാ യുദ്ധത്തിന്‌.” ചെങ്കീരൻ പോരു വിളിച്ചു. അതുകേട്ട്‌ വീരന്റെ ചോര തിളച്ചു.

“ഗർർർ..” അവൻ ഉറക്കെയലറി. അതുകേട്ട്‌ കാടു നടുങ്ങി. മൃഗങ്ങൾ കിടുങ്ങി. ചെങ്കീരന്റെ കാര്യം പറയാനുമില്ല. അവൻ നിലത്തൊട്ടികിടന്നു. അടുത്ത നിമിഷം വീരൻ ചെമ്പല്ലന്റെ വാലിൽ പിടിച്ച്‌ കറക്കിയെറിഞ്ഞു.

“ഹെന്റമ്മോ..” അവൻ കുറ്റിക്കാട്ടിൽ തലയടിച്ചു വീണു. അപ്പോൾ തേമൻ കുരങ്ങച്ചനോടു ഒടുങ്ങാത്ത കലിയായിരുന്നു ചെങ്കീരന്റെ മനസിൽ. അന്നുമുതൽ അവൻ തേമനെ അന്വേഷിച്ചു നടക്കുകയാണ്‌. കണ്ണിൽ കത്തുന്ന കനലുമായി ഇപ്പോഴും ചെങ്കീരൻ ഏതെങ്കിലും കാട്ടിലുണ്ടാകും തീർച്ച.

Generated from archived content: kattu1_mar8_11.html Author: manu_prathap

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English