മുയലാടുംകാട് എന്നൊരു കാടുണ്ട്. മുയലുകൾ മാത്രം താമസിക്കുന്ന സ്‌ഥലമാണത്. ആരും ആ ഭാഗത്തേയ്‌ക്ക് എത്തിനോക്കുകപോലുമില്ല. അങ്ങിനെയിരിക്കെയാണ് ആ കാട്ടിലേയ്‌ക്ക് ഒരു ഭീകരൻ കടന്നുവരുന്നത്. പാണ്ടൻ കടുവ! അവൻ സൂത്രത്തിൽ ഓരോ മുലയുകളെയായി തിന്നുതുടങ്ങി. “ഇവനെ കുടുക്കാൻ എന്താണൊരു മാർഗ്ഗം?” മുയലുകൾ കൂടിയാലോചനയായി. അപ്പോൾ കുപ്പൻ മുയൽ പറഞ്ഞു.
“കൂട്ടരേ….. എനിക്കൊരു ബുദ്ധി തോന്നുന്നു. ചിലപ്പോൾ നമ്മൾ രക്ഷപ്പെടും.” എല്ലാവരും കാതു കൂർപ്പിച്ച. പല ആപത്തുകളിൽ നിന്നും മുയലാടുംകാടിനെ രക്ഷിച്ചിട്ടുള്ളവനാണ് കുപ്പൻ.
“എന്താ കുപ്പാ…. എങ്ങനെയാ അത് നടക്കുക…..!”
എല്ലാവരും ചുറ്റും ചേർന്നു.
“ശ്ശ്…. അതിനു നമുക്ക് ചുക്രൻ മുതലയുടെ സഹായം കൂടിയേ തീരൂ….” തൊട്ടടുത്തുകിടന്നു മയങ്ങുകയായിരുന്നു ചുക്രം അതു കേട്ടു.
“നിങ്ങളെ സഹായിക്കാൻ ഞാനെപ്പഴേ റെഡി….” ചുക്രൻ പറഞ്ഞു. അങ്ങനെ കുപ്പൻ കൂട്ടുകാരോട് തന്റെ സൂത്രം പറഞ്ഞുകൊടുത്തു. എല്ലാവർക്കും സമ്മതമായി.
“എങ്കിൽ നമുക്ക് നാളെ രാവിലെ കാട്ടാറിന്റെ തീരത്തുവച്ചു കാണാം….” എല്ലാവരും പിരിഞ്ഞു.
പിറ്റേന്ന് നേരം പരപരാ വെളുത്തപ്പോൾ കാട്ടാറിന്റെ തീരത്തുനിന്നും ഒരു കൂട്ടക്കരച്ചിൽ. പാണ്ടനും കരച്ചിൽ കേട്ടു. അവൻ ഓടിയെത്തി.
“എന്താ…. എന്തുപറ്റി? എന്തിനാണ് നിങ്ങൾ കരയുന്നത്…? പാണ്ടൻ തിരക്കി.
”പൊന്നുചേട്ടാ…..ഞങ്ങളെ രക്ഷിക്കണം. ഇന്നലെ പൂരം കാണാനെന്നു പറഞ്ഞ് മൂന്നു മുയലിൻ കുഞ്ഞുങ്ങൾ പുഴയുടെ അക്കരെ പോയി. ഒരു ആമച്ചാരുടെ പുറത്താണ് അവർ അക്കരെയെത്തിയത്. പക്ഷേ ഇപ്പോ ഞങ്ങളുടെ കുഞ്ഞുങ്ങളെയും ആമച്ചാരെയും കാണാനില്ല. ചേട്ടൻ അക്കരെയെത്തി അവരെ കണ്ടെത്തിക്കൊണ്ടുവരണം….“ പാണ്ടൻ ആലോചിച്ചു.
”അക്കരെയെത്തിയാൽ മുയലിൻ കുഞ്ഞുങ്ങളെയും ആമയെയും തട്ടാം. മുയലുകളോട് അവരെ കണ്ടില്ലെന്നും പറയാം. പക്ഷേ എങ്ങനെ അക്കരെയെത്തും.“ ഇതായിരുന്നു പാണ്ടന്റെ ചിന്ത. അപ്പോൾ കുപ്പൻ പറഞ്ഞു.
”ചേട്ടാ…. അക്കരെ കടക്കാൻ ഞങ്ങളുടെ വാഹനമുണ്ട്. അതാ അതിൽ കയറി പോയാൽ മതി………“ അപ്പോഴാണ് പാണ്ടൻ കണ്ടത്…… വെള്ളത്തിൽ ഒരു വലിയ തടിക്കഷ്‌ണം. പാണ്ടന് സന്തോഷമായി. തുഴഞ്ഞുനീങ്ങാൻ ഒരു കമ്പും എടുത്ത് പാണ്ടൻ തടിക്കഷ്‌ണത്തിലേക്കു ചാടി. പെട്ടെന്ന് തടിക്കഷ്‌ണം ‘ശ്‌ർർ’ ന്ന് നീങ്ങാൻ തുടങ്ങി. ‘ങേ…. ഇതെന്തൊരു വിദ്യ. തുഴയാതെ നീങ്ങുന്ന തോണിയോ? അതു കൊള്ളാം….” സന്തോഷിച്ചിരിക്കെ പാണ്ടനെയും കൊണ്ട് തടിക്കഷ്‌ണം മുങ്ങി. “ബ്ലും ബ്ലും” പെട്ടെന്നു പൊങ്ങുകയും ചെയ്‌തു. അപ്പോഴാണ് താനൊരു മുതലപ്പുറത്താണിരിക്കുന്നതെന്ന് പാണ്ടനു മനസ്സിലായത്. ചുക്രൻ മുതലയായിരുന്നു അത്. “യ്യോ രക്ഷിക്കണേ….” അവൻ അലറിക്കൂവി…. അപ്പോൾ ചുക്രൻ ഒന്നുകൂടി മുങ്ങി. അതോടെ പാണ്ടൻ വെള്ളത്തിലായി. ചുക്രൻ പുഴയ്‌ക്ക് അക്കരെയ്‌ക്കും നീന്തി…..! പാവം പാണ്ടൻ! അവനെ പിന്നീടാരും കണ്ടിട്ടില്ല.
Generated from archived content: kattu1_july15_10.html Author: manu_prathap